ഉമ്മന്‍ചാണ്ടിയില്‍ നിന്നും എത്ര ദൂരം…….?

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയന്,

കേരളത്തിന്റെ 12-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത താങ്കള്‍ക്കും മന്ത്രിമാര്‍ക്കും ആശംസകള്‍.

അഞ്ച് വര്‍ഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളെ മറന്ന് കോര്‍പറേറ്റ് വികസനങ്ങള്‍ക്ക് പുറകേ പോയതും അഴിമതിയില്‍ മുങ്ങിക്കുളിച്ചതുമാണ് അവര്‍ക്ക് പരാജയവും നിങ്ങള്‍ക്ക് അവസരവുമായതെന്ന വസ്തുത താങ്കളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, അധികാരമേറ്റത് മുതല്‍ താങ്കളും സഹമന്ത്രിമാരും കേരളം പ്രതീക്ഷിച്ച പ്രസ്താവനകളല്ല നടത്തുന്നത് എന്നത് ഖേദകരമാണ്.

natrional-highway-partyകേരളത്തില്‍ 3.5 ലക്ഷം ഭൂരഹിത കുടുംബങ്ങളുണ്ട് എന്നത് സര്‍ക്കാറിന്റെ കണക്കാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നുവെന്ന് അ
വകാശപ്പെടുന്ന, ഭൂപരിഷ്കരണം നടപ്പാക്കിയെന്ന് മേനി നടിക്കുന്ന കേരളത്തില്‍ 3.5 കുടുംബങ്ങള്‍ തലചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയില്ല എന്നത് വസ്തതുതയാണ്. അധികാരത്തില്‍ കയറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവരെക്കുറിച്ച് ഒരു വാക്ക് അറിയാതെ പോലും താങ്കളോ സഹമന്ത്രിമാരോ ഉരുവിട്ടിട്ടില്ല.

അതേസമയം, ഇനിയും പതിനായിരങ്ങളെ വഴിയാധാരമാക്കുന്ന 45 മീറ്റര്‍ ചുങ്കപ്പാതയെക്കുറിച്ചും ഗെയില്‍ പൈപ്പ്‍ലൈനെക്കുറിച്ചും താങ്കള്‍ വാചാലനാവുന്നു. 30 മീറ്ററില്‍ ആറ് വരി പാത നിര്‍മ്മിക്കാമെന്നിരിക്കെയാണ് കോര്‍പറേറ്റ് ഭീമന്‍മാര്‍ക്ക് വേണ്ടി 45 മീറ്റര്‍ ഏറ്റെടുത്ത് 4 വരി മാത്രമുള്ള പാത നിര്‍മ്മിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നത്. 30 മീറ്ററില്‍ ദേശീയപാത നിര്‍മ്മിക്കാന്‍ ഗോവയില്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഇളവ് നല്‍കുന്നില്ലായെന്നത് തൊടുന്യായമാണ്. റോഡ് ടാക്സും സെസ്സും ഒക്കെ പിരിച്ചെടുത്തിട്ടും ബി.ഒ.ടി പ്രകാരം മാത്രമേ ദേശീയപാത നിര്‍മ്മിക്കാന്‍ കഴിയൂ എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇടതുപക്ഷ മുന്നണിയിലെ സി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള നവരാഷ്ട്രീയ-ജനകീയ സമര പ്രസ്ഥാനങ്ങളും ഭാഗമായ ഈ ജനകീയ സമരത്തെ കണ്ടില്ലെന്ന് നടിച്ച് കോര്‍പറേറ്റ് കുഴലൂത്തുകാരനാകാനാണ് താങ്കള്‍ ശ്രമിക്കുന്നത്.gail-party

ഗെയില്‍ പൈപ്പ്‍ലൈന്‍ സ്ഥാപിക്കാന്‍ പ്രതജ്ഞാബദ്ധമാണ് എന്ന് താങ്കള്‍ പ്രഖ്യാപിക്കുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് താങ്കള്‍ വിലപറയുന്നത്. നിയമപ്രകാരമുള്ള സുരക്ഷ ഉറപ്പാക്കാതെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും കൃഷിമേഖലയിലൂടെയും ഗെയില്‍ പൈപ്പ്‍ലൈന്‍ സ്ഥാപിക്കുമെന്ന കേന്ദ്രസര്‍ക്കാറിന്റെയും ഗെയില്‍ ഇന്ത്യാ ലിമിറ്റഡിന്റെയും ധിക്കാരമാണ് ജനകീയ ചെറുത്തുനില്‍പിനും പദ്ധതി വൈകുന്നതിനും കാരണം. ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാതെ ജനങ്ങളെ ഭീതിയിലാക്കുന്ന, കുടിയൊഴിപ്പിക്കുന്ന രീതിയിലേ പദ്ധതി നടപ്പാക്കൂ എന്ന് ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാറിന് തീരുമാനിക്കാനാവില്ല. അത് ജനങ്ങള്‍ സമ്മതിച്ചുതരികയുമില്ല.

വിഴിഞ്ഞത്തെക്കുറിച്ച് താങ്കള്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ? ആറായിരം കോടി രൂപയുടെ അഴിമതി നടന്ന പദ്ധതിയെന്നാണ് താങ്കള്‍ തന്നെ അതിനെക്കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ അധികാരം ലഭിച്ചപ്പോള്‍ വിഴിഞ്ഞം നടപ്പാക്കുമെന്ന് പറയുന്നത്, ആ അഴിമതിപ്പണത്തില്‍ ആരൊക്കെ പങ്കുപറ്റിയെന്ന് ജനങ്ങളില്‍ സംശയം ജനിപ്പിക്കുന്നതാണ്. വിഴിഞ്ഞം കേരളത്തിലെ ഇടതുപക്ഷത്തിന്റെ സിംഗൂരായി മാറും.

കോര്‍പറേറ്റ് വികസനത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഈ ജനവിധിയെന്ന സാമാന്യ ബോധം താങ്കള്‍ക്കുണ്ടാകണം. ജനോപകാരപ്രദമായ പദ്ധതികളും പൊതുസംവിധാനങ്ങളുടെ ശക്തിപ്പെടുത്തലും പാരമ്പര്യവ്യവസായ സംരംഭങ്ങളുടെ സംരക്ഷണവുമാണ് ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനുപകരം കോര്‍പറേറ്റ് വികസന മന്ത്രങ്ങളാണ് താങ്കളും ഉരുവിടുന്നതെങ്കില്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്നും ഒട്ടും അകലെയല്ല താങ്കള്‍ എന്ന് പറയേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *