ഇന്ത്യ ഇന്ന് പലതുകൊണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. ഒരു സ്വതന്ത്ര ജനാധിപത്യ സമൂഹം എന്ന നിലക്കുള്ള നമ്മുടെ അനുഭവങ്ങള്‍ മുഴുലോകത്തിനും മാതൃകയാണ്. നമ്മുടെ വിദ്യാര്‍ഥികളും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും അവരുടെ യോഗ്യതകള്‍കൊണ്ട് വികസിത രാജ്യങ്ങള്‍ക്ക് വരെ നേതൃത്വം നല്കുന്നു.
നമ്മുടെ സാമ്പത്തിക പുരോഗതി ലോകമാസകലം വിലമതിക്കപ്പെടുന്നു. ലോകത്തിലെ അതിസമ്പന്നര്‍ക്കും വ്യവസായ ഭീമന്മാര്ക്കുമിടയില് നമ്മുടെ പൗരന്മാരുടെ എണ്ണം അടിക്കടി വര്‍ധിച്ചുവരികയാണ്. ഈ അവസ്ഥാ വിശേഷം നമ്മുടെ പൗരന്മാരുടെ, വിശേഷിച്ച് യുവതലമുറയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വളരെയേറെ ഉയര്‍ത്തിയിരിക്കുന്നു. ലോക ഭൂപടത്തില്‍ ഇന്ത്യയെ ഏറ്റവും തിളക്കമുള്ള ഒരു രാജ്യമായി കാണുവാന്‍ അവരാഗ്രഹിക്കുന്നു. ഇന്ത്യ എല്ലാ അര്‍ഥത്തിലും ലോകത്തിന് മാതൃകയാവണമെന്നും നേതൃത്വം നല്‍കണമെന്നും അവര്‍ അഭിലാഷിക്കുന്നു.
നമ്മുടെ രാജ്യത്ത് നിലവിലുള്ള അവസരങ്ങളും സാധ്യതകളും കണക്കിലെടുത്താല്‍ ഈ പ്രതീക്ഷകളുടെ സാക്ഷാത്കാരം അപ്രാപ്യമല്ല. എന്നാല്‍ ഇന്ത്യക്ക് ചേര്‍ന്ന ഒരു രാഷ്ട്രീയ നേതൃത്വമല്ല അതിനു ലഭിച്ചിട്ടുള്ളത്. നമ്മുടെ അതിശീഘ്ര പുരോഗതിക്കുമുമ്പിലുള്ള ഏറ്റവും വലിയ തടസ്സം നമ്മുടെ രാഷ്ട്രീയ നേതൃത്വം തന്നെയാണ്. നവഭാരതത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ ഓരോ ഇന്ത്യക്കാരനും സമ്പൂര്‍ണ സ്വാതന്ത്യം ലഭിക്കേണ്ടതുണ്ട്.
ജാതി-സമുദായ-വര്‍ഗ-വംശ വിഭജനങ്ങള്‍ കൂടാതെ എല്ലാവര്ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാക്കണം. പൊതു ജനാഭിപ്രായങ്ങള്‍ മാനിക്കപ്പെടണം. എല്ലാവര്ക്കും നീതി ലഭിക്കുകയും എല്ലാവര്ക്കും പുരോഗതി കൈവരുകയും എല്ലാവരുടേയും ജീവിതം അഭിവൃദ്ധിപ്പെടുകയും വേണം. കഴിവുകള്‍ വിലമതിക്കപ്പെടുകയും ദുര്‍ബലര്‍ക്ക് പരിരക്ഷ ലഭിക്കുകയും വേണം. ഇവ്വിധമുള്ള ഒരു രാഷ്ട്രീയ സംസ്കാരം പുരോഗതിക്ക് അനുപേക്ഷണീയമത്രെ. നമ്മുടെ സ്വാതന്ത്യ പോരാങ്ങളുടെ ദര്‍ശനം ഈ പ്രതീക്ഷകളിലും സ്വപ്നങ്ങളിലുമാണ് അധിഷ്ഠിതമായിരുന്നത്.
ഇംഗ്ലീഷുകാരുടെ ആധിപത്യത്തില്‍നിന്ന് സ്വാതന്ത്യം നേടുന്നതിനു വേണ്ടി മാത്രമായിരുന്നില്ല നാം സ്വാതന്ത്ര്യപ്പോരാട്ടം നടത്തിയത്. അഥവാ, രാജ്യത്തെ വിഭവങ്ങള്‍ വെളുത്ത യജമാനന്മമാരില് നിന്നെടുത്ത് കറുത്ത യജമാനന്മാര്ക്ക് കൊടുക്കുകയായിരുന്നില്ല അതിന്റെ ലക്ഷ്യം. സ്വതന്ത്ര ഇന്ത്യയെക്കുറിച്ച ഒരു സ്വപ്നവും ഒരു ദര്‍ശനവും ആ പോരാട്ടങ്ങള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നു. ഭരിക്കുന്ന കരങ്ങള്‍ മാറുക എന്നത് മാത്രമല്ല ഭരിക്കുന്ന രീതി മാറുക എന്നത് കൂടിയായിരുന്നു അത്.
ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചിട്ട് ആറര പതിറ്റാണ്ട് കഴിഞ്ഞു. ഈ സുദീര്‍ഘ കാലയളവില്‍ ഇവിടെ ഒരു ജനാധിപത്യ ഭരണസംവിധാനം നിലനിന്നുപോന്നിട്ടുണ്ട്. ലജിസ്ലേറ്റീവും എക്സിക്യൂട്ടീവും ജുഡീഷ്യറിയും അതതിന്റെ സ്ഥാനങ്ങളില്‍ നിലനിന്നിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ വ്യവസ്ഥാപിതമായി നടക്കുകയും ഭരണകൂടങ്ങള്‍ ജനഹിതത്തിനൊത്ത് മാറുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയുമുള്ളപ്പോള് തന്നെ സ്വാതന്ത്ര്യപ്പോരാട്ടക്കാലത്തെ സ്വപ്നങ്ങളില്‍ പലതും പൊലിഞ്ഞു പോയിരിക്കുന്നു. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് അതിനുള്ള യഥാര്‍ഥ കാരണം.
ഭരണ സംവിധാനങ്ങളഖിലം നിഷ്ഫലവും നിസ്സഹായവുമാക്കിക്കൊണ്ട് ഒരു ഭീകരസത്വം കണക്കെ വളര്‍ന്നു കഴിഞ്ഞ അഴിമതി പ്രസ്തുത രാഷ്ട്രീയ സംസ്കാരത്തിന്റെ ഉല്പന്നമത്രെ. ഈ മഹാരോഗത്തിന്റെ സാന്നിധ്യത്തെ സകലരും അംഗീകരിക്കുന്നുണ്ട്. എന്നാല്‍, അതിന്റെ ചികിത്സയെക്കുറിച്ച് ആര്‍ക്കും ഒരു പിടിപാടുമില്ല. എല്ലാ തലങ്ങളിലുമുള്ള രാഷ്ട്രീയ സംവിധാനങ്ങളെ അത് ഗ്രസിച്ചു കഴിഞ്ഞിട്ടുണ്ട്. ബ്യൂറോക്രസിയെ അത് തളര്ത്തിക്കഴിഞ്ഞു. ഇപ്പോള്‍ മാധ്യമരംഗത്തേക്കും നീതിന്യായ സംവിധാനങ്ങളിലേക്കും അത് വ്യാപിച്ചിരിക്കുകയാണ്.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം മുതലാളിവര്‍ഗത്തിന്റെയും അവരുടെ താല്പര്യങ്ങളുടെയും ശിങ്കിടികളാണ്. അന്തര്‍ദേശീയതലത്തില്‍ തന്നെ നമ്മുടെ രാജ്യത്തെ ശ്രദ്ധേയമാക്കിയ നമ്മുടെ കുലീനമായ വിദേശ നയം നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. പുതിയ ആഗോള സാമ്രാജ്യത്വത്തിന്റെ വെറുമൊരു സാമന്ത രാജ്യമായി ചുരുങ്ങുന്ന അവസ്ഥയിലാണ് നമ്മുടെ വിദേശ നയം. ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും ഇതില്‍ ഒരേ നയമാണെന്നതാണ് ദൗര്‍ഭാഗ്യകരം.
തീവ്രവര്‍ഗീയതയും വംശീയ മേല്‍ക്കോയ്മയും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയധാര ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായത് നമ്മുടെ ദേശീയ സങ്കല്പത്തെയും ബഹുസ്വര സംസ്കാരത്തെ തന്നെയും ചോദ്യം ചെയ്യുന്നതാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുകയും ആദരിക്കുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ, സാംസ്കാരിക പാരമ്പര്യത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് തീവ്രവലതുപക്ഷത്തിന്റെ വളര്‍ച്ച.
സ്ഥിതിഗതികളെ ഗൗരവപൂര്‍വ്വം വിശകലനം ചെയ്യുമ്പോള്‍ അഴിമതിയുടേയും സ്വാര്‍ഥതയുടേയും അടിവേര് രാജ്യത്തെ ഒന്നടങ്കം ഗ്രസിച്ചു കഴിഞ്ഞ ഭൗതികാസക്തിയാണെന്ന് കണ്ടെത്താനാവും. ഈ ആര്‍ത്തിയും ആസക്തിയുമാണ് മനുഷ്യരെ ഉന്നത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ഥ പരിശ്രമം നടത്താന്‍ കൊള്ളരുതാത്തവരാക്കി മാറ്റുന്നത്. വാണിജ്യം, വ്യവസായം, തൊഴില്‍ മേഖലകള്‍ക്ക് പുറമെ ഇപ്പോള്‍ രാഷ്ട്രീയവും ജനസേവന മേഖലകളും ഈ ആര്ത്തിപ്പണ്ടാരത്തിന് കീഴടങ്ങികൊണ്ടിരിക്കുകയാണ്.
രാഷ്ട്രീയവും സാംസ്കാരികവുമായ ഇത്തരം കാര്യങ്ങളെക്കുറിച്ച ഗൗരവത്തിലുള്ള വിശകലന ങ്ങളും അന്വേഷണങ്ങളും പലതരത്തില്‍, പല വഴിക്ക് രാജ്യത്ത് നടന്നിട്ടുണ്ട്. എന്തുണ്ട് പരിഹാരം? നമുക്ക് മുന്നിലെ വഴിയെന്താണ്? എമ്പാടും സംവാദങ്ങള്‍ ഇവിടെ നടന്നു. ചിലരെങ്കിലും രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും തന്നെ നിര്‍ത്തി. ഇല്ല, ഇനിയൊന്നും നന്നാവില്ല എന്ന മട്ടില്‍ പൊതുരംഗം വിടുകയും ആധ്യാത്മിക വഴികളിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. മറ്റു ചിലരാവട്ടെ, ജനാധിപത്യ സംവിധാനത്തില്‍ തന്നെ വിശ്വാസം നഷ്ടപ്പെട്ട് സായുധവഴികള് സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും നമുക്ക് മുന്നിലെ വഴിയെക്കുറിച്ച സംവാദവും അന്വേഷണവും അവസാനിക്കുകയോ അപ്രസക്തമാവുകയോ ചെയ്തിട്ടില്ല. ഇത്തരം അന്വേഷണങ്ങളുടെ ഭാഗമായി ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും കഴിഞ്ഞ ഏതാനും നാളുകളായി നടത്തിയ സംവാദങ്ങളുടേയും അന്വേഷണങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി രൂപപ്പെട്ട ആശയമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കരുത്താര്‍ന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയിലൂടെ വിഭാവനം ചെയ്യുന്നത്. മൂല്യബോധവും ധാര്‍മിക ഉള്ളടക്കവുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ കാതല്‍.
2011 ഏപ്രില്‍ 18നാണ് ഔദ്യോഗികമായി വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ തലത്തില്‍ രൂപവല്ക്കരിക്കപ്പെത്. ഇതിനകം 10 സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന തരത്തില്‍ തികഞ്ഞ ഫെഡറല്‍ സ്വഭാവം പുലര്‍ത്തണമെന്നത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നിഷ്കര്‍ഷകളില്‍ ഒന്നാണ്. അതിന്റെ ദേശീയ സമിതിയുടെ പേര് തന്നെ ഫെഡറല്‍ ജനറല്‍ കൗണ്‍സില്‍, ഫെഡറല്‍ വര്‍ക്കിംഗ് കമ്മിറ്റി എന്നിങ്ങനെയാണ്. ആ അര്‍ഥത്തില്‍ ഓരോ സംസ്ഥാനത്തിന്റെയും പരിഗണനകളെ മുന്നില്‍ വെച്ചുകൊണ്ട് അതാത് സംസ്ഥാന ഘടകങ്ങള്‍ രൂപീകരിക്കപ്പെടണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ലക്ഷ്യങ്ങളായി താഴെ പറയുന്ന കാര്യങ്ങളാണ് ദേശീയ സമീപന രേഖയില്‍ ഉള്പ്പെിരിക്കുന്നത്
1) രാഷ്ട്രീയത്തിലും ജീവിതത്തിന്റെ ഇതര മേഖലകളിലും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നത് പാര്‍ട്ടിയുടെ ഏറ്റവും വലിയ സവിശേഷതയായിരിക്കും. അഴിമതിയുടെയും ക്രമക്കേടുകളുടെയും മറ്റു അധാര്‍മിക പ്രവണതകളുടെയും പശ്ചാത്തലത്തില്‍ ഇതിന്റെ ആവശ്യകത ജനങ്ങളെ സ്പഷ്ടമായി ബോധ്യപ്പെടുത്തും. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണവും പൊതുജീവിതത്തിലെ അഴിമതിയും സ്വാര്ഥതയുംമൂലം ബോധമുള്ള മനുഷ്യരെല്ലാം അസ്വസ്ഥരാണ്. അതിനാല്‍, സദാചാരത്തിന്റെയും ധാര്‍മിക മൂല്യങ്ങളുടെയും ആവശ്യകത പൗരന്മാരെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി പരിശ്രമിക്കും.
2) ജനാധിപത്യത്തിന്റെയും ജനാധിപത്യമൂല്യങ്ങളുടെയും പ്രോത്സാഹനം:- ശരിയായ ജനാധിപത്യ ചൈതന്യം നമ്മുടെ സമൂഹത്തില്‍ വളര്‍ന്നു വരണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു. ഭൂരിപക്ഷത്തിന്റെ ഭരണം മാത്രമാണ് ജനാധിപത്യമെന്ന് ധരിക്കരുത്. എല്ലാ ജനവിഭാഗങ്ങളുടേയും താല്പര്യങ്ങളും അഭിലാഷങ്ങളും മാനിക്കപ്പെടണം. എല്ലാവരെയും ഒപ്പം ചേര്‍ത്ത് മുന്നോട്ടു കുതിക്കുവാനുള്ള വികാരം, അഥവാ ബഹുസ്വരതയുടെയും സാത്മീകരണത്തിന്റെയും പ്രവണത വളര്‍ത്തപ്പെടണം. ഈയാവശ്യാര്‍ഥം രാജ്യത്തെ രാഷ്ട്രീയ-നിയമ സംവിധാനത്തില്‍ അത്യാവശ്യ ഭേദഗതികള്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കും. പ്രായോഗിക ജീവിതത്തിലും പ്രസ്തുത മൂല്യങ്ങള്‍ വളര്‍ത്താന്‍ പരിശ്രമിക്കും.
3) ക്രിയാത്മക മതനിരപേക്ഷത:- ഈടുറ്റ മതസൗഹാര്‍ദ്ദവും മതനിരപേക്ഷതയുമായി നമ്മുടെ മതേതരത്വം വികസിച്ചിട്ടില്ല. മതവിരുദ്ധമല്ല നമ്മുടെ മതേതരത്വമെന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടില്ല. മതാത്മകവും മാനവികവുമായ മതേതരത്വമാണ് നമ്മുടേത്. തനിക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അതനുസരിച്ചുള്ള ജീവിതം അനുഷ്ഠിക്കാനും ഓരോ പൗരനും അവകാശമുണ്ട്. മതചിഹ്നങ്ങളും ആചാരനുഷ്ഠാനങ്ങളും കൈയ്യൊഴിയലാണ് മതേതരത്വമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കരുതുന്നില്ല. അതെല്ലാം അനുഷ്ഠിച്ചുകൊണ്ട് തന്നെയുള്ള പരസ്പര ബഹുമാനവും അംഗീകാരവും തുല്യതാ ബോധവുമാണ് ഉണ്ടാകേണ്ടത്. ഒരു മതത്തിലും വിശ്വസിക്കാത്തവനും ഈ തുല്യപദവി അംഗീകരിച്ചുകൊടുക്കണം.
4) വികസനം സമത്വത്തോടൊപ്പം:- വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ആഗ്രഹിക്കുന്നു; അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യും. പാര്‍ട്ടിയുടെ ഉദ്ദിഷ്ട സാമ്പത്തിക ക്രമത്തില്‍ വാണിജ്യത്തിനും വ്യവസായത്തിനും കൃഷിക്കും അന്യാദൃശമായ പുരോഗതി കൈവരും. വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഒപ്പം സമൂഹത്തിലെ അധഃസ്ഥിത ദരിദ്ര വിഭാഗങ്ങള്‍ക്കു കൂടി മുകള്ത്തിലേക്ക് ഉയര്‍ന്നുവരാന്‍ കഴിയുംവണ്ണം സാമ്പത്തിക പുരോഗതിയുടെ പ്രക്രിയ ചിട്ടപ്പെടുത്തണം. വികസനത്തിന്റെ പ്രയോജനം എല്ലാ വിഭാഗങ്ങളിലും എത്തിച്ചേരണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ സ്വപ്നം സാമ്പത്തിക നയങ്ങളിലും സാമ്പത്തിക ക്രമത്തിലും മൗലികമായ മാറ്റങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.
5) പരിസ്ഥിതി സംരക്ഷണം:- താത്കാലിക നേട്ടങ്ങള്‍ക്കപ്പുറം മനുഷ്യരാശിയുടെ വിശാല താല്പര്യങ്ങളില് ശ്രദ്ധയൂന്നുന്ന പ്രസ്ഥാനം എന്ന നിലക്ക് പരിസ്ഥിതി സംരക്ഷണം വെല്‍ഫെയര്‍ പാര്‍ട്ടി യുടെ സുപ്രധാന മുന്‍ഗണനയായിരിക്കും. വ്യവസായം, വാണിജ്യം, സാങ്കേതിക വിദ്യ, കൃഷി എന്നിവയില്‍ പരിസ്ഥിതി സൗഹൃദം കാത്തുസൂക്ഷിക്കുകയും ആരോഗ്യകരമായ മാര്‍ഗങ്ങളെ പിന്തുടരുകയും അതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യും.
6) യുവജന സ്വപ്നങ്ങളുടെ പ്രതിനിധാനം:- വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ രാജ്യത്തെ യുവതലമുറയുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പ്രതിനിധാനം ചെയ്യും. ചെറുപ്പക്കാരുടെ നവീന യോഗ്യതകളെ പൂര്‍ണമായി വിലമതിക്കുകയും അവരുടെ കഴിവുകളെ രാജ്യത്തിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കും വേണ്ടി വിനിയോഗിക്കുകയും ചെയ്യും. രാജ്യത്തെ വര്‍ത്തമാനകാലസാഹചര്യങ്ങള്‍ പുതുതലമുറയില്‍ സൃഷ്ടിച്ചിട്ടുള്ള നൈരാശ്യം ദൂരീകരിക്കാന്‍ പാര്‍ട്ടി പരിശ്രമിക്കും.
7) സാഹോദര്യം:- ജാതി, വര്‍ഗം, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സങ്കുചിത പക്ഷപാതിത്തങ്ങളുടെ ചുറ്റുപാടില്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ ദര്‍ശനം പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കും. നാനാത്വത്തില്‍ ഏകത്വത്തിന്റെ വികാരങ്ങളെ ഉത്തേജിപ്പിക്കും. രാഷ്ട്രീയ നയങ്ങളിലും കര്‍മ പരിപാടികളിലും ഉന്നത ധാര്‍മികതയുടേയും ഐക്യത്തിന്റെയും മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കും. സ്ത്രീകളെ രാഷ്ട്രീയ-സാമൂഹിക മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തും.
8) സ്ത്രീശാക്തീകരണം; മനുഷ്യത്വത്തെ ആദരിക്കല്‍:- നമ്മുടെ രാജ്യത്ത് ഇന്നും സ്ത്രീകള്‍ അക്രമങ്ങളുടെയും ചൂഷണങ്ങളുടേയും ഇരകളാണ്. സ്ത്രീസമത്വത്തെയും വനിതാ വിമോചനത്തെയും കുറിച്ച് സംസാരിക്കുന്ന പ്രസ്ഥാനങ്ങള്‍ പോലും അന്യഥാ അവരെ ചൂഷണം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിനുവേണ്ടി, അവര്‍ക്ക് അനുയോജ്യവും മാനുഷിക വ്യക്തിത്വത്തിന്റെ താല്പര്യങ്ങളെ പൂര്‍ത്തീകരിക്കുന്നതുമായ സകല അവസരങ്ങളും തുറന്നുകൊടുക്കും.
9) സാമൂഹിക നീതി:- ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കും ഇതര പിന്നാക്ക സമുദായങ്ങള്‍ക്കും പുരോഗതി സാധ്യമാകുംവിധം സാമൂഹിക നീതി സാക്ഷാത്കരിക്കുവാന്‍ ക്രിയാത്മക നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും.
10) ക്ഷേമരാഷ്ട്രം:- അത്യാവശ്യങ്ങളുടെ പൂര്‍ത്തീകരണം മൗലികാവകാശമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി വിശ്വസിക്കുന്നു. എല്ലാ മനുഷ്യരുടേയും ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ക്ഷേമരാഷ്ട്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരമോന്നത ലക്ഷ്യം.
11) സാംസ്കാരിക ഫെഡറലിസം:- വിവിധ സംസ്കാരങ്ങള്‍ക്ക് അവസരസമത്വം, സാംസ്കാരിക സ്വയംനിര്‍ണയാവകാശം എന്നിവ പാര്‍ട്ടിയുടെ ലക്ഷ്യമായിരിക്കും. വ്യത്യസ്ത സംസ്കാരങ്ങള്‍ക്ക് ഒരേ സമയം വളരാനും ഉയരാനും അവസരം ലഭിക്കുന്നതിന് പ്രയോഗക്ഷമമായ മാതൃകകള്‍ പാര്‍ട്ടി രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യയെപോലുള്ള ഒരു രാജ്യത്ത് സാംസ്കാരിക വൈവിധ്യങ്ങളെയും സാംസ്കാരിക ഫെഡറലിസത്തെയും സംബന്ധിച്ച ഈ സങ്കല്പം അനുപേക്ഷണീയമാണ്. ഫെഡറലിസം എന്ന സങ്കല്‍പ്പത്തെ ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ പരിമിതികളില്‍നിന്നും ഉയര്‍ത്തി സാംസ്കാരിക ഫെഡറലിസത്തോളം പാര്‍ട്ടി വിപുലപ്പെടുത്തും.
12) ഉത്തരവാദിത്തബോധം:- ഉത്തരവാദിത്തബോധത്തിന്റെ ബലതന്ത്രത്തെ പാര്‍ട്ടി കൂടുതല്‍ ശക്തവും സജീവവുമാക്കും. ഓരോ വലിയ അധികാരത്തോടൊപ്പവും വലിയ ഉത്തരവാദിത്തം കൂടിയുണ്ട്. അധികാരം ആസ്വദിക്കാനും അനുഭവിക്കാനുമുള്ള ഒന്നല്ല. അതിന്റെ കൂടെ ഭാരിച്ച ഉത്തരവാദിത്തം കൂടി ഉണ്ടായിരിക്കണം. അതിലൂടെ അധികാര ദുര്‍വിനിയോഗവും അഴിമതിയും ദൂരീകരിക്കപ്പെടണം.
13) നീതിനിഷ്ഠവും ജനാധിപത്യപൂര്‍ണവുമായ ആഗോള സമൂഹം:- ആഗോളതലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സാമ്രാജ്യത്വത്തെ എതിര്‍ക്കും. സ്വതന്ത്രപരമാധികാര ജനസമൂഹങ്ങള്ക്കിടയിലുള്ള എല്ലാതരം വിഭജനങ്ങളെയും എതിരിടും. ജനപഥങ്ങള്‍ക്കിടയില്‍ സംഘനങ്ങളുണ്ടാക്കുകയും, ബലപ്രയോഗത്തിലൂടെ ദുര്‍ബലരെ രാഷ്ട്രീയമായും വംശീയമായും സാംസ്കാരികമായും ചൂഷണം ചെയ്യാന്‍ വഴിയൊരുക്കുകയും ചെയ്യുന്ന എല്ലാ നയങ്ങളെയും തടയിടും.
ചെയര്‍മാര്‍മാന്‍ – ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്, വെല്‍ഫെയര്‍ പാര്‍ട്ടി)
ഡയറക്റ്റര്‍ – കെ.എ ഷെഫീഖ്
ജനറല്‍ കണ്‍വീനര്‍ – ജോസഫ് ജോണ്‍, ശ്രീജ നെയ്യാറ്റിന്‍കര
സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍
പ്രോഗ്രാം – മാര്സാദ് റഹ്മാന്
പ്രതിനിധി – ഷെഫീഖ് ചോഴിയക്കോട്
പ്രചരണം – റസാഖ് പാലേരി
മീഡിയ – സജീദ് ഖാലിദ്
ഡോക്യുമെന്റേഷന് – അനസ് വടുതല
പബ്ലിക് റിലേഷന്‍ – നൗഷാദ്.സി.എ
എക്സിബിഷന് – ഗണേഷ് വടേരി
മെമന്റോ – സി.എം. ഷെരീഫ്
സംസ്കാരിക പരിപാടി – വൈ. ഇര്‍ഷാദ്