വെല്‍ഫെയര്‍ പാര്‍ട്ടി കേരളീയ സാഹചര്യത്തില്‍

അങ്ങേയറ്റം ദൃഢവും ധ്രൂവീകൃതവുമായ ഇരു മുന്നണികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് കാലങ്ങളായി കേരള രാഷ്ട്രീയം കറങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു മുന്നണി മാറിയാല്‍ മറ്റൊരു മുന്നണി എന്നത് കേരളത്തിന്റെ ശീലമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്തു സംഭവിച്ചാലും അടുത്ത തവണ അധികാരത്തില്‍ വരാന്‍ കഴിയുമെന്ന ബോധം ഇരുമുന്നണികളെയും പിടികൂടിയിട്ടുണ്ട്. ഇതു കാരണം, തികഞ്ഞ ഉത്തരവാദിത്തരാഹിത്യം നമ്മുടെ രാഷ്ട്രീയ-വികസന രംഗത്ത് മേല്‍ക്കൈ നേടുകയും ചെയ്തിരിക്കുന്നു. ഇരുമുന്നണികളുടെയും ഗുണപരവും നിഷേധാത്മകവുമായ വശങ്ങളെ പരസ്പരം, യഥാക്രമം, സംയോജിപ്പിക്കാനും തിരുത്താനും സാധിക്കുന്നില്ല എന്നത് നമ്മുടെ വലിയൊരു നഷ്ടമാണ്. സംസ്ഥാനത്തിന്റെ പൊതുവായ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് ഇവിടെ ബലിയാടാവുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി അടിസ്ഥാനപരമായി ഏതെങ്കിലും മുന്നണിയുടെ ഒരു നിതാന്ത ഘടക കക്ഷിയാകാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകളെയും ഗുണാത്മക വശങ്ങളെയും നിഷേധിക്കുന്നുമില്ല. സ്വന്തമായ അടിത്തറയിലും രാഷ്ട്രീയ ദര്‍ശനത്തിലും വികസന കാഴ്ചപ്പാടിലും നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയുമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒന്നാമത്തെ ഉന്നം. ഈ ജനകീയ ശക്തിയെ, ഇരു മുന്നണികളെയും സ്വാധീനിക്കുകയും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഘടകമായി വളര്‍ത്തിയെടുക്കുക എന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി യുടെ ഉദ്ദേശം. അങ്ങിനെയൊരു ബദല്‍ ഘടകത്തിന്റെ സാന്നിധ്യവും വളര്‍ച്ചയും സംസ്ഥാനത്തിന് പൊതുവെ, നമ്മുടെ രാഷ്ട്രീയ ഘടനക്കും സംസ്‌കാരത്തിനുമാകെ വലിയ സംഭാവനകള്‍ ചെയ്യുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.

നാം, ഘടനാപരമായും ഉള്ളടക്കപരമായും, മികച്ചൊരു ജനാധിപത്യ സമൂഹമാണെന്ന് ഊറ്റം കൊള്ളാറുണ്ട്. മറ്റ് രാജ്യങ്ങളുമായും, ചിലപ്പോള്‍ മറ്റു സംസ്ഥാനങ്ങളുമായും, താരതമ്യം ചെയ്യുമ്പോള്‍ ഇതില്‍ ധാരാളം ശരികളുമുണ്ട്. അതേസമയം, നമ്മുടെ ജനാധിപത്യത്തിന്റെ ഉള്ളടക്കത്തെ സൂക്ഷ്മമായ കുറ്റവിചാരണക്ക് നാം വിധേയമാക്കുമ്പോള്‍ തമോഗര്‍ത്തങ്ങള്‍ ധാരാളം തെളിഞ്ഞുവരും. എല്ലാ വിഭാഗം ജനങ്ങളെയും പൂര്‍ണ്ണ മനസ്സോടെ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ് ജനാധിപത്യം സമ്പന്നവും ചടുലവുമാവുന്നത്. ആ അര്‍ഥത്തില്‍ പരിശോധിക്കുമ്പോള്‍ മാറ്റിനിര്‍ത്തപ്പെവരുടെയും അരികില്‍ കഴിയാന്‍ നിര്‍ബന്ധിക്കപ്പെവരുടെയും വലിയൊരു നിര തന്നെ നമ്മുടെ സംസ്ഥാനത്തുണ്ട് എന്നതാണ് യാഥാര്‍ഥ്യം. സമ്പത്ത്, അധികാരം, സാമൂഹികസ്വത്വ പ്രകാശനം തുടങ്ങിയ കാര്യത്തില്‍ ഇന്നും നമ്മുടെ നാട്ടിലെ ദലിതുകളും ആദിവാസികളും ഏറെ മാറ്റിനിര്‍ത്തപ്പെടുന്നുവെന്നത് വലിയൊരു ദുരന്ത സത്യമാണ്. നമ്മുടെ ജനാധിപത്യത്തില്‍ അവര്‍ ‘കുറഞ്ഞ അളവില്‍ മാത്രം തുല്യരാ’ണ് എന്നതാണ് വാസ്തവം. മതന്യൂനപക്ഷങ്ങളും, അവരില്‍ ചിലരെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സാമൂഹിക അധികാരത്തിന്റെ മണ്ഡലത്തില്‍ വിവേചനങ്ങള്‍ക്ക് വിധേയരാവുന്നുണ്ട് എന്നതാണ് വാസ്തവം. ‘പൂര്‍ണ്ണ ജനാധിപത്യ പൗരത്വം’ അവര്‍ക്ക് അനുവദിച്ചു നല്‍കാന്‍ നമ്മുടെ ജനാധിപത്യത്തിന് സാധിച്ചിട്ടില്ല. എന്നു മാത്രമല്ല, അവരുടെ സ്വത്വ പ്രകാശനത്തിനും സാമൂഹിക അധികാര ലബ്ധിക്കും വേണ്ടി ഇത്തരം സമൂഹങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ അവഗണിക്കാനും പൈശാചികവല്‍കരിക്കാനും അടിച്ചമര്‍ത്താനുമുള്ള ശ്രമങ്ങളും പ്രവണതയും നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തില്‍ ബോധപൂര്‍വവും ആസൂത്രിതവുമായി നടക്കുന്നുമുണ്ട്.

ഈ യാഥാര്‍ഥ്യത്തെ യഥോചിതം അഭിമുഖീകരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബാധ്യസ്ഥമാണ്. തീര്‍ച്ചയായും അരികിലേക്ക് തള്ളിമാറ്റപ്പെവരുടെ മുഴങ്ങുന്ന ശബ്ദമാകാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബാധ്യസ്ഥമാണ്. അതേസമയം, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനങ്ങളെ ചെറുക്കുകയും അധീശ ബോധത്തിനെതിരെ നിലകൊള്ളുകയും ചെയ്യുമ്പോള്‍ തന്നെ, ഏതെങ്കിലും അര്‍ഥത്തിലുള്ള വര്‍ഗീയതാ ബോധമോ വംശീയ വേര്‍തിരിവോ സൃഷ്ടിക്കപ്പെടാതിരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജാഗ്രത്തായിരിക്കും. നമ്മുടെ ജനാധിപത്യ സംസ്‌കാരത്തെയും ഘടനയെയും ബഹുസ്വരമാക്കാനുള്ള പൊതുവായ ഇടപെടല്‍ എന്ന അര്‍ഥത്തിലായിരിക്കും വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തരം സമരങ്ങളെ കാണുന്നത്.

മിതശീതോഷ്ണ കാലാവസ്ഥ, വര്‍ഷത്തില്‍ പകുതിയോളം നിലനില്‍ക്കുന്ന മഴ, ജലത്തിന്റെ വ്യാപകമായ ലഭ്യത, ഫലഭൂയിഷ്ഠമായ ഭൂമി, നീണ്ട തീരദേശം, ഊര്‍ജസ്വലരും വിദ്യാസമ്പന്നരുമായ ചെറുപ്പക്കാരുടെ വന്‍നിര എന്നിങ്ങനെ നോക്കിയാല്‍ വികസനക്കുതിപ്പിനും സമൃദ്ധിക്കും ആവശ്യമായ ചേരുവകള്‍ വേണ്ടുവോളമുള്ളതാണ് നമ്മുടെ സംസ്ഥാനം. നിര്‍ഭാഗ്യവശാല്‍ ഈ സാധ്യതകളെ വേണ്ടുംവിധം ഉപയോഗിക്കുന്നതിനും ക്രിയാത്മകമായി വഴിതിരിച്ചുവിടുന്നതിലും നമ്മുടെ രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടിരിക്കുന്നു. മലയാളി ചെറുപ്പക്കാര്‍ സ്വന്തം സാഹസത്തില്‍ കടലുകള്‍ താണ്ടി, തീര്‍ത്തും പ്രതികൂലമായ സാഹചര്യങ്ങളില്‍ അധ്വാനിച്ചുണ്ടാക്കുന്ന നാണയത്തുട്ടുകളുടെ ബലത്തിലാണ് സത്യത്തില്‍ കേരളം ഇന്ന് നിലനിന്നുപോരുന്നത്. വിദേശങ്ങളില്‍ നിന്ന് മലയാളി അയക്കുന്ന പണം സൃഷ്ടിക്കുന്ന മേല്‍പാളി പളപളപ്പ് മാത്രമാണ് ഇന്ന് കേരളത്തിന്റെ പുരോഗതി എന്നു പറയുന്നത്. തദ്ദേശീയവും സുസ്ഥിരവുമായ ഒരു ഉത്പാദന വ്യവസ്ഥ/അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കാനോ യുവാക്കളെ ആകര്‍ഷിക്കാനോ മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കുടുംബവും കൂട്ടും വിട്ട് അന്യ ശങ്ങളില്‍ ചേക്കേറിയ ചെറുപ്പക്കാരാണ് ഈ നാടിന്റെ യഥാര്‍ഥ ഉത്പാദന നായകര്‍ എന്നു നമുക്ക് പറയേണ്ടിവരും.

സ്വന്തമായ ഒരു വ്യവസായ/കാര്‍ഷിക ഉത്പാദന വ്യവസ്ഥ സൃഷ്ടിക്കുന്നതില്‍ നമ്മുടെ സംസ്ഥാനം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. സമ്പൂര്‍ണ്ണമായും അന്യദേശങ്ങളിലെ സാമ്പത്തിക ഉത്പാദന പ്രക്രിയയുമായി ബന്ധപ്പെട്ടു കിടക്കുന്നു നമ്മുടെ നാട്ടിലെ നിത്യജീവിതം. നമ്മുടെ വിഭവങ്ങളെയും സാധ്യതകളെയും എങ്ങിനെ പരമാവധി ഉപയോഗപ്പെടുത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യാം എന്ന ആലോചന ഗൗരവത്തില്‍ നടക്കണം.

എന്നാല്‍ കേരളത്തിന്റെ ഉത്പാദന മുരടിപ്പിനെ മറികടക്കാനെന്ന പേരില്‍ നടപ്പാക്കുന്ന പല പദ്ധതികളും വന്‍വിവാദങ്ങളില്‍ ചെന്നുചാടുകയും ജനകീയ സമരങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നുണ്ട്. പരിസ്ഥിതിക്ക് സംഭവിക്കുന്ന ആഘാതങ്ങളെക്കുറിച്ചും വലിയ വിമര്‍ശങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്നുവരാറുണ്ട്. കേരളത്തിന്റെ ആവാസ വ്യവസ്ഥക്കും പാരിസ്ഥിതിക ഘടകങ്ങള്‍ക്കും ചേര്‍ന്ന വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം പരാജയപ്പെടുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അങ്ങേയറ്റം സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രക്രിയയെ ഭരണകൂട അധികാരത്തിന്റെ ബലത്തില്‍ ലളിതമായി നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോഴുള്ള പ്രശ്‌നങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്ന ജനകീയ പ്രശ്‌നങ്ങള്‍. ഭൂമിയുടെ വിതരണവും വിനിയോഗവുമായി ബന്ധപ്പെട്ട  പ്രശ്‌നങ്ങളും ഇതിന് അനുബന്ധമായി വായിക്കേണ്ടതാണ്. ഭൂമിയില്ലാതെ വലിയൊരു വിഭാഗം പറിച്ചെറിയപ്പെടുന്നതോടൊപ്പം ഉള്ള ഭൂമിയുടെ യഥാര്‍ഥനിഷ്ടമല്ലാത്ത വിനിയോഗവും നാട്ടില്‍ നടക്കുന്നു. ഭൂമി ഊഹ മാര്‍ക്കറ്റിലെ മികച്ചൊരു ഉരുപ്പടി മാത്രമായി മാറിയ അവസ്ഥയുണ്ട്.

വികസനവുമായി ബന്ധപ്പെട്ട  ഈ സങ്കീര്‍ണ്ണ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കാനും സന്തുലിതമായ വഴി വെട്ടിത്തെളിക്കാനും വെല്‍ഫെയര്‍ പാര്‍ട്ടി ബാധ്യസ്ഥമാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയവും ജനകീയ പിന്തുണയും നേടിയെടുത്ത ഗ്രൂപ്പുകളില്‍ പലതും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണത്തെ സ്വാഗതം ചെയ്യുന്നുമുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളുടെ സ്വാഭാവികമായ തുടര്‍ച്ച വെല്‍ഫെയര്‍ പാര്‍ട്ടിയിലൂടെ ഉണ്ടാവും.

മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മദ്യ ഉപഭോഗം ഞെട്ടിപ്പിക്കുന്ന അളവില്‍ വര്‍ദ്ധിച്ച സംസ്ഥാനമാണ് നമ്മുടേത്. മദ്യത്തിന്റെ ഉപയോഗം സദാചാരം, കുടുംബം, ആരോഗ്യം, സുരക്ഷിതത്വം, ഉത്പാദനം, യുവജന ശക്തിയുടെ ശരിയായ ഉപയോഗം തുടങ്ങി പല മേഖലകളെ സ്പര്‍ശിക്കുന്നതാണ്. കോടിക്കണക്കിന് പണം ചെലവഴിച്ച് മലയാളി കുടിച്ചു തീര്‍ക്കുന്ന മദ്യം, പകരം കൊടുക്കുന്നതാകട്ടെ കുടുംബത്തകര്‍ച്ചയും ലൈംഗിക പേക്കൂത്തുകളും മാനസിക-ശാരീക ആരോഗ്യ പ്രശ്‌നങ്ങളുമാണ്. ഉത്പാദന പ്രക്രിയയില്‍ സജീവരാവേണ്ട യുവസമൂഹം മദ്യത്തിന് അടിമകളാകുന്നതോടെ അത് നമ്മുടെ ദേശീയ ഉത്പാദനത്തെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. മദ്യത്തിന്റെ നാനാവിധങ്ങളായ ദൂഷ്യവശങ്ങളെക്കുറിച്ച് ഉത്തരവാദിത്തത്തോടെ സംസാരിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി ബാധ്യസ്ഥമാണ്. മദ്യത്തിനെതിരായ രാഷ്ട്രീയ നിലപാട് വെല്‍ഫെയര്‍ പാര്‍ട്ടി ശക്തമായി ഉയര്‍ത്തിപ്പിടിക്കും.

നിലവിലെ സാഹചര്യം മുന്‍നിര്‍ത്തി പാര്‍ട്ടി യുടെ ആലോചനകളില്‍ വന്ന കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിച്ചത്. ശരിയായ രാഷ്ട്രീയ കാഴ്ചപ്പാടും സാമൂഹിക നീതിക്കുവേണ്ടിയുള്ള പിന്‍മടക്കമില്ലാത്ത സമരവും അതോടൊപ്പം ധാര്‍മികമായ ഉള്ളടക്കവും ഉയര്‍ത്തിപ്പിടിച്ച് ഒരു നവരാഷ്ട്രീയ സംസ്‌കാരം പരിചയപ്പെടുത്തുകയെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി യുടെ വെല്ലുവിളി. ആ വെല്ലുവിളി പാര്‍ട്ടി ധീരമായി, ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *