ഇത്തവണ കേരളം നേരിന്റെ പക്ഷത്ത്

അടുത്ത അഞ്ച് വര്‍ഷം ആരാണ് കേരളത്തിന്റെ കാവല്‍ക്കാര്‍? ആരാണ് ഈ മണ്ണിന്റെ പരിപാലകരും പരിപോഷകരും? മെയ് 16ന് കേരളത്തിലെ വോട്ടര്‍മാര്‍ ഈ ചോദ്യത്തിനാണ് മറുപടി പറയാന്‍ പോകുന്നത്. നമ്മുടെ മറുപടി എത്ര ശരിയും ശക്തവുമാണ് എന്നതിനെ ആശ്രയിച്ചായിരിക്കും കേരളത്തിന്റെ ഭാവി.

കേരളം പുതിയ ഒരു തെരഞ്ഞെടുപ്പിലൂടെ അതിന്റെ ജനാധിപത്യത്തെ പുതുക്കുകയാണ്. ജനാധിപത്യം അതിനെ പുതുക്കാനുള്ള അവസരം നമുക്ക് നല്‍കുകയാണ്. മന്ത് വലത്തേ കാലില്‍ നിന്ന് ഇടത്തേ കാലിലേക്ക് മാറിയതുകൊണ്ടോ വലത്തേ കാലില്‍ തന്നെ തുടര്‍ന്നതുകൊണ്ടോ നാം രക്ഷപ്പെടുകയില്ല.

തീവ്രവലതുപക്ഷം മാറ്റത്തിന്റെ സാധ്യതയെ ഉപയോഗപ്പെടുത്താന്‍ കഠിനമായി ശ്രമിക്കുന്നു. സംഘ്പരിവാര്‍ മാറ്റത്തിന്റേയോ ജനപക്ഷത്തിന്റേയോ രാഷ്ട്രീയമല്ല. അത് ഇടതുപക്ഷത്തേക്കാള്‍ കോര്‍പറേറ്റാണ്; കോണ്‍ഗ്രസ്സിനേക്കാള്‍ വര്‍ഗീയമാണ്. മോദി ചാമ്പ്യനാകുന്നത് വര്‍ഗീയതയുടെ ഗ്രൗണ്ടില്‍ കളിച്ചിട്ടാണ്. മോദിയുടെ വികസനം ആംആദ്മിയുടെ വികസനമല്ല; അദാനിയുടെ വികസനമാണ്.
പണിതീരാത്ത വിമാനത്താവളവും മെട്രോയും കൊണ്ട് അഞ്ച് വര്‍ഷത്തെ അവിഹിത ഇടപാടുകള്‍ മുഴുവന്‍ മൂടിവെക്കാമെന്നാണ് യു.ഡി.എഫ് കരുതുന്നത്. വന്‍കിട പദ്ധതി ആഘോഷങ്ങള്‍ കമ്മീഷന്‍ രാഷ്ട്രീയത്തിന്റെ പൊന്‍മുട്ടയിടുന്ന താറാവ് മാത്രമല്ല; സാധാരണ മനുഷ്യരുടെ പരിഹരിക്കപ്പെടാത്ത ദുരിതങ്ങള്‍ മറച്ചുവെക്കാനുള്ള ഓട്ടപ്പാത്രങ്ങള്‍ കൂടിയാണ്.

അമ്പത്തൊന്ന് വെട്ടിന്റെ ഞെട്ടല്‍ മാറുംമുമ്പ് രണ്ടോ മൂന്നോ കൊലപാതകങ്ങളുടെ കൂടി രക്തക്കറയുമായാണ് ഇടതുപക്ഷം വോട്ട് ചോദിക്കാന്‍ വരുന്നത്. എഴുപത് വര്‍ഷം ജനാധിപത്യത്തില്‍ ഇടപഴകിയിട്ടും ജനാധിപത്യ സംസ്‌കാരം പഠിക്കാതെ പോയവര്‍!

ഭരണത്തിന്റെ അവസാന ദിവസങ്ങളില്‍ ഉമ്മന്‍ചാണ്ടി പൊതുഭൂമി ഇഷ്ടക്കാര്‍ക്ക് അതിവേഗത്തിലും ബഹുദൂരത്തിലും കൊടുത്തുതീര്‍ക്കുന്ന തിരക്കിലായിരുന്നു. കോടതി പലതീരുമാനങ്ങളുടെയും കഴുത്തിന് പിടിച്ചു. വോട്ട് ചോദിക്കാന്‍ വരുന്ന യു.ഡി.എഫ് സ്വന്തം പദ്ധതിയായ ഭൂരഹിതരില്ലാത്ത കേരളത്തെക്കുറിച്ചെങ്കിലും മറുപടി പറയണം. ഇടതും വലതും ചേര്‍ന്ന് ഭൂരഹതരാക്കിയ ജനത നട്ടെല്ലിന്‍ നിവര്‍ന്ന് നിന്ന് മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെ ഇപ്പോള്‍ ഭൂമി ചോദിക്കുകയാണ്. അവരുടെ ഭൂമിയാണ് തോട്ടമുടമകള്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്നത്. അഞ്ച് ലക്ഷം ഏക്കറോളം വരുന്ന ഈ ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്കും കൃഷി ചെയ്യുന്നവര്‍ക്കും നല്‍കുമെന്ന് പറയാന്‍ പ്രകടന പത്രികകള്‍ക്ക് ധൈര്യമുണ്ടോ? ഭൂരഹിതരുടെ പ്രകടന പത്രിക അവര്‍ സമരം കൊണ്ട് രചിച്ച് കഴിഞ്ഞിരിക്കുന്നുവെന്ന് ഇടതും വലതും തീവ്രവലതും മനസ്സിലാക്കണം.

എന്തൊരു ചൂട് എന്ന് പരിതപിക്കുന്ന യാഥാസ്ഥിതിക രാഷ്ട്രീയക്കാര്‍ കാലാവസ്ഥാ വ്യതിയാനത്തിനും അത്യുഷ്ണത്തിനും ഉത്തരവാദി തങ്ങള്‍ നേതൃത്വം നല്‍കിയ വികസന രീതിയാണ് എന്ന് കൂടി ഓര്‍ക്കണം. വെല്‍ഫെയര്‍ പാര്‍ട്ടി സംസാരിക്കുന്നത് ശുദ്ധ ജലവും ശുദ്ധ വായുവും വിഷരഹിത ഭക്ഷവും സമൃദ്ധമായ മറ്റൊരു കേരളത്തെക്കുറിച്ചാണ്; അത്തരമൊരു കേരളത്തെ സൃഷ്ടിക്കുന്ന വികസന രീതിയെക്കുറിച്ചാണ്.
അഴിമതിയെ ധാര്‍മ്മിക കൊണ്ട് തോല്‍പിക്കണമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.

പശുവിനെയും പോത്തിനെയും ചൊല്ലി മനുഷ്യരെ കൊന്ന് കെട്ടിത്തൂക്കുന്ന ഭീകരതയിലെ പ്രതികള്‍ ഫാഷിസ്റ്റുകള്‍ മാത്രമല്ല; അവര്‍ക്ക് മണ്ണൊരുക്കിക്കൊടുത്ത ഇടത്-വലത് രാഷ്ട്രീയക്കാര്‍ കൂടിയാണ്. സംഘ്പരിവാറിന്റെ യുക്തികള്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും മുസ്‌ലിംലീഗും ഏറ്റുപിടിച്ച് പാടിനടന്നു. നൂറുക്കണക്കിന് നിരപരാധികളെ അനന്തമായി ജയിലിലടച്ച യു.എ.പി.എ എന്ന കരിനിയമത്തിന് ഒരുമിച്ച് കൈപൊക്കിയവരാണ് ബി.ജെ.പി.യും കോണ്‍ഗ്രസ്സും സി.പി.എമ്മും മുസ്‌ലിംലീഗും.

വിലയില്ലാതെ പോയ റബറിന്റെ കാരണം ആസിയാന്‍ കരാറിലാണ് വായിക്കേണ്ടത്. കര്‍ഷകര്‍ കാര്‍ഷികോല്‍പന്നങ്ങളുടെ ഉല്‍പാദകര്‍ മാത്രമല്ല; പരിസ്ഥിതിയുടെ സംരക്ഷകര്‍ കൂടിയാണ്.

സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്നുവെന്ന് ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ? നാട്ടില്‍ വേണ്ട സ്വന്തം പാര്‍ട്ടിക്കകത്തെങ്കിലും!

ഈ ചോദ്യങ്ങള്‍ ചോദിച്ചും ഇതിന് പുതിയ ഉത്തരങ്ങള്‍ പറഞ്ഞും രാജ്യത്ത് ഒരുപാട് സമരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്.

നിരക്ഷരരായ ആദിവാസികളുടെ മുതല്‍ ഗവേഷണ വിദ്യാര്‍ഥികളുടെ വരെ. അവയെല്ലാം ഉന്നയിക്കുന്നത് ഒരു പുതിയ രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടി നിങ്ങളോട് വോട്ട് ചോദിക്കുന്നത്. ഒരു പുതിയ ദിശയില്‍ നമ്മുടെ നാടിനെ കെട്ടിപ്പടുക്കാന്‍. കൃഷി ചെയ്യുന്നവര്‍ക്ക് ഭൂമി ലഭിക്കുന്ന, ഭൂമി ഹരിതാഭമാകുന്ന ഒരു നാടിന് വേണ്ടി. ഫാഷിസത്തിന്റെ മുഴുവന്‍ വാദങ്ങളോടും ഒത്തുതീര്‍പ്പുകളില്ലാതെ പൊരുതുന്ന ജാഗ്രതയുള്ള രാഷ്ട്രീയത്തിന് വേണ്ടി. കേരളത്തിലെ ജനങ്ങളും മണ്ണും കൊള്ളയടിക്കപ്പെടാതിരിക്കാന്‍. എല്ലാ വ്യക്തികളുടെയും വിഭാഗങ്ങളുടെയും ആത്മാഭിമാനം സംരക്ഷിക്കപ്പെടാന്‍.

മറ്റൊരു കേരളം സാധ്യമാക്കാന്‍.

വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

1 Comment

  1. Yoosuf Ousman says:

    This election will prove welfare party strength. Welfare party can defeat many candidates who are against people and democracy. All the best.

Leave a Reply

Your email address will not be published. Required fields are marked *