ക്ഷേമ കേരളത്തിന് ഒരു ജനപക്ഷ മാര്‍ഗരേഖ

ഇന്ത്യയില്‍ സാമൂഹികമായി ഒരുപാട് സവിശേഷതകളുള്ള ഭൂപ്രദേശമാണ് കേരളം. വളരെ ജനകീയമായ ഒരു നവോത്ഥാനമാണ് കേരളത്തിന്റെ പ്രത്യേകത. നവോത്ഥാനത്തെ വികസിപ്പിക്കാന്‍ കഴിയാതെ പോയതിന്റെ ഫലമായി നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജാതി സംഘടനകള്‍ മാത്രമായി മാറിയ വര്‍ത്തമാനത്തെയാണ് നമുക്കിന്ന് അഭിമുഖീകരിക്കാനുള്ളത്. ഒടുവില്‍ അവരില്‍ പലരും വര്‍ഗീയ ഫാഷിസവുമായി കൈകോര്‍ക്കുന്നേടത്തേക്ക് അധപതിച്ചു. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ മുമ്പൊരിക്കലുമില്ലാത്തവിധം കേരളത്തില്‍ ശക്തിപ്രാപിക്കുകയാണ്. മലയാളിയെ മുന്നോട്ടുനയിക്കാന്‍ കഴിയുന്ന പുതിയ ആശയങ്ങളുടെ അഭാവം കേരളീയ സമൂഹത്തിന്റെ വലിയ പ്രതിസന്ധിയാണ്.

പ്രവാസം തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തും കേരളം ഒരു മണിയോഡര്‍ ഇക്കോണമി മാത്രമാണ്. സ്വന്തമായി ഏറെയൊന്നും ഉല്‍പാദിപ്പിക്കാത്ത, ധാരാളം ഉപയോഗിക്കുന്ന സമൂഹം. മനുഷ്യവിഭവശേഷിയെ കയറ്റിയയക്കുക എന്നത് ഒരു ചീത്തകാര്യമല്ല; പക്ഷേ അത് ഇവിടെ അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടാകരുത്. ഇത്രയും പ്രകൃതിവിഭവങ്ങളാല്‍ അനുഗൃഹീതമായ കേരളത്തിന് അതിനെ ഉപയോഗപ്പെടുത്തി ഉല്‍പാദന വിപ്ലവം സൃഷ്ടിക്കുവാന്‍ സാധിക്കുന്നില്ല എന്നത് നമ്മുടെ വികസന കാഴ്ചപ്പാടിന്റെ പരിമിതിയാണ്. കാര്‍ഷിക വ്യാവസായിക സേവന മേഖലകളിലെല്ലാം ഭാവനയുടെയും ഇച്ഛാശക്തിയുടെയും അഭാവം മൂലമുള്ള സ്തംഭനം നിലനില്‍ക്കുകയാണ്.

ഇന്ത്യയിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യത്തേക്കാള്‍ അസമത്വമാണ് കേരളീയ സമൂഹത്തിന്റെ മുഖ്യ പ്രശ്‌നം. ജീവിത നിലവാരത്തില്‍ ഇത് പ്രകടമാണ്. നവോത്ഥാനത്തോടെ ജാതീയതയെ ഇല്ലാതാക്കി എന്ന് നടിക്കുമ്പോഴും ജാതീയത ആന്തരികമായി ശക്തിപ്പെടുകയും പുതിയ രൂപഭാവങ്ങളില്‍ ഇന്നും നിലനില്‍ക്കുകയും ചെയ്യുന്നു. സത്രീ സമൂഹത്തിന്റെ ആത്മാഭിമാനം, സാമൂഹിക പദവി എന്നിവയില്‍ തുടരുന്ന അരക്ഷിതാവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഭക്ഷണം, ജീവിതനിലവാരം എന്നിവയില്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം, തോട്ടം മേഖലയിലും പരമ്പരാഗത വ്യവസായ മേഖലയിലും ഇതരമേഖലകളെ അപേക്ഷിച്ച് നിലനില്‍ക്കുന്ന കുറഞ്ഞ കൂലിനിരക്ക്……. ഇങ്ങനെ നീണ്ടുകിടക്കുകയാണ് അസന്തുലിതമായ കേരളീയ സാമൂഹിക ഘടന.

എല്ലാവര്‍ക്കും എല്ലാ മേഖലയിലും പൊതുവായി നിശ്ചയിക്കപ്പെടുന്ന അടിസ്ഥാന മാനദണ്ഡങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താനും ശമ്പളം, പെന്‍ഷന്‍, കൂലിനിരക്ക്, വാഹനം, പാര്‍പ്പിടം തുടങ്ങി വിവിധ മേഖലകളില്‍ ഉയര്‍ന്നതും താഴ്ന്നതുമായ പരിധി നിശ്ചയിക്കാനും കഴിഞ്ഞാല്‍ മാത്രമേ സന്തുലിതമായ ഒരു സമൂഹം നമുക്ക് സൃഷ്ടിക്കാനാവൂ.

ഈ നിയമസഭാ തെരഞ്ഞെടുപ്പ് കണ്ടുപരിചയിച്ച കേരളത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു കേരളത്തെക്കുറിച്ച് ആലോചിക്കാനുള്ള സന്ദര്‍ഭമാണ്. മുഖ്യധാരാ കേരളം സ്തംഭനാവസ്ഥയിലേക്കെത്തിയിരിക്കുന്നു. ഇടത്-വലത്-സംഘ്പരിവാര്‍ മുന്നണികളുടെ നേതൃത്വത്തില്‍ നാം സ്തംഭിച്ചുപോയ ഒരു ജനതയായി തീരുകയായിരുന്നു. ഈ മൂന്ന് മുന്നണികളുടെ കൈയിലും കേരളത്തെ മുന്നോട്ടുനയിക്കാനാവശ്യമായ ആശയങ്ങളോ പദ്ധതികളോ ഇല്ല. മറ്റൊരു കേരളത്തെക്കുറിച്ച ചിന്തയും ചര്‍ച്ചയും ഉയര്‍ത്തിക്കൊണ്ടുവന്ന് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാവൂ. ഇടതും വലതും തമ്മില്‍ ബാലസാഹിത്യ പ്രസിദ്ധീകരങ്ങളില്‍ പറയുന്ന എട്ടുവ്യത്യാസങ്ങള്‍ പോലും കണ്ടുപിടിക്കാന്‍ കഴിയാത്ത കേരളത്തിലാണ് നാം ജീവിക്കുന്നത്. പഠന കോണ്‍ഗ്രസുകള്‍ നടത്തി വലതുപക്ഷത്തിന്റെ നയം അവരേക്കാള്‍ കാര്യക്ഷമമായി ഞങ്ങള്‍ നടപ്പിലാക്കുമെന്ന് വലിയ ഇടതുപക്ഷ പാര്‍ട്ടി പ്രഖ്യാപിക്കുന്ന കാലം.

ഇടതിനു വോട്ടുകൊടുത്താലും വലതിനു വോട്ടുകൊടുത്താലും ഒരേ നയത്തിനാണ് വോട്ടിടുന്നത് എന്ന വോട്ടറുടെ പ്രതിസന്ധി. ഈ പ്രതിസന്ധിക്ക് ഒരു വ്യാജ പരിഹാരം ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. അത് സംഘ്പരിപാവാര്‍ രാഷ്ട്രീയത്തിന്റേതാണ്. അവര്‍ക്ക് ഇതുവരെ കേരളം ഭരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷേ അവര്‍ ഒന്നിലധികം തവണ ഇന്ത്യ ഭരിച്ചവരാണ്. ഇപ്പോള്‍ ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഭരിച്ചവരും ഇപ്പോഴും ഭരണത്തിലിരിക്കുന്നവരുമാണ്. ഈ ഇടത്-വലത് മുന്നണികളുടെ കേരളത്തേക്കാള്‍ മെച്ചപ്പെട്ട ഇതര സംസ്ഥാനങ്ങളോ ഇന്ത്യ തന്നെയോ ഇവര്‍ സൃഷ്ടിച്ചിട്ടില്ല. ജനവിരുദ്ധതയിലും പാരിസ്ഥിതിക നശീകരണത്തിലും കര്‍ഷക ദ്രോഹത്തിലും മൂലധന ദാസ്യത്തിലും ഖജനാവ് കൊള്ളയിലും ഇവരോടെല്ലാം മത്സരിച്ച് ജയിച്ചവരാണ് ഭാരതീയ ജനതാ പാര്‍ട്ടിക്കാര്‍. കേരളത്തില്‍ കിട്ടിയ ഒരു തദ്ദേശ സ്വയംഭരണ വാര്‍ഡിലോ പഞ്ചായത്തിലോ മുനിസിപ്പാലിറ്റിയിലോ പോലും വ്യത്യസ്തമായ ഒരു മാതൃക സൃഷ്ടിക്കാത്തവരാണിവര്‍. കേരളത്തിന് ഇവര്‍ വഴികാട്ടും എന്ന് പറയുന്നത് ഇതുവരെ ഭരണം കിട്ടാത്ത സൗകര്യത്തിന്റെ പുറത്തുള്ള വിടുവായത്തം മാത്രമാണ്. ഇതുവരെ ഭരിച്ചവര്‍ക്ക് ബദലായ എന്തെങ്കിലും ആശയങ്ങള്‍ ബി.ജെ.പി ജനസമക്ഷം സമര്‍പ്പിച്ചിട്ടില്ല. അങ്ങനെ വല്ല ആശയവും അവരുടെ കൈയിലുണ്ടായിരുന്നെങ്കില്‍ അത് മോദി ഭരണത്തില്‍ പ്രതിഫലിക്കേണ്ടതായിരുന്നു. ജനവിരുദ്ധതയുടെയും കോര്‍പറേറ്റ് ദാസ്യത്തിന്റെയും ഉത്സവമാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍.

ഇടതും വലതും അതിവലതുമല്ലാത്ത മറ്റൊരു കേരളത്തെക്കുറിച്ച ചിന്തയും ചര്‍ച്ചയും ഉയര്‍ത്തിക്കൊണ്ടുവന്നുമാത്രമേ നമുക്ക് ഈ പ്രതിസന്ധി മുറിച്ചുകടക്കാനാകൂ. ഇത് ജനപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രപരമായ കടമയാണ്. ഈ ചരിത്രസന്ധിയിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരളത്തെസംബന്ധിച്ച ചില പുതിയ നയസമീപനങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഇത് കേരളം മുഖവിലക്കെടുക്കുമെന്നും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്. കാരണം, കേരളത്തിന് ക്രിയാത്മകമായി മുന്നോട്ടുപോകാന്‍ ഒരു പുതിയ വഴി കണ്ടെത്തിയേ മതിയാവൂ. സ്തംഭിച്ച കേരളത്തെയാണ് ഇടതും വലതും പ്രതിനിധീകരിക്കുന്നത്. കേരളത്തിന് ഇനിയും ഇങ്ങനെ ഏറെക്കാലം മുന്നോട്ടുപോകാനാവില്ല. മറ്റൊരു കേരളത്തെക്കുറിച്ച് നാം അടിയന്തിരമായി ആലോചിക്കേണ്ടതുണ്ട്.

വികസന വാഗ്ദാനങ്ങളുടെ വേലിയേറ്റം നടക്കുന്ന കാലമാണ് തെരഞ്ഞെടുപ്പ്. വികസനത്തെപ്പിടിച്ച് ആണയിട്ടും വികസനത്തിന്റെ പേരില്‍ യാചിച്ചുമാണ് ഓരോ മുന്നണിയും ജനങ്ങളെ അഭിമുഖീകരിക്കുന്നത്. ഈ വികസന വാദികളുടെ വികസന സങ്കല്‍പ്പങ്ങളാണ് കേരളത്തെ ഇത്ര ദരിദ്രമാക്കിയതും പ്രതിസന്ധിയില്‍ അകപ്പെടുത്തിയതും. വികസിക്കാത്തതല്ല കേരളത്തിന്റെ കുഴപ്പം; തെറ്റായ ദിശയില്‍ വികസിക്കുന്നതാണ്. ഓരോരുത്തരുടെയും വികസസങ്കല്‍പ്പനത്തില്‍ നിന്നാണ് അവരുടെ രാഷ്ട്രീയം ഏറ്റവും കൃത്യമായി നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. വികസനത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നവരോട് ഏത് വികസനം, ആരുടെ വികസനം എന്നു ചോദിക്കാന്‍ നമുക്ക് കഴിയണം. വികസനത്തിന്റെ മറ്റൊരു വഴിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഇവിടെ അവതരിപ്പിക്കുന്നത്. മണ്ണിനും സാധാരണ മനുഷ്യര്‍ക്കും പരിക്കുകളേല്‍പ്പിച്ച യാഥാസ്ഥിതിക വികസന രീതിക്കെതിരെ സുസ്ഥിരവും അവസാനത്തെ പൗരന്റെയും സ്വാഭിമാനത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ മറ്റൊരു വികസന വഴി.

 

ക്ഷേമ കേരളം


നീതി, സാഹോദര്യം എന്നിവയില്‍ അധിഷ്ഠിതമായ, അസമത്വവും ചൂഷണവുമില്ലാത്ത, പൗരന്റെ സംതൃപ്തിയും സന്തോഷവും മുഖ്യപരിഗണനയാകുന്ന ഭരണ-സാമൂഹിക സംവിധാനമാണ് ക്ഷേമ കേരളത്തിലൂടെ പാര്‍ട്ടി വിഭാവന ചെയ്യുന്നത്. എല്ലാവര്‍ക്കും അന്തസ്സായി ജീവിക്കാന്‍ കഴിയുന്ന നാടായി കേരളം മാറണം. സ്വന്തം കാലില്‍ നില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥ, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍, സമാധാനപരമായ സുരക്ഷിത സാമൂഹിക സാഹചര്യം, സുതാര്യമായ വികേന്ദ്രീകൃത ഭരണ സംവിധാനം, കൂടുതല്‍ വളരുന്ന കാര്‍ഷിക രംഗം, എല്ലാവര്‍ക്കും തുല്യാവസരമുള്ള ആരോഗ്യ-വിദ്യാഭ്യാസ മേഖല, ദുര്‍ബലര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷാ പദ്ധതികള്‍, സന്തുലിതമായ പരിസ്ഥിതി, വിവേചനരഹിതമായ സാമൂഹികഘടന, സര്‍വോപരി അടിസ്ഥാനാവശ്യങ്ങളെ കുറിച്ച് ആശങ്കയില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരു നാടാകണം കേരളം.

ഇതിനായി അധികാര വികേന്ദ്രീകരണം കാര്യക്ഷമമാക്കും. സെക്രട്ടേറിയറ്റ് കേന്ദ്രീകൃതമായ നിലവിലെ ഭരണ സംവിധാനമാണ് അഴിമതി സൃഷ്ടിക്കുന്നത്. സ്വാധീനമുള്ളവര്‍ക്ക് മാത്രം അവകാശങ്ങള്‍ ലഭ്യമാകുന്ന സമ്പ്രദായം അധികാരികളെ കൂടുതല്‍ തന്‍പ്രമാണികളാക്കുന്നു. ഇടനിലക്കാരെ സൃഷ്ടിക്കുന്നു. കേന്ദ്രീകൃതമായ ഭരണരീതിയില്‍ വലിയ തോതിലുള്ള പൊളിച്ചെഴുത്ത് അനിവാര്യമാണ്. പഞ്ചായത്ത് രാജ്, നഗരപാലിക നിയമം ഇപ്പോഴും ലക്ഷ്യത്തിലെത്തിയിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങളിലൂടെ ജനങ്ങളുടെ ഭൂരിപക്ഷം ആവശ്യങ്ങളും നിവര്‍ത്തിക്കപ്പെടുന്ന ഒരു ഭരണരീതിയാണ് കേരളത്തിന് അനുപേക്ഷണീയം. അതിന് തടസ്സം നില്‍ക്കുന്നത് അധികാര കേന്ദ്രീകരണവും അതുവഴി അഴിമതിയും ലക്ഷ്യംവെക്കുന്ന സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളാണ്. ഇതിന് മാറ്റം വരണം. സംസ്ഥാന ബജറ്റിന്റെ പകുതിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴി വിനിയോഗിക്കുന്ന രീതിയിലേക്ക് അധികാര നിര്‍വഹണത്തെ മാറ്റിയെടുക്കും. വന്‍കിട പദ്ധതികളല്ലാത്ത എല്ലാ വികസന പ്രവര്‍ത്തനങ്ങളും ക്രമേണ പ്രാദേശിക ഭരണകൂടങ്ങളിലുടെ നിര്‍വഹിക്കും. പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിന് പകരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്ന രീതി കൊണ്ടുവരും. ഇതിന് ജനസംഖ്യയെ മാനദണ്ഡമാക്കും. ആസൂത്രണം സമ്പൂര്‍ണമായി തദ്ദേശഭരണതലത്തിലാക്കും. മോണിറ്റര്‍ സംവിധാനങ്ങള്‍ ജനപങ്കാളിത്തത്തോടെ ലഘൂകരിക്കുകയും കാര്യക്ഷമമാക്കുകയും ചെയ്യും.

റവന്യൂ ഭരണ സംവിധാനങ്ങള്‍ ജനസംഖ്യാനുപാതികമായി പുനഃസംഘടിപ്പിക്കും. ദേശീയ ശരാശരിയേക്കാള്‍ കുറവാണ് കേരളത്തിലെ റവന്യൂ ഭരണ സംവിധാനം. ചെറിയ ഭരണപ്രദേശത്തിനാണ് കൂടുതല്‍ കാര്യക്ഷമത. കേരളത്തിലെ ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവിന് ആനുപാതികമായി റവന്യൂ സംവിധാനത്തില്‍ മാറ്റംവരണം. ഇതില്‍ തന്നെ മലബാര്‍ മേഖലയില്‍ നിലനില്‍ക്കുന്ന വന്‍തോതിലുള്ള അസമത്വം പരിഹരിക്കും. കൂടുതല്‍ ജില്ലകളും താലൂക്ക്-വില്ലേജ് ഘടനകളും രൂപീകരിക്കും.

കൃഷി ചെയ്യാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കും. ഭൂവിനിയോഗത്തിലെ പ്രഥമ പരിഗണന കൃഷിക്കായിരിക്കും. ഭൂരഹിതര്‍ക്ക് പത്തു സെന്റെങ്കിലും ഭൂമി ലഭ്യമാക്കും. ഭവന രഹിതര്‍ക്ക് സര്‍ക്കാര്‍ പാര്‍പ്പിടം ലഭ്യമാക്കും. കേരളത്തിലെ റവന്യൂ ഭൂമിയുടെ 58 ശതമാനം രണ്ടോ മൂന്നോ വരുന്നോ തോട്ടം ഉടമകളുടെ കൈയിലാണ്. അറുപതിനായിരം ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത ടാറ്റയുടെ കണ്ണന്‍ ദേവന്‍ കമ്പനി ഒരു ലക്ഷത്തിമുപ്പതിനായിരം ഏക്കര്‍ കൈവശംവെക്കുകയാണ്. ഹാരിസണ്‍ മലയാളം എന്ന വിദേശ കമ്പനിയുടെ കൈയില്‍ ഒരു ലക്ഷം ഏക്കറാണുള്ളത്. സര്‍ക്കാറില്‍ വന്നുചേരേണ്ട അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമി തോട്ടമുടമകളുടെയും സ്വകാര്യ വ്യക്തികളുടെയും കൈവശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം അന്വേഷിച്ച ഐ.ജി. ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും. കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി പുനര്‍നിര്‍ണയിക്കും. ഭൂപരിഷ്‌കരണ നിയമത്തിലെ പിഴവുകളും വിവേചനങ്ങളും പരിഹരിച്ച് ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ക്ക് ഭൂഉടമസ്ഥത ലഭ്യമാകുന്ന സമഗ്ര ഭൂപരിഷ്‌കരണ നിയമം നടപ്പാക്കും.

ആരോഗ്യവും വിദ്യാഭ്യാസവും പൗരന്‍മാരുടെ അവകാശമായി പ്രഖ്യാപിക്കും. ഏതറ്റംവരെയും പഠിക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. അഥവാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, വ്യവസായ-വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരെ സഹകരിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ കണ്ടെത്തി നല്‍കും. വ്യകതിത്വവികസനം, മാനേജ്‌മെന്റ് നൈപുണികള്‍ എന്നിവ സ്‌കൂള്‍തല പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഉപരിപഠന, തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ എല്ലാ വിദ്യാലയങ്ങളിലുടെയും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നല്‍കും. എല്ലാവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കും. സര്‍ക്കാര്‍ ആശുപത്രികളെ പൂര്‍ണ സജ്ജമാക്കും. മുഴുവന്‍ ആളുകളുടെയും ചികിത്സക്ക് അത് മതിയാകാതെ വന്നാല്‍ സ്വകാര്യ ആശുപത്രികളിലും പൗരന്മാര്‍ക്ക് സര്‍ക്കാര്‍ ചികിത്സ ലഭ്യമാക്കും. ഇത്തരം ചികിത്സകള്‍ സ്വകാര്യ ആശുപത്രികളുടെ നിര്‍ബന്ധ ബാധ്യതയാക്കും. സ്വകാര്യ ആശുപത്രികളെ ഗ്രേഡിംഗിന് വിധേയമാക്കി ചികിത്സാനിരക്ക് സര്‍ക്കാര്‍ നിശ്ചയിക്കും.

എല്ലാ പൗരന്‍മാര്‍ക്കും ഏറ്റവും ഗുണനിലവാരമുള്ള ഭക്ഷണം സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ ലഭ്യമാക്കും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യസം അവസാനിപ്പിക്കും. ഭക്ഷ്യസാധനങ്ങളുടെ വിതരണത്തില്‍ ഈ വ്യത്യാസമാണ് ബി.പി.എല്‍ വിഭാഗത്തിന് നല്‍കുന്ന ആനുകൂല്യങ്ങളുടെ നിലവാരത്തകര്‍ച്ചക്ക് പ്രധാന കാരണം. ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നവരുടെ അന്തസ്സിനെയും ഈ വര്‍ഗീകരണം കാര്യമായി ബാധിക്കുന്നുണ്ട്. എ.പി.എല്‍, ബി.പി.എല്‍ വ്യത്യസം തിരിച്ചുള്ള ആനുകൂല്യ വിതരണ രീതിക്ക് പകരം ദാരിദ്രനിര്‍മാര്‍ജന പദ്ധതികള്‍ വ്യാപകമായി നടപ്പിലാക്കും.

ചരിത്രപരമായ കാരണങ്ങളാല്‍ അവകാശം നിഷേധിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശ പുനഃസ്ഥാപനത്തിന് വേണ്ടിയുള്ള ധനാത്മക വിവേചന (Positive Discrimination) നടപടിയായ സംവരണം കൂടുതല്‍ കാര്യക്ഷമമായും സാന്ദ്രതയിലും നടപ്പിലാക്കും. നിലവിലുള്ള പട്ടികജാതി വിഭാഗത്തിന് സംവരണ നഷ്ടം സംഭവിക്കാതെ ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സംവരണം ലഭ്യമാക്കും. രാജ്യത്ത് സ്വകാര്യവല്‍ക്കരണം ത്വരിതപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യമേഖലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. സംവരണമുള്ള സര്‍ക്കാര്‍ മേഖലാ ശുഷ്‌കിക്കുകയും സംവരണരഹിത സ്വകാര്യമേഖല വിപുലമാവുകയും ചെയ്യുകയാണ്. ഇത് രാജ്യത്ത് സംവരണം നിലനില്‍ക്കെത്തന്നെ സംവരണം ഇല്ലാതായിത്തീരുന്ന അവസ്ഥയാണ്. ഭരണഘടന മുന്നോട്ടുവെക്കുന്ന ക്ഷേമരാഷ്ട്ര സങ്കല്‍പത്തെ റദ്ദാക്കുന്ന സാമൂഹിക സാഹചര്യമാണിത്. ഇതിനെ പ്രതിരോധിക്കാന്‍ സ്വകാര്യ മേഖലയില്‍ അടിയന്തിരമായി സംവരണം കൊണ്ടുവരും. എയ്ഡഡ് വിദ്യഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ മേഖലക്ക് ആനുപാതികമായ സംവരണം കൊണ്ടുവരും.

സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം എല്ലാ മേഖലകളിലും ഏര്‍പ്പെടുത്തും. നിയമസഭയില്‍ 33 ശതമാനം സംവരണം കൊണ്ടുവരും. അതിനകത്ത് ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്തും. സ്ത്രീകളുടെ സുരക്ഷിതമായ യാത്രക്കും പൊതുപങ്കാളിത്തത്തിനും പ്രാധാന്യം നല്‍കി കൂടുതല്‍ ശക്തമായ നിയമം കൊണ്ടുവരും. പോലീസില്‍ കൂടുതല്‍ വനിതകളെ നിയമിക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണ കേസുകളുടെ നടത്തിപ്പിന് വേഗത്തിലാക്കാന്‍ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികളും നിലവിലെ കോടതികളില്‍ പ്രത്യേക ബെഞ്ചുകളും സ്ഥാപിക്കും.

തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ സംയോജനത്തോടെ രൂപീകൃതമായ കേരള സംസ്ഥാനത്ത് വികസനത്തിലും വിഭവവിതരണത്തിലും ഭൂമിശാസ്ത്രപരവും ജനസംഖ്യാനുപാതികവുമായ നീതി പാലിക്കപ്പെട്ടിട്ടില്ല എന്നത് കേരളീയ വികസനത്തിലെ പ്രകടമായ വിവേചനമാണ്. മലബാര്‍ മേഖലയിലെ ആറു ജില്ലകള്‍ ഇതിന്റെ നേര്‍ചിത്രമാണ്. വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, റവന്യൂ ഡിവിഷനുകള്‍, ഗതാഗത സൗകര്യങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കേരളത്തിലെ ഇതര പ്രദേശങ്ങളേക്കാള്‍ വളരെ പിന്നിലാണ് മലബാര്‍. ഈ അസമത്വത്തിന് പത്ത് വര്‍ഷം കൊണ്ട് പരിഹാരമുണ്ടാക്കും. ഇതിനായി മലബാറിന്റെ സമഗ്രവികസനത്തിന് വഴിവെക്കുന്ന പ്രത്യേക പാക്കേജ് തയ്യാറാക്കും. ബഡ്ജറ്റുകളില്‍ ഇതിനായി പ്രത്യേക പദ്ധതി ഉള്‍പ്പെടുത്തും. സമയബന്ധിതമായി വിവേചനങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന അധികാരനിര്‍വഹണ സംവിധാനവും ഒപ്പം സംവിധാനിക്കും. കേരളത്തിലെ ഏതെങ്കിലും മേഖലകളില്‍ പൊതുവായ സന്തുലിതത്വം പാലിക്കപ്പെടാതെ പോയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കും.

പൗരന്മാരെ സ്വാശ്രയരാക്കാനും അവരുടെ അന്തസ്സ് സംരക്ഷിക്കാനുമുള്ള പ്രധാനപ്പെട്ട ഒരുവഴിയാണ് ഭരണ സുതാര്യത. ഒരാവശ്യം ഉന്നയിച്ചാല്‍ എത്ര സമയംകൊണ്ട് എന്ത് പരിഹാരം ഉണ്ടാകും എന്നതിന് നിര്‍ണിതമായ ചട്ടങ്ങളുണ്ടാവണം. അത് ആവശ്യമുന്നയിക്കുന്നവരെ/ജനങ്ങളെ ബോധ്യപ്പെടുത്തണം. നിശ്ചിത സമയത്തിനകം ആവശ്യം നിറവേറ്റപ്പെടാതിരുന്നാല്‍ അതിന് മുകളിലുള്ളവരെ സമീപിച്ച് പരിഹാരമുണ്ടാക്കാന്‍ കഴിയണം. സേവനാവകാശ നിയമം ഒരു ചെറിയ പരിധിവരെ ഈ മൂല്യത്തെ മുന്നോട്ടുവെക്കുന്നു. മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളിലും സേവനാവകാശ നിയമം നടപ്പാക്കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് ജനങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ തുടര്‍നടപടികളുടെ പൂര്‍ത്തീകരണം സര്‍ക്കാര്‍ ബാധ്യതയായിത്തീരുന്ന സാഹചര്യമാണ് അഴിമതി ഇല്ലാതാക്കുക.

അന്വേഷണ ഏജന്‍സികള്‍ അടക്കം മുഴുവന്‍ വകുപ്പുകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. കാരണം അത് അവകാശം നിഷേധിക്ക പ്പെടുന്നവരുടെ അവകാശമാണ്. വിവരാവകാശ നിയമത്തിലൂടെ ലഭ്യമാവുന്ന മുഴുവന്‍ വിവരങ്ങളും അപേക്ഷയില്ലാതെ തന്നെ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കും. ഓരോ പദ്ധതിയുടെയും ചിലവിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലായോ എന്ന് പരിശോധിക്കാന്‍ ഓഡിറ്റിംഗ് കമ്മിറ്റിക്ക് രൂപം നല്‍കും. ജനകീയ ഓഡിറ്റിംഗ് സംവിധാനം സംസ്ഥാനതലം മുതല്‍ പഞ്ചായത്ത് തലം വരെ നടപ്പിലാക്കും.

ഓരോ അഞ്ച് വര്‍ഷവും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് എന്ന പേരില്‍ ആയിരത്തോളം ആളുകളെയാണ് നാം തീറ്റിപ്പോറ്റുന്നത്. ഈ അനാശ്യാസ സമ്പ്രദായം അവസാനപ്പിക്കും. മന്ത്രിമാരെ സഹായിക്കാന്‍ ആവശ്യമായ സ്റ്റാഫിനെ സര്‍വീസില്‍ നിന്നുതന്നെ ഡെപ്യൂട്ടേഷനില്‍ നിയമിക്കും. വേണമെങ്കില്‍ ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയെ അധികമായി നല്‍കാവുന്നതാണ്. പേഴ്‌സണല്‍ സ്റ്റാഫിന്റെ ശമ്പള-പെന്‍ഷന്‍ ഇനത്തില്‍ മാത്രം പ്രതിവര്‍ഷം 30 കോടി രൂപ നാം ചിലവഴിക്കുന്നുണ്ട്.

ഭരണതീരുമാനങ്ങള്‍ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി നയപരമായി പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും ജനങ്ങള്‍ക്കിടയില്‍ റഫറണ്ടം സംഘടിപ്പിക്കും. ഉദാഹരണത്തിന് ദേശീയപാതയുടെ വീതി.

വികസന പദ്ധതികള്‍, ഭരണനിര്‍വഹണ സംവിധാനം എന്നിവയിലെ അഴിമതി തടയുന്നതിന് വേണ്ടി ജുഡീഷ്യല്‍ അധികാരത്തോടെ ജന്‍ലോക്പാല്‍ സംവിധാനം നടപ്പിലാക്കും.

വ്യക്തിയുടെയും കുടുംബങ്ങളുടെയും സന്തോഷത്തെയും സ്വാശ്രയത്വത്തെയും ആത്മാഭിമാനത്തെയും സ്വയംബഹുമാനത്തെയും(ലെഹള ൃലുെലര)േ ആരോഗ്യത്തെയും ഹനിക്കുന്ന ലഹരിപദാര്‍ഥങ്ങള്‍ സമ്പൂര്‍ണമായി നിരോധിക്കും. പത്തുവര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി സമ്പൂര്‍ണമായി ലഹരി നിരോധനം ഏര്‍പ്പെടുത്തും. കേരള വികസന മാതൃകക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് കേരളത്തിലെ വര്‍ധിച്ച മദ്യ ഉപഭോഗം. ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും കേരളം നേടിയെടുത്ത ലോകശ്രദ്ധയാകര്‍ഷിച്ച നേട്ടങ്ങളെ തകിടംമറിച്ചുകൊണ്ടിരിക്കുന്ന ഘടകമാണ് മദ്യം. മദ്യം ഒരു സാന്മാര്‍ഗിക പ്രശ്‌നമല്ല. ഒരു വികസന പ്രശ്‌നമാണ്. ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ക്ലബുകള്‍ക്കും മദ്യനിരോധനം ബാധകമാകുന്ന മദ്യനയം നടപ്പിലാക്കും. മദ്യ നിരോധനത്തിന്റെ ഭാഗമായി വില്‍പന ശാലകളുടെ എണ്ണത്തില്‍ മാത്രമല്ല; മദ്യഉല്‍പാദനത്തിലും വിതരണത്തിലും നിയന്ത്രണം കൊണ്ടുവരും.

വയോജനങ്ങളുടെ സംരക്ഷണം മക്കളുടെ ഉത്തരവാദിത്വമാക്കി നിയമം നിര്‍മ്മിക്കും. മാതാപിതാക്കളുടെ സംരക്ഷണത്തിന് സാമ്പത്തിക ശേഷിയില്ലാത്തവരെ സര്‍ക്കാര്‍ സഹായിക്കുന്ന നയം കൊണ്ടുവരും. ഒരു വയസ്സ് മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെയും 60 വയസ്സില്‍ കൂടുതല്‍ പ്രായമായ വയോജനങ്ങളുടെയും പകല്‍ സമയത്തെ മാനസികോല്ലാസത്തിന് വേണ്ടി പഞ്ചായത്ത് തലത്തില്‍ പ്രത്യേക വിഭാഗങ്ങളോട് കൂടിയ കമ്യൂണിറ്റി സെന്ററുകള്‍ ആരംഭിക്കും. വാഹന സൗകര്യവും ഏര്‍പ്പെടുത്തും. വയോജനങ്ങള്‍ക്കായി കൗണ്‍സിലിംഗ്, പരിചരണം, വിനോദം, വിശ്രമം ചെറിയ തൊഴില്‍ സൗകര്യങ്ങള്‍ എന്നിവയും കുട്ടികള്‍ക്കായി പരിചരണം, വിശ്രമം, കളികള്‍, പ്രീസ്‌കൂള്‍ എന്നീ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും. പാര്‍ക്കുകള്‍, മിനി തിയേറ്ററുകള്‍, ഗാര്‍ഡനുകള്‍ എന്നിവ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സ്ഥാപിക്കും. ജനങ്ങളുടെ മാനസികോല്ലാസം വര്‍ധിപ്പിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും അവ നടപ്പിലാക്കുകയും ചെയ്യും. എല്ലാ ആശുപത്രികളോടു ചേര്‍ന്നും കൗണ്‍സിലിംഗ് സൗകര്യങ്ങളൊരുക്കും.

നിര്‍മാണ കരാറുകള്‍ പൂര്‍മായും ഇ-ടെന്‍ഡറിംഗ് വഴിയാക്കും. കരാര്‍ നല്‍കുന്നവരുടെ നിര്‍മാണ ശേഷി, മുന്‍ പ്രവൃത്തികള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും കരാര്‍ നല്‍കുന്നത്. മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്കും സമയപരിധി നിര്‍ബന്ധമാക്കും. സമയപരിധി പിന്നിട്ടാല്‍ ഫൈന്‍ ബാധകമാക്കും. എസ്റ്റിമേറ്റ് പുതുക്കല്‍ പോലെയുള്ളവക്ക് പ്രത്യേക വിദഗ്ധ സമിതി രൂപീകരിക്കും. ഇവരുടെ പ്രവര്‍ത്തനങ്ങളഅ# വാര്‍ഷിക ഓഡിറ്റിംഗിന് വിധേയമാക്കും.

അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തികളില്‍ മണ്ഡലങ്ങളില്‍ നിലനില്‍ക്കുന്ന അസുന്തലിതത്വം പരിഹരിക്കും. ജനപ്രതിനിധികളുടെ മികവിന്റെ അടിസ്ഥാനത്തില്‍ പദ്ധതികളും ഫണ്ടും അനുവദിക്കുന്ന രീതി അവസാനിപ്പിക്കും.

ഗതാഗത സംവിധാനങ്ങളെ കാര്‍ബണ്‍ മുക്തമാക്കുന്നതിനുള്ള പദ്ധതി ആരംഭിക്കും. തുടക്കമെന്ന നിലയില്‍ പൊതുഗതാഗത സംവിധാനങ്ങളെ സി.എന്‍.ജിലേക്ക് പരിവര്‍ത്തിപ്പിക്കും. സി.എന്‍.ജിയിലേക്ക് പൊതുഗതാഗത വാഹനങ്ങളെ മാറ്റുന്നതിനുള്ള ചിലവ് പ്രത്യേക നികുതിയിളവിലൂടെ സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ വാഹനങ്ങളെ നിയന്ത്രിക്കുന്നതിന് ജനങ്ങളുമായി കൂടിയാലോചിച്ച് നയം രൂപീകരിക്കും. ഇതിനായി പ്രത്യേക റെഫറണ്ടം നടത്തും. സി.എന്‍.ജിയിലേക്ക് മാറുന്ന സ്വകാര്യ വാഹന ഉടമകള്‍ക്ക് നികുതിയിളവ് അനുവദിക്കും. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും. പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തെ കാര്‍ബണ്‍ മുക്ത ഗതാഗത സംവിധാനമുള്ള സംസ്ഥാനമാക്കി മാറ്റും.

പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യവാഹനങ്ങളെ നിയന്ത്രിക്കുന്നതുമായ ഗതാഗത നയം നടപ്പിലാക്കും. മെട്രോ, റെയില്‍വേ, റോഡ്, സബര്‍ബന്‍, ജല, വ്യോമ ഗതാഗതങ്ങളെ സംയോജിപ്പിക്കുന്ന യൂണിഫൈഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപീകരിക്കും. വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ പണമിടപാടിന് എകീകൃത സംവിധാനം ഒരുക്കും. സൈക്കിള്‍ യാത്ര പ്രോത്സാഹിപ്പിക്കും. പൊതുവാഹനങ്ങളുടെ നികുതി നിരക്ക് ലഘൂകരിച്ച് അതുവഴി യാത്രാക്കൂലി കുറക്കും. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒരുക്കും. കൂടുതല്‍ സൗകര്യങ്ങളുള്ള ഗതാഗത സംവിധാനങ്ങള്‍ പൊതുഗതാഗത രംഗത്ത് പ്രോത്സാഹിപ്പിക്കും.

ഒരു ജനവിഭാഗത്തിനെതിരെ(ഏത് ജനവിഭാഗമായാലും) നടത്തുന്ന ആക്രമണത്തിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തും. കലാപങ്ങള്‍ നടത്തുന്നവരില്‍ നിന്ന് കനത്ത നഷ്ടപരിഹാരം ഈടാക്കുകയും അത് ഇരകള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വര്‍ഗീയ കലാപ നിരോധന നിയമം കൊണ്ടുവരും.

വിവിധ കമ്യൂണിറ്റികള്‍ ഒന്നിച്ച് ജീവിക്കുന്ന സുരക്ഷിതവും സമാധാന പൂര്‍ണവും ഇന്‍ക്ലൂസീവുമായ സാമൂഹിക നിര്‍മിതി ഉറപ്പുവരുത്തും. ഫാഷിസ്റ്റ് ശക്തികളുടെ ഭിന്നിപ്പിലൂന്നിയതും സുരക്ഷിതത്വത്തിനും സമാധാനത്തിനുമെതിരായ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ സമൂഹത്തെ സജ്ജമാക്കും. ഫാഷിസത്തെ ചെറുക്കുന്നതിന് മുദ്രാവാക്യങ്ങള്‍ക്കും സെമിനാറുകള്‍ക്കും അപ്പുറം ക്രിയാത്മകമായ കര്‍മപരിപാടി ഉയര്‍ന്നുവന്നിട്ടില്ലായെന്നത് കേരളത്തിന്റെ വലിയ ദൗര്‍ബല്യമാണ്.

 

ആത്മാഭിമാനമുള്ള പൗരന്‍


ജനാധിപത്യ സമൂഹത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് പൗരന്റെ ആത്മാഭിമാനത്തെ പവിത്രവും അമൂല്യവുമായി കരുതുന്നു എന്നതാണെന്ന് പാര്‍ട്ടി മനസ്സിലാക്കുന്നു. രാഷ്ട്രവും ഭരണകൂടവും ഭരണാധികാരിയും ഭരണപദ്ധതികളും പൗരന്റെ ആത്മാഭിമാനത്തെ മാനിച്ചുകൊണ്ടുവേണം മുന്നോട്ടുകൊണ്ടുപോകാന്‍. സേച്ഛാധിപത്യത്തില്‍ നിന്നും രാജവാഴ്ചയില്‍ നിന്നും അധിനിവേഷഭരണകൂടത്തില്‍ നിന്നും ജനാധിപത്യ ഭരണകൂടത്തെ വ്യതിരിക്തമാക്കുന്നത് ഇതാണ്.

ഓരോ പൗരന്റെയും ആത്മാഭിമാനം വികസനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സൂചകമാവണം എന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. അധികാരം ജനങ്ങളെ ഭരിക്കാനുള്ളതല്ല. പൗരന്മാരുടെ സ്വാഭിമാന ബോധത്തെ സംരക്ഷിക്കാനും വളര്‍ത്താനുമുള്ളതാണ്. ഇപ്പോള്‍ ഭരണകൂടം ചെയ്യുന്നത് ജനങ്ങളെ ഭരണകൂടത്തിന്റെ കേവലാശ്രിതരും യാചകരുമാക്കി മാറ്റുക എന്നതാണ്. വില്ലേജാഫീസിലെ ഉദ്യോഗസ്ഥന്‍ മുതല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഭരണത്തെക്കുറിച്ച മനോഘടന ഇതാണ്. പഴയ രാജാക്കന്മാരുടെ പുത്തന്‍ പതിപ്പുകളാണവര്‍. അതുകൊണ്ടാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടത്തി എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു എന്നവകാശപ്പെടുന്നത്. ഒരു വില്ലേജാഫീസില്‍ അപേക്ഷ കൊടുത്താല്‍ സ്വാഭാവികമായും പരിഹരിക്കപ്പെടേണ്ട പ്രശ്‌നം ഇവിടെ അപരിഹാര്യമായ കുരുക്കായി മാറുന്നു. പിന്നെ അതെല്ലാം പരിഹരിക്കുന്ന ദിവ്യാവതാരമായി മുഖ്യമന്ത്രി പ്രത്യക്ഷപ്പെടുന്നു. പ്രശ്‌നങ്ങളുള്ളവര്‍ മുഖ്യമന്ത്രിക്കുമുന്നില്‍ വിനീതവിധേയരായി കാത്തുകെട്ടിക്കിടക്കുന്നു. ഇവിടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നോ ഇല്ലേ എന്നതിന് മുമ്പ് അവരുടെ ആത്മാഭിമാനം പരിഗണിക്കപ്പെടുന്നേ ഇല്ല എന്നുറപ്പാണ്. ജനങ്ങളെ സര്‍ക്കാരിന് മുമ്പില്‍ ആശ്രിതരാക്കി നിലനിര്‍ത്തുമ്പോള്‍ മാത്രമേ ഇവിടുത്തെ സാമ്പ്രദായിക യാഥാസ്ഥിക രാഷ്ട്രീയത്തിന് നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. അവകാശ ബോധമുള്ള ജനതയും അതേറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ സംവിധാനവും ഉണ്ടായാല്‍ അപ്രസക്തമാവുന്നതാണ് നമ്മുടെ നാട്ടിലെ യാഥാസ്ഥിക രാഷ്ട്രീയപ്രവര്‍ത്തനം. ജനങ്ങളുടെ ആത്മാഭിമാനം വികസനത്തിന്റെ ഒരു പ്രധാന പരിഗണനാ വിഷയമാകാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ആശ്രിതരാക്കുന്ന വികസനമല്ല, സ്വാശ്രയരാക്കുന്ന വികസനമാണ് കേരളത്തിനാവശ്യം. ഇത് രണ്ടും വികസനത്തെക്കുറിച്ച രണ്ടു മനോഭാവങ്ങളും രണ്ട് സംസ്‌കാരങ്ങളുമാണ്.

ആശ്രിതരാക്കുന്ന വികസനം സര്‍ക്കാര്‍ ഓഫീസില്‍ പോയാല്‍ ഒന്നാമത്തെ നിമിഷത്തില്‍ നാം അനുഭവിക്കും. സ്വാശ്രയരാക്കുന്ന വികസനം സര്‍ക്കാരോഫിസില്‍ പോകാതെ തന്നെ അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കും. സ്വാഭിമാനം പ്രധാന പരിഗണനാവിഷയമാവുമ്പോള്‍ ഇടനിലക്കാരില്ലാതെ ഓരോ പൗരനും സര്‍ക്കാന്‍ സംവിധാനത്തില്‍ ഇടപെടാന്‍ കഴിയും. സാമ്പ്രദായിക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരിലെ താന്‍പ്രമാണിത്തമുള്ളവരും ഞെട്ടിവിറക്കുന്ന ഒരു വികസന സങ്കല്‍പ്പമാണിത്. പൗരന്മാരുടെ അന്തസ്സിനെ വികസനത്തിന്റെ അടിത്തറയായി അംഗീകരിച്ചാല്‍ യാഥാസ്ഥിക രാഷ്ട്രീയക്കാര്‍ തൊഴില്‍രഹിതരാകും. സര്‍ക്കാര്‍ ജീവനക്കാരിലെ ജനവിരുദ്ധര്‍ പ്രതിസന്ധിയിലാവും.

ചരിത്രപരമായി സ്വാഭിമാനവും അന്തസ്സും നിഷേധിക്കപ്പെട്ട ദലിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മൂന്നാം ലിംഗക്കാര്‍, ദരിദ്രര്‍ എന്നിവരുടെ അന്തസ്സ് കൂടുതല്‍ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടും. ഇപ്പോള്‍ കഥ നേരെ തിരിച്ചാണ്. ചരിത്രപരമായി ആവിശ്യത്തിലധികം അന്തസ്സു നേടിയെടുത്തവരുടെ അന്തസ്സും അഭിമാനവും പ്രധാന പരിഗണനയാവുകയും മറ്റുള്ളവര്‍ അവഹേളിക്കപ്പെടുകയും ചെയ്യുന്നു. സര്‍ക്കാര്‍ സംവിധാനം അടക്കം നടത്തുന്ന അവഹേളനങ്ങളില്‍ നിന്നുള്ള മോചനമാണ് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വികസനം. അതുകൊണ്ടാണ് പരമ്പാരഗത രാഷ്ട്രീയക്കാര്‍ വികസനം എന്നത് ഒരു വായ്താരിയായി പറയുമ്പോള്‍ ആരുടെ വികസനം എന്ന് ചോദിക്കണം എന്നുപറഞ്ഞത്. പൗരന്മാരുടെ സ്വാഭിമാനത്തെ പടിപടിയായി വളര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കപ്പെടേണ്ടത്. അവരില്‍ എങ്ങനെ സ്വാശ്രയത്വം സൃഷ്ടിക്കാം എന്നാണ് സര്‍ക്കാര്‍ ആലോചിക്കേണ്ടത്. ഭക്ഷണം, തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം, കൃഷി ചെയ്യുന്നവര്‍ക്ക് ഭൂമി എന്നിവ പൗരാവകാശമായി പ്രഖ്യാപിക്കും.

എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് ചെറുകിട വ്യവസായ-വാണിജ്യ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കും. ഈ വിഭാഗങ്ങളെ വാണിജ്യ-വ്യവസായ രംഗത്തേക്ക് കൊണ്ടുവരുന്നതിന് പങ്കാളിത്ത (മറ്റ് വിഭാഗങ്ങളുമായി) സ്വഭാവത്തിലുള്ള പദ്ധതി തയ്യാറാക്കും. അതിന് ഈട് രഹിത, പലിശ രഹിത വായ്പകളും നികുതിയിളവുകളും നല്‍കും.

പ്രത്യേക ജാതി വിഭാഗങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്ന കോളനി സമ്പ്രദായങ്ങള്‍ പലനിലക്കും വിവേചനത്തിന് കാരണമാകുന്നുണ്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ അനുവദിക്കാതെ അത്തരം പ്രദേശങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നു. ഈ സമ്പ്രദായം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ജനാഭിപ്രായം തേടും. കമ്യൂണിറ്റി ഹൗസിംഗ് സ്‌കീം ആരംഭിക്കും. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ജീവിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പായ ഒന്നായിരിക്കും അത്.

വിദ്യാര്‍ഥികളുടെ യാത്രാനുകൂല്യം ഔദ്യാര്യമെന്ന നിലക്ക് ലഭ്യമാക്കുന്ന നിലവിലെ രീതി മാറ്റി അവരുടെ അവകാശമായി നിശ്ചയിക്കും. സര്‍ക്കാരിന്റെയും സ്വകാര്യ ബസ്സുടമകളുടെയും സാമൂഹിക ബാധ്യതയായി നിര്‍ണയിക്കും. വിദ്യാരഥികള്‍ക്ക് സമ്പൂര്‍ണ സൗജന്യ യാത്ര ഉറപ്പാക്കുന്ന ഇലക്‌ട്രോണിക് കണ്‍സെഷന്‍ കാര്‍ഡ് കൊണ്ടുവരും.

വ്യക്തികളുടെ മാത്രമല്ല, സമൂഹങ്ങളുടെ അഭിമാനത്തെയും സര്‍ക്കാര്‍ സംരക്ഷിക്കും. വംശീയമോ സാമുദായികമോ ആയ എല്ലാ അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളായി പരിഗണിക്കുന്ന നിയമം നിര്‍മിക്കും. ഭരണകൂടം വംശീയമോ സാമുദായികമോ ആയ ഒരു വിവേചനവും നടത്തുന്നില്ല എന്നുറപ്പുവരുത്താന്‍ മോണിറ്ററിംഗ് സംവിധാനം ഉണ്ടാക്കും. വനിതാ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, എസ്.സി-എസ്.ടി കമ്മീഷന്‍ എന്നിവക്ക് ജുഡീഷ്യല്‍ അധികാരം നല്‍കും.

തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത മുഴുവന്‍ പൗരന്‍മാരെയും സര്‍ക്കാര്‍ സംരക്ഷിക്കും. മുഴുന്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചറുകളും കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് സൗഹൃദപരമായ രീതിയില്‍ ആക്കിത്തീര്‍ക്കും. തൊഴില്‍ ശാലകളില്‍ മുലയൂട്ടാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമുള്ള സംവിധാനമൊരുക്കും. വിദ്യാര്‍ഥികള്‍ ചെലവ് നടത്തേണ്ടിവരുന്ന കുടുംബങ്ങളുടെ കുടുംബ ചെലവ് അവരുടെ പഠനം പൂര്‍ത്തിയാവുന്നത് വരെ സര്‍ക്കാര്‍ ഏറ്റെടുക്കും.

ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി നിര്‍മ്മിച്ച രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124-എ വകുപ്പ് മുതല്‍ യു.എ.പി.എ വരെയുള്ള മുഴുവന്‍ ജനാധിപത്യ വിരുദ്ധ നിയമങ്ങളുടെയും പ്രയോഗം സംസ്ഥാനത്ത് ഒഴിവാക്കുകയും നിയമം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. എല്ലാ ജനാധിപത്യ വിരുദ്ധ നിയമങ്ങളും കുറ്റാരോപിതരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നവയാണ്. പൗരന്‍മാര്‍ക്കിടയില്‍ വംശീയമോ രാഷ്ട്രീയമോ ആയ കാരണത്താല്‍ വിവേചനം കല്‍പ്പിക്കുന്നവയാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരാണ് ഇവ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. പോലീസിന്റെ അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഇരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കും. നഷ്ടപരിഹാരത്തുക വിവേചനമോ ആക്രമണമോ നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും.

 

സ്വയംപര്യാപ്ത സമൂഹം


വ്യക്തികളുടെയും സാമൂഹിക വിഭാഗങ്ങളുടെയും അന്തസ്സും സ്വയംപര്യാപ്തതയും പരസ്പര സഹകരണവും വളര്‍ച്ചയുടെയും വികസനത്തിന്റെയും വളരെ പ്രധാനപ്പെട്ട അടിസ്ഥാനമായി പരിഗണിക്കപ്പെടണം. കൃഷി, വാണിജ്യം, വ്യവസായം, സേവന മേഖലകളില്‍ വളര്‍ച്ചയില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്ക് ഉറപ്പുവരുത്തുന്ന (ഇന്‍ക്ലൂസീവ്) നയം രൂപപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനം ആളോഹരി ഉല്‍പാദനത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും എത്രകണ്ട് വര്‍ദ്ധനവ് സൃഷ്ടിക്കുന്നു എന്ന് പരിഗണിക്കുന്ന വികസന സങ്കല്‍പമാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്.

60 വയസ്സ് പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ ഗ്യാരണ്ടി പെന്‍ഷന്‍ സ്‌കീമുകള്‍ ഇല്ലാത്തവര്‍ക്ക് സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിക്കും. ഇതിനായി പ്രത്യേക പെന്‍ഷന്‍ ബോര്‍ഡ് രൂപീകരിക്കും. പെന്‍ഷന്‍ പദ്ധതിയിലെ അംഗങ്ങളുടെ പ്രീമിയം സര്‍ക്കാര്‍ അടക്കും. ഈ പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ പ്രീമിയത്തിന് പുറമേ വ്യക്തികള്‍ക്ക് സ്വന്തം വിഹിതം കൂടി ചേര്‍ത്ത് പെന്‍ഷന്‍ ആനുകൂല്യം വര്‍ദ്ധിപ്പിക്കാന്‍ അവസരമുണ്ടാകും. സ്റ്റ്യാറ്റിയൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കും. മാക്‌സിമം പെന്‍ഷന്‍ തുകയില്‍ സീലിംഗ് ഏര്‍പ്പെടുത്തും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ തൊഴില്‍ ബാങ്ക് രൂപീകരിക്കും. ഒരു പ്രദേശത്തെ തൊഴിലെടുക്കാനാഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവരുടെ നൈപുണി രേഖപ്പെടുത്തി തൊഴില്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളികളെ ആവശ്യമുള്ളവര്‍ തൊഴില്‍ ബാങ്കുമായി ബന്ധപ്പെടും. ഒരു പ്രദേശത്ത് ലഭ്യമാവുന്ന ഏതുതരം തൊഴിലാളികളെയും തൊഴില്‍ ബാങ്ക് തൊഴിലുടമകള്‍ക്ക് ലഭ്യമാക്കും. തൊഴിലുടമകള്‍ കൂലി തൊഴില്‍ ബാങ്കിന് നല്‍കും. തൊഴിലാളികള്‍ക്ക് ബാങ്ക് പ്രതിമാസ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭ്യമാക്കും. കേരളത്തിലെ കാര്‍ഷിക-നിര്‍മാണ മേഖലയിലെ കൂലിത്തൊഴിലാളികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നം തൊഴില്‍ രാഹിത്യമോ കൂലി കുറവോ അല്ല. ചിതറിയ രീതിയില്‍ ലഭിക്കുന്ന വരുമാനമാണ്. അഥവാ കൂലിയാണ്. ഇത് ഏകീകരിച്ച് സമാഹരിച്ച് ശമ്പള രൂപത്തില്‍ നല്‍കിയാല്‍ അവരുടെ ജിവിത നിലവാരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കും. കേരളത്തിലെ ചുമട്ടു തൊഴിലാളികളും ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്ന ക്ഷീര കര്‍ഷകരും ഇതിനുദാരണങ്ങളാണ്.

കര്‍ഷരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചന്തകള്‍ ആരംഭിക്കും. ഉല്‍പന്നങ്ങള്‍ക്ക് അടിസ്ഥാന വില നിശ്ചയിച്ചുകൊണ്ടുള്ള ലേല സമ്പ്രദായമായിരിക്കും ഇവിടെ സ്വീകരിക്കുക. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില യഥാര്‍ഥത്തില്‍ മാര്‍ക്കറ്റ് വിലയല്ല. കാരണം, ആ വിലയില്‍ പ്രസ്തുത കൃഷിയിലൂടെ അവരുല്‍പാദിപ്പിച്ച വെള്ളത്തിനോ ജീവ വായുവിനോ മണ്ണിന്റെ ഊര്‍വരതക്കോ വില ഗണിക്കപ്പെട്ടിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന സൈനികരെ സംരക്ഷിക്കുന്നതു പോലെത്തന്നെ ഭക്ഷ്യ സുരക്ഷയും പാരിസ്ഥിതിക സുരക്ഷയും ഉറപ്പുവരുത്തുന്ന കര്‍ഷകരെയും സര്‍ക്കാര്‍ സംരക്ഷിക്കും. കൃഷിക്ക് വലിയ അളവില്‍ സബ്‌സിഡിയും കാര്‍ഷികോല്‍പ്പനങ്ങള്‍ക്ക് സുരക്ഷിത വിലയും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തും.

പരിസ്ഥിതിയും കൃഷിയും പരസ്പര വിരുദ്ധമാണെന്ന ധാരണ തിരുത്തും. ശരിയായ കൃഷിയിലൂടെ മാത്രമേ പരിസ്ഥിതി സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ. കര്‍ഷകര്‍ കാര്‍ഷികോല്‍പ്പനങ്ങളുടെ ഉല്‍പാദകര്‍ മാത്രമല്ല, പരിസ്ഥിതിയുടെ സംരക്ഷകര്‍ കൂടിയാണ്. അതുകൂടി പരിഗണിച്ചുകൊണ്ടുള്ള ആനുകൂല്യങ്ങളും സംരക്ഷണങ്ങളും അവര്‍ക്ക് നല്‍കണം. കേരളത്തെ സമ്പൂര്‍ണ ജൈവകൃഷി സംസ്ഥാനമാക്കി മാറ്റും. അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തിനാവശ്യമായ പച്ചക്കറി കേരളത്തില്‍ നിന്ന് തന്നെ ഉല്‍പാദിപ്പിക്കും. തരിശ് നിലങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൃഷിയോഗ്യമാക്കും.

പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങളുടെ സംരക്ഷണത്തിന് ഏകീകൃത അതോറിറ്റി രൂപീകരിക്കും. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തിലെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി വയല്‍/തണ്ണീര്‍തടങ്ങള്‍ നികത്താം എന്ന ഇളവ് പിന്‍വലിക്കും. കേരളത്തിലെ വനം, വയല്‍, മല, തീരപ്രദേശം എന്നിവയുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കി കാര്യക്ഷമമായി സംരക്ഷിക്കും. കേരളത്തിലെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പരിസ്ഥിതി സംരക്ഷണ നടപടികളിലൂടെ വെള്ളത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കും.

പരിമിതമായ വിഭവങ്ങളുപയോഗിച്ച് അപരിമിതമായ വികസനം ഒരിക്കലും സാധ്യമല്ല. കുന്നുകളും മലകളും പുഴകളെപ്പോലെ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവന്ന് സംരക്ഷിക്കും. ഖനനങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മാത്രം നടത്തും. ഇതിനായി പ്രത്യേക ഏജന്‍സി രൂപീകരിക്കും. മുഴുവന്‍ സ്വകാര്യ ഖനനങ്ങളും നിരോധിക്കും. സുസ്ഥിര വികസനത്തിലൂന്നിയ ഖനനനയം രൂപപ്പെടുത്തും. പാരിസ്ഥിതിക നിയമങ്ങള്‍ മുഴുവന്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തും. എല്ലാതരം ഖനനങ്ങള്‍ക്കും നിശ്ചയിച്ച നിര്‍ബന്ധമക്കും. നിശ്ചിത അളവിന് മുകളിലുള്ള പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിന് കനത്ത വില നിശ്ചയിക്കും. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കും. പ്രകൃതി വിഭവങ്ങളുടെ വില്‍പനയിലൂടെ ലഭിക്കുന്ന സമ്പത്തിന്റെ ഒരു ഭാഗം ഇവയുടെ ഉപയോഗം മൂലം പ്രകൃതിയിലൂണ്ടാകുന്ന ആഘാതങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കും. ഖനനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയവും പ്രകൃതി സൗഹൃദപരവുമാക്കും. വികസന പദ്ധതികള്‍ക്കുള്ള പാരിസ്ഥിതികാനുമതി സത്യസന്ധവും സുതാര്യവുമാക്കും. നല്ല മണ്ണും നല്ല വെള്ളവും വിഷരഹിത ഭക്ഷണവും സമൃദ്ധമായ ജീവവായുവും സ്വയം തന്നെ വികസനമാണെന്ന അവബോധം ജനങ്ങളില്‍ സൃഷ്ടിക്കും.

വനാവകാശ നിയമവും 1975 ലെ ആദിവാസി ഭൂനിയമവും പ്രയോഗത്തില്‍ കൊണ്ടുവരും. ആദിവാസി ഊരുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കും. ആദിവാസി മേഖലയിലെ സര്‍ക്കാര്‍ സേവനത്തെ പ്രത്യേക സേവനമേഖലയാക്കും. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കാനാവശ്യമായ പരിശീലനം ലഭിച്ചവരെ മാത്രം ഈ മേഖലയില്‍ നിയമിക്കും. ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കുന്നിന് പൂര്‍ണാധികാരം നല്‍കും.വനത്തിന്റെ പരിസരത്ത് ജീവിക്കുന്നവര്‍ക്ക് വനസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായാല്‍ വനവിഭവങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് പ്രോത്സാഹനമായി നല്‍കും.

എല്ലാ ചെറു പദ്ധതികള്‍ക്കും സര്‍ക്കാര്‍ സഹായം ലഭ്യമാക്കും. ഓരോ വീട്ടിലും ഒരു ഉല്‍പാദക കേന്ദ്രം (അല്ലെങ്കില്‍ ഒന്നിലധികം വീടുകള്‍ ചേര്‍ന്ന ഒരു ഉല്‍പാദക കേന്ദ്രം) എന്ന ലക്ഷ്യം സാധ്യമാക്കും. വന്‍കിട പദ്ധകളെപ്പോലെത്തന്നെ ചെറുകിട പദ്ധതികള്‍ക്കും എല്ലാ പിന്തുണയും പ്രോത്സാഹനവും സര്‍ക്കാര്‍ നല്‍കും. ഇത്തരം പദ്ധതികളിലൂടെ ജനങ്ങളെ പരമാവധി സ്വാശ്രയരാക്കിത്തീര്‍ക്കും. സംരംഭകര്‍ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കും. ഇത്തരം സംരംഭകരുടെ ഉല്‍പന്നങ്ങള്‍ ശേഖരിച്ച് വിപണിയിലെത്തിക്കുന്നതിന് കേന്ദ്രീകൃത സംവിധാനം ആരംഭിക്കും.

കുടുംബശ്രീ യൂണിറ്റുകള്‍ വഴി പലിശരഹിത മൈക്രോഫിനാന്‍സിംഗ് പദ്ധതി നടപ്പിലാക്കും. ജനങ്ങള്‍ക്കിടയില്‍ ഉല്‍പദാനക്ഷമതയും സമ്പാദ്യശീലവും വിശ്വസ്ഥതയും വളര്‍ത്തിയെടുക്കും. വായ്പക്ക് ഈടിന് പകരം അയല്‍ക്കൂട്ടത്തിലെ അംഗങ്ങളുടെ ആള്‍ജാമ്യ രീതി സ്വീകരിക്കും. മല്‍സരത്തിന് പകരം സഹകരണത്തിന്റെ മനോഭാവം വളര്‍ത്തിയെടുക്കും. മത്സരമല്ല സഹകരണമാണ് ക്രിയാത്മക വളര്‍ച്ചയുടെ അടിസ്ഥാനം എന്ന മനോഭാവം വളര്‍ത്തിയെടുക്കും.

സമ്പൂര്‍ണ മാലിന്യ സംസ്‌കരണ പരിപാടി നടപ്പിലാക്കും. വികേന്ദ്രീകരണ സംസ്‌കരണത്തിനും ഉറവിട സംസ്‌കരണത്തിനും ഊന്നല്‍ നല്‍കും. സാക്ഷരതാ യജ്ഞത്തിന് സമാനമായ മാലിന്യ സംസ്‌കരണ യജ്ഞം നടപ്പിലാക്കും. ശുചിത്വ മിഷനെ സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജന ഏജന്‍സിയാക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളോട് സഹകരിച്ച് ശുചിത്വ മിഷന്‍ മാലന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പിലാക്കും. ഗാര്‍ഹിക മാലിന്യങ്ങളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കമ്പോസ്റ്റ് വളം ശേഖരിക്കും.

പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളെ പ്രയോജനപ്പെടുത്തി ഊര്‍ജ മേഖലയെ സ്വയംപര്യാപ്തമാക്കും. വ്യവസായ ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള കെട്ടിടങ്ങള്‍ക്ക് ഇത്തരത്തിലുള്ള സംവിധാനങ്ങളിലൂടെ ഊര്‍ജ സ്വയംപര്യാപ്തത നിര്‍ബന്ധമാക്കും. സാമ്പത്തിക പരാധീനതയുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കും. സോളാര്‍, കാറ്റ് തുടങ്ങിയ ഊര്‍ജ പദ്ധതികള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും നിലനില്‍ക്കുന്ന ഉയര്‍ന്നചെലവ് കുറച്ചുകൊണ്ടുവരുന്നതിന് കൂടുതല്‍ ഗവേഷണവും എജന്‍സികളും ആരംഭിക്കും.

ജി.സി.സി രാജ്യങ്ങളില്‍ മലയാളികളായ പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രത്യേക ഓഫീസുകള്‍ തുറക്കും. എംബസികളും തൊഴിലുടമകളുമായും ബന്ധപ്പെട്ട ആവശ്യങ്ങളുടെ അംഗീകൃത ഏജന്‍സിയായി ഇതിനെ മാറ്റിയെടുക്കും. തൊഴിലിടങ്ങളിലെ മെച്ചപ്പെട്ട ജീവിത സൗകര്യവും വേതനവും ഉറപ്പുവരുത്തുന്നതിനായി ഈ ഓഫീസിന് കീഴില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയമിക്കും. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നുതന്നെ വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കും.

എമിഗ്രേഷന്‍ ആക്ട് പ്രവാസികള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നതിന് നിയമപരവും രാഷ്ട്രീയവുമായ സമ്മര്‍ദ്ദം ശക്തിപ്പെടുത്തും. പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയോടുകൂടിയ ചെറുകിട നിക്ഷപ സൗകര്യങ്ങള്‍ ഒരുക്കും. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് നടത്താന്‍ കഴിയുന്ന വ്യാപാര വ്യവസായ കാര്‍ഷിക പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി പ്രത്യേക കോര്‍പറേഷന്‍ രൂപീകരിക്കും. മടങ്ങിവരുന്ന പ്രവാസികള്‍ക്ക് ഇത് സംബന്ധമായി പരിശീലനവും സാമ്പത്തിക സഹായവും ഉറപ്പുവരുത്തും. നോര്‍ക്കയെ കൂടുതല്‍ സ്വതന്ത്രമായ പ്രവാസി ക്ഷേമ ഏജന്‍സിയാക്കി മാറ്റും. പ്രവാസികളുടെ കുടുംബത്തിന് ആരോഗ്യ പരിരക്ഷക്ക് പ്രത്യേക പദ്ധതി ആരംഭിക്കും. പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസ അവസരം ചൂഷണരഹിതമായി ഉറപ്പാക്കും. പ്രവാസികളുടെ യാത്രാ മേഖലയില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങളും സാമ്പത്തിക ചൂഷണവും പരിഹരിക്കുന്നതിന് പ്രത്യേക നിയമനിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തും. പ്രവാസികളുടെ നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയുള്ള എയര്‍ലൈന്‍സ് യാഥാര്‍ഥ്യമാക്കും.

 

പുതിയ കേരളം സാധ്യമാണ്


ജാതിവ്യവസ്ഥയിലും തീവ്രദേശീയതയിലും ഊന്നിനില്‍ക്കുന്ന ഇന്ത്യന്‍ ഫാഷിസത്തെ പാര്‍ട്ടി തുറന്നെതിര്‍ക്കും. സവര്‍ണ ഫാഷിസത്തിന്റെ ജനാധിപത്യ വിരുദ്ധ ദേശീയതക്കെതിരെ ജനാധിപത്യ വല്‍ക്കരിക്കപ്പെട്ട ദേശീയതയെ ഉയര്‍ത്തിപ്പിടിക്കും. ഫാഷിസത്തിനെതിരെ ചിന്തിക്കുന്ന മുഴുവന്‍ വിഭാഗങ്ങളുടെയും ഏകീകരണത്തിന് പരിശ്രമിക്കും. ഇരകളെ ഐക്യപ്പെടുത്താന്‍ പരമാവധി യത്‌നിക്കും. മതേതര പാര്‍ട്ടികളുടെ തെറ്റായ സമീപനങ്ങളാണ് ഫാഷസത്തിന് കളമൊരുക്കുന്നത്. താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി സവര്‍ണ ഫാഷിസത്തിന്റെ അജണ്ടകള്‍ മതേതര പാര്‍ട്ടികള്‍ ഏറ്റുപിടിക്കുന്നതിലൂടെയാണ് അവര്‍ക്ക് മണ്ണൊരുക്കപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് ദുര്‍ബലവിഭാഗങ്ങള്‍ക്കുമെതിരെ വ്യാപകമായി ഉപയോഗിക്കപ്പെട്ട യു.എ.പി.എ പാസാക്കിയത് മുഴുവന്‍ മതേതര പാര്‍ട്ടികളുടെയും പിന്തുണയോടെ കഴിഞ്ഞ യു.പി.എ സര്‍ക്കാറായിരുന്നു. മുസ്‌ലിം തീവ്രവാദത്തെക്കുറിച്ച സാമ്രാജ്യത്വത്തിന്റെയും സംഘ്പരിവാറിന്റെയും പ്രചരണങ്ങളില്‍ പലതും ഇവിടെ മതേതര പാര്‍ട്ടികള്‍ ഏറ്റുപിടിക്കാറാണ് പതിവ്. ഇതിനെതിരായ ശരിയായ രാഷ്ട്രീയ വിദ്യഭ്യാസത്തിലൂടെ മാത്രമേ ഫാഷിസത്തെ തടഞ്ഞുനിര്‍ത്താനാവൂ. ബി.ജെ.പിയുടെ സംഘടനാ രൂപത്തിനപ്പുറം ബ്യൂറോക്രസിയിലും മറ്റ് അധികാര ഘടനകളിലും സ്വാധീനമുള്ള ഒരു മനോഘടനയാണിത്. ഇതിനെ അഭിമുഖീകരിച്ചുകൊണ്ടേ ഫാഷിസത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. ജാതി-മത-ലിംഗ-വര്‍ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി ജനകീയ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ജനങ്ങളുടെ ഐക്യനിര പടുത്തുയര്‍ത്തുകയും ഫാഷിസത്തിന്റെ വ്യാജ അജണ്ടകളെ നേരിടുകയും ഫാഷിസത്തെ പരാജയപ്പെടുത്തുകയും ചെയ്യണം. സവിശേഷ പ്രശ്‌നങ്ങളനുഭവിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളും അവയുടെ കാരണങ്ങള്‍ അനാവരണം ചെയ്തുകൊണ്ടുതന്നെ ജനകീയ പ്രശ്‌നങ്ങളായി പാര്‍ട്ടി ഉന്നയിക്കുകയും പരിഹരിക്കുകയും ചെയ്യും. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാനാണ് വെല്‍ഫെയര്‍ പാര്‍ട്ടി പരിശ്രമിക്കുന്നത്.

വരണ്ടുണങ്ങിയ കേരളം നമ്മെ ഭയപ്പെടുത്തുന്നു. പ്രകൃതിയുടെ വരദാനമായ കേരളത്തെ ഊഷരമാക്കിയ വികസനമാണ് ആറ് പതിറ്റാണ്ടായി കേരളത്തെ ഭരിച്ചവര്‍ നടപ്പാക്കിയത്. തെറ്റായ ഈ വികസന രീതി കേരളത്തെ നിശ്ചലമാക്കിയിരിക്കുന്നു. ഇനി ഒരു ചുവട് പോലും മുന്നോട്ടുപോകാനാവില്ല. പുതിയ സമീപനങ്ങള്‍ വേണം. നിക്ഷേപകനെയല്ല; സാമാന്യ ജനങ്ങളെയും പ്രകൃതിയെയും പരിഗണിക്കുന്ന വികസന വീക്ഷണം ആകണമത്.

പുതിയ കേരളത്തെ തീര്‍ച്ചയായും നിര്‍മിക്കാന്‍ കഴിയും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 42 ജനപ്രതിനിധികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞ പിന്തുണ നല്‍കിയ ജനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്ഷേമ കേരളത്തിനായി ജനപക്ഷ വികസന രേഖ വെല്‍ഫെയര്‍ പാര്‍ട്ടി ആത്മവിശ്വാസത്തോടെ സമര്‍പ്പിക്കുന്നു. പിന്തുണക്കുക.

അഭിവാദ്യങ്ങളോടെ

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, കേരള സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി

കണ്‍വീനര്‍
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, കേരളം

 

ക്ഷേമ കേരളത്തിന് ഒരു ജനപക്ഷ മാര്‍ഗരേഖ പി.ഡി.എഫ് രൂപത്തില്‍ ഡൗണ്‍ലോട് ചെയ്യാം.

 

 

Leave a Reply

Your email address will not be published. Required fields are marked *