‘ഭൂമി അല്ലെങ്കില്‍ മരണം ‘ – ടി. മുഹമ്മദ് വേളം

ഒരുപാട് നേട്ടങ്ങള്‍ക്കും പുരോഗതികള്‍ക്കുമിടയിലും കേരളത്തെകുറിച്ച് നീറുന്ന ഒരു സത്യമുണ്ട്; കേരളം ഭൂരഹിതരുടെ നാടുകൂടിയാണ്. ജനാധിപത്യ കേരളത്തെ തുറിച്ചു നോക്കുന്ന ചോദ്യമാണ് കേരളത്തിലെ ഭൂരഹിതര്‍. തൊണ്ണൂറുകള്‍ മുതല്‍ കേരളത്തിലുണ്ടായ ശ്രദ്ധേയമായ സമരങ്ങള്‍ ഏതാണ്ടെല്ലാം ഭൂമിയുമായി ബന്ധപ്പെട്ടതാണ്. മുത്തങ്ങ മുതല്‍ അരിപ്പ വരെയുള്ള ഭൂസമരങ്ങളാണ് പുതിയ കേരളത്തിന്റെ ഭൂപടം നിര്‍മ്മിക്കുന്നത്. ചെങ്ങറ പുതിയ കേരളത്തിലെ അത്യുജ്ജ്വലമായ ഒരു അധ്യായമാണ്. കേരളത്തില്‍ ഭൂരഹിതരില്ല; മിച്ചഭൂമിയുമില്ല എന്ന ഭരണവര്‍ഗ്ഗ നിലപാടിനെ സമരം കൊണ്ട് തകര്‍ക്കുകയായിരുന്നു ചെങ്ങറ.
ജനകീയ സമരപ്രമേയങ്ങള്‍ രാഷ്ട്രീയമായി ഘനീഭവിച്ചാണ് നവരാഷ്ട്രീയ പ്രസ്ഥാനമായ വെല്‍ഫെയര്‍ പാര്‍ട്ടി രൂപംകൊള്ളുന്നത്. ജനകീയ സമരങ്ങള്‍ ശിഥില ശൈലിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങളെ അധികാര രാഷ്ട്രീയത്തിനകത്ത് ഉന്നയിക്കുകയാണ്. അധികാരമാണ് ഏറ്റവും വലിയ ഏജന്‍സി എന്ന തിരിച്ചറിവാണ് ജനകീയ സമരപ്രവര്‍ത്തകരെ ഇത്തരമൊരു മുന്നേറ്റത്തിലേക്ക് നയിച്ചത്. പുത്തന്‍ രാഷ്ട്രീയത്തിന്റെ വളരെ ശക്തമായ പ്രമേയങ്ങളിലൊന്നാണ് കേരളത്തിലെ ഭൂമി പ്രശ്‌നം. അതുകൊണ്ടുതന്നെ വെല്‍ഫെയര്‍ പാര്‍ട്ടി തുടക്കം മുതല്‍ കേരളത്തിലെ ഭൂമി പ്രശ്‌നം സജീവമായി ഏറ്റെടുക്കുകയായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ ഭൂമികളിലേക്ക് പാര്‍ട്ടി ഭൂരഹിതരുടെയും ബഹുജനങ്ങളുടെയും മാര്‍ച്ചുകള്‍ സംഘടിപ്പിച്ചു. കേരളത്തിന്റെ പലഭാഗത്തായി എഴുപത്തേഴായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വെക്കുകയും ഇതില്‍ പന്ത്രണ്ടായിരത്തോളം ഏക്കറോളം ഭൂമി വ്യാജരേഖ ചമച്ചും ഉദ്യോഗസ്ഥ-രാഷ്ട്രീയ പ്രമുഖന്‍മാരെ സ്വാധീനിച്ചും മറിച്ചുവില്‍ക്കുകയും ചെയ്ത കേരളത്തിലെ ഏറ്റവും വലിയ ഭൂമാഫിയയാണ് ഹാരിസണ്‍. നിരവധി കോടതിവിധികള്‍ ഹാരിസണിനെതിരെ ഉണ്ടായിട്ടും ഇടത്-വലത് മുന്നണി സര്‍ക്കാറുകള്‍ ഹാരിസണിനെ സംരക്ഷിക്കുകയാണ്. ഹാരിസണ്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വയനാട്ടിലെ ചുണ്ടേല്‍ എസ്റ്റേറ്റ് ഭൂരഹിതര്‍ക്കായി പിടിച്ചെടുക്കല്‍ പ്രഖ്യാപനം 2012ലെ മനുഷ്യാവകാശ ദിനത്തില്‍ പാര്‍ട്ടി നടത്തി.
മുത്തങ്ങക്ക് കേരളത്തിലെ ഭൂസമര ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. മുത്തങ്ങ വനഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി കേന്ദ്ര വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വനഭൂമി തിരിച്ചുപിടിക്കണമെന്നും കേരളത്തില്‍ വനാവകാശ നിയമം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വനഭൂമിയിലേക്ക് മാര്‍ച്ച് നടത്തി. ഭൂരഹിതരായ കേരളത്തിലെ ജനങ്ങള്‍ അച്ഛന്റെയും അമ്മയുടെയും മൃതശരീരങ്ങള്‍ അടുക്കള പൊളിച്ച് അടക്കുമ്പോള്‍, ഭൂരഹിത കര്‍ഷകര്‍ ഭൂമിക്ക് വേണ്ടി മുറവിളി ഉയര്‍ത്തുമ്പോള്‍ കൈയേറ്റക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും വേണ്ടി ഭൂപതിവ് ചട്ടത്തില്‍ ഇളവ് വരുത്തിയ യു.ഡി.എഫ് സര്‍ക്കാറിന്റെ നടപടിക്കെതിരെ കേരളത്തില്‍ ശബ്ദമുയര്‍ത്തിയ ഏകരാഷ്ട്രീയ പാര്‍ട്ടി വെല്‍ഫെയര്‍ പാര്‍ട്ടിയാണ്. നമ്മുടെ നാടിന്റെ പാരിസ്ഥിതിക സന്തുലനത്തിന് പ്രാധാന്യപൂര്‍വ്വം സംരക്ഷിച്ചുനിര്‍ത്തേണ്ടവയാണ് നെല്‍വയലുകളും തണ്ണീര്‍തടങ്ങളും. ഇവ വ്യാപകമായി നികത്തുന്നതിനെതിരെ കേരള നിയമസഭ പാസാക്കിയ 2008ലെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെതിരെ 2014 ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ സദസ്സുകള്‍ നിയമസഭാ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.
മൂന്നാര്‍ കേരളത്തിലോ അതോ സ്വതന്ത്ര റിപ്പബ്ലിക്കോ എന്നത് കേരളത്തില്‍ പലവുരു ഉയിക്കപ്പെട്ട ചോദ്യമാണ്. കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും മൂന്നാറിലേക്ക് തിരിഞ്ഞ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അന്നും പൂച്ച എലിയെ പിടിക്കാതെ മടങ്ങുകയാണുണ്ടായത്. 2014 സെപ്റ്റംബറില്‍ പാര്‍ട്ടി അതിശക്തമായ മൂന്നാര്‍ മാര്‍ച്ച് നടത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ സീറോ ലാന്റ്‌ലെസ്സ് പദ്ധതി അപേക്ഷകരെ സംഘടിപ്പിച്ച് നിരവധി സമരങ്ങളാണ് 2012 മുതല്‍ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥത്തില്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ ഭൂരിഹതരില്ലാത്ത കേരളം പദ്ധതി കേരളത്തിലെ ഭൂമി പ്രശ്‌നത്തിന് ഒരു പരിഹാരമല്ല. പാര്‍പ്പിടാവശ്യത്തിന് 10 സെന്റും കാര്‍ഷികാവശ്യത്തിന് ഒരേക്കറും മിനിമം വിതരണം ചെയ്യണം. പക്ഷേ, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പറഞ്ഞ വാക്കെങ്കിലും പാലിക്കണമെന്നാണ് കേരളത്തിലെ ഭൂരിഹതര്‍ ആവശ്യപ്പെടുന്നത്. എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കിലെ കോട്ടുവള്ളി വില്ലേജിലെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലെ അപേക്ഷകരെ സംഘടിപ്പിച്ചാണ് ഈ സമരം ആരംഭിക്കുന്നത്. നിരന്തരമായ പോരാട്ടങ്ങള്‍ക്ക് ശേഷം 172 കുടുംബങ്ങള്‍ക്ക് ഭൂമി അളന്ന് ലഭിച്ചു. ഭൂമിയും പാര്‍പ്പിടവും പൗരന്റെ ജന്മാവകാശമെന്ന മുദ്രാവാക്യം ഉയര്‍ത്തി വമ്പിച്ച പ്രക്ഷോഭങ്ങളും ഉയര്‍ത്തി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനത്തില്‍ ആലുവ താലൂക്കില്‍ കറുകുറ്റി വില്ലേജിലുള്ള 42 കുടുംബങ്ങള്‍ക്ക് സോണിയാഗാന്ധി നല്‍കിയ പട്ടയത്തിന്‍ പ്രകാരം മുണ്ടൂര്‍പിള്ളി ഭൂമി അന്വേഷിച്ച് എത്തിയവര്‍ കണ്ടത് റവന്യൂ അധികാരികള്‍ ഭൂമി മറ്റൊരാള്‍ക്ക് പതിച്ച് കൈമാറിയതാണ്. ഇതേതുടര്‍ന്ന് ഭൂരഹിതരെ സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ താലൂക്കോഫീസ് ഉപരോധിച്ച് തഹസില്‍ദാരെ തടഞ്ഞുവച്ചു. പ്രക്ഷോഭം ജില്ലാ കേന്ദ്രത്തിലേക്കു വ്യാപിപ്പിക്കുകയും കലക്ടറുടെ ചേംബറില്‍ ഭൂരഹിതര്‍ കടന്നുകയറുകയും ചെയ്തു. പട്ടയം കൊടുത്തവര്‍ക്ക് ഡിസംബര്‍ 31 ന് ഭൂമി നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ഇതില്‍ 22 കുടുംബങ്ങള്‍ക്ക് നവംബറില്‍ ഭൂമി അളന്നു നല്‍കുകയും ചെയ്തു. ബാക്കിയുള്ളവര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടിയായിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരഹിതരുള്ളത് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിലാണ്. ഇവിടെ ഭൂമിയുടെ വില വളരെ ഉയര്‍ന്നതായതിനാല്‍ സ്‌പെഷ്യല്‍ പാക്കേജ് വേണമെന്ന ആവശ്യം പാര്‍ട്ടി മുന്നോട്ടു വെക്കുകയും ഇക്കാര്യം ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാറിന്റെ പരിഗണനക്കായി വെക്കുകയും ചെയ്തിട്ടുണ്ട്.
മൂവാറ്റുപുഴയിലെ ജനസഭ എന്ന പൊതുവേദി 2009 ല്‍ ആരംഭിച്ച ഇട്ടിയക്കാട്ട് 100 ഏക്കര്‍ മിച്ചഭൂമി സമരത്തിന്റെ തുടര്‍ പോരാട്ടങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ഇന്ന് നേതൃത്വം നല്‍കുന്നത്. ഇതിന്റെ തുടര്‍ച്ചയില്‍ പായിപ്രയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 30, 31 തിയ്യതികളിലായി 41 കുടുംബങ്ങള്‍ക്കായി അഞ്ചരയേക്കര്‍ മിച്ചഭൂമി അളന്നു നല്‍കുന്ന നടപടികള്‍ ആരംഭിച്ചു. മൂവാറ്റുപുഴയിലെ കൊച്ചങ്ങാടിയില്‍ ഇ.എം.എസ് പദ്ധതി പ്രകാരം വീടുവെക്കുന്നതിനായി 21 കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത ഭൂമി നഗരസഭ നല്‍കിയതിനെ തുടര്‍ന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ മറ്റൊരിടത്ത് വാസയോഗ്യമായ ഭൂമി കൈയേറുകയും ഇതേതുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. ജാമ്യമെടുക്കാന്‍ കൂട്ടാക്കാതെ ജയിലില്‍ സമരം തുടര്‍ന്നതിനെ തുടര്‍ന്ന് ജനപ്രതിനിധികളും നഗരസഭാ അധികാരികളും ചര്‍ച്ചക്കു സദ്ധരായി വാസയോഗ്യമായതരത്തില്‍ ഭൂമി 21 കുടുംബങ്ങള്‍ക്കും നല്‍കുകയും ചെയ്തു. എറണാകുളം ജില്ലയിലാകമാനം ആയിരക്കണക്കിന് ഭൂരഹിത കുടുംബങ്ങള്‍ പാര്‍ട്ടിയിലണിചേര്‍ന്ന് ഭൂമിക്കായുള്ള പോരാട്ടത്തില്‍ പങ്കാളിയാകുകയാണിന്ന്. ആലപ്പുഴ, തൃശൂര്‍, കൊല്ലം ജില്ലകളിലും സമാനമായ സമരങ്ങള്‍ക്കായി ഭൂരഹിതര്‍ പാര്‍ട്ടിയോടൊപ്പം അണിനിരന്നുകഴിഞ്ഞു. കേരളത്തിലെ മറ്റ് ജില്ലകളിലും ഭൂരഹിതരുടെ കൂട്ടായ്മകളിലൂടെ പ്രക്ഷോഭത്തിന്റെ പാതയിലാണ് പാര്‍ട്ടി. കുമാരഗിരി എസ്റ്റേറ്റ് ഉടമകള്‍ കൈയേറി വര്‍ഷങ്ങളായി കൈവശം വെച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ ചേരിയംമലയിലേക്ക് പാര്‍ട്ടി നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് മൃഗീയമായ മര്‍ദ്ദനമാണ് അഴിച്ചുവിട്ടത്. എസ്റ്റേറ്റ് ഉടമകള്‍ കൈയേറി വര്‍ഷങ്ങളായി കൈവശം വെച്ചിരിക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമിയും അന്യാധീനപ്പെട്ട പത്തേക്കര്‍ മിച്ചഭൂമിയും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
കേരളത്തിലെ ഭൂരഹിതരിപ്പോള്‍ ഭൂരഹിതരല്ല; അവര്‍ ഭൂസമര പോരാളികളാണ്. ഈ വര്‍ഷം ജനുവരി 12ന് അവര്‍ അവര്‍ക്കശവകാശപ്പെട്ട ഭൂമികളില്‍ പ്രതീകാത്മകമായി കുടില്‍കെട്ടി. കൊല്ലത്ത് ഹാരിസണ്‍ഗുണ്ടകളും മലപ്പുറത്ത് പോലീസും മൃഗീയമായ ആക്രമണമാണ് സമരത്തിന് നേരെ അഴിച്ചുവിട്ടത്. കഴിഞ്ഞ ഫെബ്രുവരി 17-ാം തിയ്യതി ആയിരക്കണക്കിന് ഭൂരഹിതരാണ് തിരുവനന്തപുരത്ത് ഭരണസിരാകേന്ദ്രം സ്തംഭിപ്പിച്ച് സര്‍ക്കാരിനെതിരെ ഉപരോധം തീര്‍ത്തത്. യു.ഡി.എഫ് സര്‍ക്കാറിന്റെ സീറോലാന്റ്‌ലെസ്സ് പദ്ധതി എന്ന പേരില്‍ പറഞ്ഞ വാക്ക് പാലിക്കുമോ ഇല്ലേ എന്ന് അവസാനമായി ചോദിക്കാനായിരുന്നു ആ ഉപരോധ സമരം. സമരത്തെതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായുള്ള ചര്‍ച്ചയുടെ ഫലമായി പലയിടങ്ങളിലും നടന്ന പട്ടയമേളകളില്‍ കുറച്ച് ഭൂരഹിതര്‍ക്ക് ഭൂമി ലഭിച്ചു എന്നത് വിസ്മരിക്കുന്നില്ല. എന്നിരുന്നാലും അപേക്ഷ നല്‍കിയ ഭൂരിഭാഗമാളുകള്‍ക്കും ഇനിയും ഭൂമി കിട്ടിയിട്ടില്ല. മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭിക്കാതെ പാര്‍ട്ടിക്ക് ഈ സമരത്തില്‍നിന്നൊരു പിന്‍മാറ്റമില്ല. അതുകൊണ്ട് തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഭൂസമര മുദ്രാവാക്യം ‘ഭൂമി അല്ലെങ്കില്‍ മരണം’ എന്നായത്.

tm.velom@gmail.com

Leave a Reply

Your email address will not be published. Required fields are marked *