ആത്മവിശ്വാസത്തോടെ

Hameed Vaniyambalam

അഭിവാദ്യങ്ങള്‍,

നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി രണ്ടുമാസത്തോളം രാവും പകലും കഠിനാധ്വാനം ചെയ്ത കര്‍മ്മഭടന്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍.

വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി.

കേരളത്തെ മാറ്റിപ്പണിയാനുള്ള കഠിനാധ്വനത്തിലാണ് നാം. ഓരോ പൗരന്റെയും അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിന്, അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്, സന്തോഷവും സൗഹൃദവും ഉറപ്പുവരുത്തുന്നതിന്, ക്ഷേമകേരളത്തെ സൃഷ്ടിക്കുന്നതിന്, ക്ഷമാപൂര്‍വ്വം പരിശ്രമത്തിലാണ് നാം. ആത്മ വിശ്വാസത്തോടെ മുന്നോട്ട്.

ചിട്ടയോടെ നാം പ്രവര്‍ത്തിച്ചിട്ടുണ്ട്. പണ ധാരാളിത്തമില്ലാതെ, ബഹള കോലാഹലങ്ങളില്ലാതെ, മനുഷ്യരെ വിമോചിപ്പിക്കുന്ന ആശയങ്ങളും സാധാരണക്കാരന്റെ വിഷപ്പകറ്റുന്നതിനുള്ള പദ്ധതികളും നാം സമര്‍പ്പിച്ചു. ഭൂരഹിതര്‍ക്ക് ഭൂമിക്ക് വേണ്ടിയും ഭവന രഹിതര്‍ക്ക് വീടിന് വേണ്ടിയും നാം പ്രക്ഷോഭംകൂട്ടി. സമ്പൂര്‍ണ്ണ മദ്യനിരോധത്തിന് പദ്ധതിയും തയ്യാറാക്കി. ദലിതരെയും ആദിവാസികളെയും മതന്യൂനപക്ഷങ്ങളെയും അരിക് വല്‍ക്കരിക്കപ്പെട്ട എല്ലാവരെയും നാം ചേര്‍ത്തു പിടിച്ചു. നീതിക്ക് വേണ്ടി ഒച്ചവെച്ചു.

കേരള ജനത അതംഗീകരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയം അതായിരുന്നു. ഇന്ന് 42 വാര്‍ഡുകളില്‍ നമുക്ക് പ്രതിനിധികളുണ്ട്. ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമാണ് നാം. വൈകാതെ നിയമസഭയിലും അവര്‍ നമ്മെ പിന്തുണക്കും. പക്ഷെ കാത്തിരിക്കണം. നിരന്തര പരിശ്രമത്തോടൊപ്പം.

അഴിമതിയില്‍ മുങ്ങികുളിച്ച യു.ഡി.എഫ്. ഭരണവും ബി.ജെ.പി. തൊടുത്തു വിട്ട ഫാഷിസ്റ്റ് ഭീതിയില്‍ രൂപപ്പെടുത്തിയെടുത്ത പ്രതിഷേധത്തിന്റെയും ഭയത്തിന്റെയും വോട്ടുകളാണ് എല്‍.ഡി.എഫ്. വാരിക്കൂട്ടിയത്. പ്രതിഷേധ വോട്ട് എന്നും ജയസാധ്യതയുള്ള മുന്നണിക്കാണ് ലഭിച്ചിട്ടുള്ളത്. കേരളീയ സമൂഹത്തിന്റെ നിസ്സഹായതയാണത്. ഈ നിസ്സഹായതക്ക് നാം അന്ത്യം കുറിക്കും. അതിനാണ് നാം എഴുന്നേറ്റ് നില്‍ക്കുന്നത്.

ഈ നില്‍പ് വെറുതെയാവില്ല. കാത്തിരിക്കാനും പണിയെടുക്കുവാനും നാം തയ്യാറാവുക. കണ്‍കുളിര്‍ക്കുന്ന അനുഭവങ്ങള്‍  കാലം നമുക്ക് നല്‍കും, തീര്‍ച്ച. പ്രതിഷേധ വോട്ടുകളല്ല  ജയിക്കേണ്ടവര്‍ക്ക് വോട്ടുനല്‍കുന്ന സ്ഥാനത്തിനര്‍ഹരായവരെ വിജയിപ്പിക്കുന്ന ഒരു കേരളം ഉണ്ടാവുകതന്നെചെയ്യും. പുതിയ പ്രഭാതം കാത്തിരിക്കുന്നത് നമുക്ക് വേണ്ടി തന്നെയാണ്. അന്ന് കേരളത്തെ നാം തീരുമാനിക്കും – വെല്‍ഫെയര്‍ പാര്‍ട്ടി.

വിനയത്തോടെ

ഹമീദ് വാണിയമ്പലം

Leave a Reply

Your email address will not be published. Required fields are marked *