പ്രീമെട്രിക്-പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ് അപേക്ഷയിലെ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കണം

Scholaship

തിരുവനന്തപുരം: പ്രീമെട്രിക്-പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകളുടെ അപേക്ഷ സമര്‍പ്പണത്തിലെ സങ്കീര്‍ണ്ണതകല്‍ പരിഹരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.  കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ കഴിഞ്ഞ വര്‍ഷം വരെ സ്‌കൂളുകള്‍ വഴിയാണ് സ്വീകരിച്ചിരുന്നത്. ഇത്തവണ അത് നാഷണല്‍ സ്‌കോളര്‍ഷിപ് പോര്‍ട്ടല്‍ വഴി വിദ്യാര്‍ത്ഥികള്‍ നേരിട്ടാണ് അപേക്ഷിക്കേണ്ടത്. താലൂക്കോഫീസില്‍ നിന്ന് വാങ്ങേണ്ട ഡോമിസിയല്‍ സര്‍ട്ടിഫിക്കറ്റടക്കം 9 രേഖകളാണ് അപേക്ഷയോടൊപ്പം അപലോഡ് ചെയ്യേണ്ടത്. രേഖകളെല്ലാം സംഘടിപ്പിക്കാന്‍  തന്നെ ദിവസങ്ങളെടുക്കും. വെബ് പോര്‍ട്ടലാകട്ടെ പലപ്പോഴും ഹാങ് ആകുകയാണ്. നെറ്റിന് വേഗത കിട്ടാത്ത ഗ്രാമ പ്രദേശങ്ങളില്‍ പലതവണ ശ്രമിക്കുമ്പോഴാണ് ആപ്ലിക്കേഷന്‍ അപ്‌ലോഡ് ചെയ്യാനാവുക. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളാണ് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഇന്റര്‍നെറ്റ് കഫേകള്‍ വഴിയോ ആണ് ഇവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനാവുക. പലതവണ പല മണിക്കൂറുകള്‍ ചെലവിട്ടാലാണ് ഇതിനാവുക. ആ നിലക്ക് തന്നെ വലിയ തുക ചിലവഴിക്കേണ്ടി വരും. മുന്‍ വര്‍ഷത്തെപ്പോലെ സ്‌കൂളുകള്‍ വഴി അപേക്ഷ സ്വീകരിച്ചാല്‍ സങ്കീര്‍ണ്ണത ഒഴിവാക്കാനാവും. ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രിക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയത്തില്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥിനും പാര്‍ട്ടി നിവേദനം സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *