നൂറ് ദിനങ്ങള്‍ കേരളത്തെ നിരാശപ്പെടുത്തി -ഹമീദ് വാണിയമ്പലം

100 day of Pinarayi Vijayan

100 day of Pinarayi Vijayan

 

തിരുവനന്തപുരം: കേരള ജനതയെ നിരാശപ്പെടുത്തിയ നൂറ് ദിനങ്ങളാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ആദ്യ നൂറ് ദിവസങ്ങളെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മുന്‍ സര്‍ക്കാറിന്റെ അഴിമതിയും കെടുകാര്യസ്ഥതയും കേരളത്തില്‍ ഉയര്‍ന്നുവന്ന സംഘ്പരിവാര്‍ ഭീഷണിയുമാണ് ഇടതുപക്ഷത്തെ വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലേറ്റിയത്. എന്നാല്‍ ലഭിച്ച ജനപിന്തുണയാല്‍ ജനക്ഷേമ ഭരണത്തിന് തുടക്കം കുറിക്കാന്‍ നാളിതുവരെയായിട്ടും പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പൊതുവിപണിയില്‍ വന്‍ വിലക്കയറ്റമാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ പൊതുവിതരണ മേഖലയെ ജീവന്‍ വെയ്പിക്കുന്നതിനോ സര്‍ക്കാറിനായിട്ടില്ല. കെടുകാര്യസ്തത മൂലം പാഠപുസ്തകങ്ങള്‍ വിതരണം ഓണപരീക്ഷയായിട്ടും പൂര്‍ത്തിയാക്കാനായിട്ടില്ല. സ്വാശ്രയ വിദ്യാഭ്യാസ മേഖലയടക്കമുള്ള എല്ലായിടത്തും സര്‍ക്കാര്‍ നീക്കങ്ങള്‍ പാളുന്നു.

കേരളമാകെ മദ്യമൊഴുക്കുമെന്ന നിലപാടിലാണ് ടൂറിസം എക്‌സൈസ് വകുപ്പുകള്‍. പാര്‍ട്ടി അണികള്‍ ആയുധം കൈയിലെടുത്ത് കൊലവിളി നടത്തുന്നു. കൊലപാതക രാഷ്ട്രീയം അതിശക്തമായി തിരിച്ചുവന്നിരിക്കുന്നു. ഭരണത്തില്‍ മന്ത്രിമാര്‍ക്കൊന്നും നിയന്ത്രിണമില്ലാത്ത അവസ്ഥയാണ്. ഉദ്യോഗസ്ഥര്‍ തോന്നിയപടി കാര്യങ്ങള്‍ നടത്തുന്നു. തെറ്റായ ഉപദേഷ്ടാക്കളാണ് മുഖ്യമന്ത്രിക്ക് കാര്യങ്ങളുപദേശിക്കുന്നത്. മീഡിയകളെ നേരിടാന്‍ ഭയക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ അറിയാനുള്ള അവകാശത്തില്‍ നിന്നാണ് ഒളിച്ചോടുന്നത്. പിന്തുണച്ച ജനവിഭാഗത്തെ നിരാശരാക്കുന്ന ഈ സമീപനം തിരുത്തിയില്ലെങ്കില്‍ അതിദാരുണമായ പതനമാകും കേരളത്തില്‍ ഇടതുപക്ഷത്തിനും പിണറായി വിജയനും സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *