ജനവിരുദ്ധതക്ക് താക്കീതായി പൊതുപണിമുടക്ക്

Sept 2 Strike

Razak Paleri

സെപറ്റംബര്‍ രണ്ടിലെ പണിമുടക്കിനെക്കുറിച്ചും തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളെക്കുറിച്ചും ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധവും രാജ്യത്തെ ഒറ്റുകൊടുക്കുന്നതുമായി നയങ്ങളെക്കുറിച്ചും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി എഴുതുന്നു.


നൂറ്റാണ്ടുകളോളം നീണ്ട സാമ്രാജ്യത്വാധിനിവേശത്തിന് ശേഷമാണ് നമ്മുടെ രാജ്യം 1947 ആഗസ്റ്റ് 15ന് സ്വതന്ത്രമായത്. ലോകത്തിലെതന്നെ ഏറ്റവും വലിയ വിഭവ സ്രോതസ്സുകളുടെയും അസാമാന്യ തൊഴില്‍ശക്തിയുടെയും ഭൂമികയായിരുന്നു ഇന്ത്യ. എങ്കിലും ഉല്‍പാദനത്തിലും വിഭവ വിതരണത്തിലും വന്‍തോതില്‍ അസന്തുലിതത്വം നിലനിന്നിരുന്നു. അടിസ്ഥാനപരമായി കാര്‍ഷിക രാജ്യമാണ് ഇന്ത്യ. കാര്‍ഷിക പ്രാധാന്യമുള്ള തൊഴിലുകളായിരുന്നു രാജ്യത്തെ തൊഴിലാളിസമൂഹം ഏര്‍പ്പെട്ടിരുന്ന തൊഴിലുകളിലേറെയും.

എന്നാല്‍, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കാലഘട്ടത്തില്‍തന്നെ അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിന്‍െറ നേതൃത്വത്തില്‍ പഞ്ചവത്സര പദ്ധതികളിലൂടെ ആരംഭിച്ച വ്യവസായ സംരംഭങ്ങള്‍ തൊഴില്‍മേഖലയുടെ വൈപുല്യത്തിന് വഴിതെളിച്ചു. വമ്പിച്ച മുതല്‍മുടക്കു വേണ്ടിയിരുന്ന അടിസ്ഥാന വ്യവസായ മേഖലയില്‍ മുതല്‍മുടക്കാന്‍ സ്വകാര്യ സംരംഭകര്‍ തയാറാകാതിരുന്നതും പൊതുമേഖലാ വ്യവസായങ്ങളുടെ തുടക്കത്തിന് കാരണമായി. ഭിലായ്, റൂര്‍ക്കേല, ദുര്‍ഗാപൂര്‍ സ്റ്റീല്‍ പ്ളാന്‍റുകളും മറ്റ് നിരവധി വന്‍ വ്യവസായങ്ങളുമെല്ലാം ആരംഭിച്ചത് ഇക്കാലയളവിലാണ്. ഇതെല്ലാം ലാഭകരമായ സംരംഭങ്ങളുമായിരുന്നു. രാജ്യത്തിന്‍െറ തൊഴിലില്ലായ്മക്കു പരിഹാരവും മനുഷ്യ വിഭവശേഷിയെ പ്രയോജനകരമായ നിലയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനും ഇത് വഴിതെളിച്ചു.  ഈ പ്രക്രിയയില്‍ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ചോരയും വിയര്‍പ്പും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം അവരുടെ ജീവിത സുരക്ഷ ഉറപ്പാക്കാനുമായി. സാമൂഹിക ക്ഷേമപദ്ധതികളും വ്യവസായ വത്കരണത്തോടനുബന്ധിച്ച് നിലവില്‍വന്നു. ചുരുക്കിപ്പറഞ്ഞാല്‍ ക്ഷേമരാഷ്ട്ര നിര്‍മാണത്തില്‍ പൊതുമേഖലാ സംരംഭങ്ങളുടെ പങ്ക് തള്ളിക്കളയാനാവില്ല.

പ്രതിരോധരംഗത്തും രാജ്യസുരക്ഷയിലും സ്വന്തംകാലില്‍ നില്‍ക്കുന്ന സമീപനമാണ് രാജ്യം തുടക്കംമുതല്‍ പിന്തുടര്‍ന്നു വരുന്നത്. അതും പൊതുമേഖല ശക്തിപ്പെടുന്നതിന് കാരണമായി. എന്നാല്‍, 90കളില്‍ ഇന്ത്യയില്‍ തുടക്കംകുറിച്ച ആഗോളീകരണ നടപടിയിലൂടെ ലാഭ താല്‍പര്യത്തിന് മാത്രം മുന്‍തൂക്കം നല്‍കുകയും പൊതുമേഖലയെ നിര്‍വീര്യപ്പെടുത്തുകയും സ്വകാര്യവത്കരണത്തെ മാത്രം സ്വീകരിക്കുകയും ചെയ്തു. വ്യവസായ വത്കരണ ഘട്ടത്തില്‍ മുതല്‍മുടക്കാതെ മാറിനിന്ന സ്വകാര്യ സംരംഭകര്‍, രാജ്യത്തെ പൊതുമേഖലാ വ്യവസായ സംരംഭങ്ങളില്‍ ഓഹരിയെടുത്ത് മുതല്‍മുടക്കാന്‍ തയാറായി രംഗത്തുവന്നു. വാജ്പേയ് സര്‍ക്കാറിന്‍െറ കാലത്ത് പൊതുമേഖലയുടെ ഓഹരി വിറ്റൊഴിക്കാനായി മാത്രം പ്രത്യേക വകുപ്പും മന്ത്രിയും ഉണ്ടായിരുന്നു!

സ്വദേശ-വിദേശ കുത്തകകള്‍ ഈ രംഗത്തേക്ക് കടന്നുവന്നതോടെ ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചു വിടുകയും തൊഴിലാളിക്ഷേമം എന്ന സങ്കല്‍പത്തില്‍നിന്ന് തൊഴില്‍നിയമങ്ങള്‍ മൂലധനശക്തികളുടെ താല്‍പര്യത്തിന് അനുഗുണമായി തിരുത്തപ്പെടുന്ന പ്രക്രിയ ആരംഭിക്കുകയും ചെയ്തു. ആഗോളതലത്തില്‍ സാമ്രാജ്യത്വ രാജ്യങ്ങളില്‍ പ്രകടമായ സാമ്പത്തികപ്രതിസന്ധി മൂന്നാംലോക രാജ്യങ്ങളിലേല്‍പിച്ച പ്രഹരത്തില്‍നിന്ന് ഇന്ത്യയും മുക്തമായില്ല.

‌90കളുടെ ഒടുക്കത്തിലും 2000ത്തിന്‍െറ തുടക്കത്തിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റൊഴിക്കുന്ന കാഴ്ചയാണ് കണ്ടത്. ചരിത്രത്തില്‍ ഇതുവരെ കാണാത്ത അഴിമതിക്കു തുടക്കംകുറിച്ചതും ഈ സ്വകാര്യവത്കരണ നയങ്ങളാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിയില്‍ രാഷ്ട്രീയക്കാരും ഭരണാധികാരികളും പങ്കാളികളായി.

ഈ നയങ്ങളുടെ മറ്റൊരുവശം, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍നിന്നും സേവനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു എന്നതുമാണ്. എല്ലാ സേവനങ്ങളും വിലകൊടുത്തു വാങ്ങേണ്ടുന്നതാണെന്ന കാഴ്ചപ്പാടാണ് ഭരണകൂടങ്ങള്‍ വെച്ചുപുലര്‍ത്തിയത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ വന്‍തോതില്‍ സ്വകാര്യ സംരംഭകര്‍ കടന്നു വന്നു.  ഈ രണ്ട് മേഖലയും വന്‍തോതില്‍ കച്ചവടവത്കരിച്ചു.

സ്വദേശ-വിദേശ മൂലധനശക്തികളെ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കുന്നതിന് തടസ്സമായിനില്‍ക്കുന്നത് രാജ്യത്തെ തൊഴില്‍നിയമങ്ങളാണ്. ഇവയാകട്ടെ തൊഴിലാളികള്‍ പോരാടി നേടിയതിന്‍െറ ഫലവും. മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ തൊഴില്‍നിയമങ്ങള്‍ പരിഷ്കരിച്ച് സംരംഭകര്‍ക്കുമാത്രം അനുകൂലമാക്കി മാറ്റാനാണ് ശ്രമിച്ചത്.  രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാര്‍ വ്യവസായ തര്‍ക്ക നിയമത്തില്‍ കഴിഞ്ഞവര്‍ഷം ഭേദഗതി കൊണ്ടുവന്നു. തൊഴിലാളികളെ പിരിച്ചുവിടുന്നതിനോ, ലേ ഓഫ് പ്രഖ്യാപിക്കുന്നതിനോ മുമ്പായി സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി വേണമെന്ന നിബന്ധനയാണ് ആ നിയമത്തില്‍ പ്രധാനമായും മാറ്റിയത്. ഇന്ത്യയില്‍ ഏതാണ്ട് 200ലധികം തൊഴില്‍ നിയമങ്ങള്‍ നിലവിലുണ്ട്. ഇവയില്‍ 44 എണ്ണം കേന്ദ്രനിയമങ്ങളും ശേഷിക്കുന്നവ സംസ്ഥാന നിയമങ്ങളുമാണ്.

തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കാനെന്ന പേരില്‍ 44 നിയമങ്ങളെ നാലു ചട്ടങ്ങളായി ചുരുക്കുകയാണ്. നിലവിലെ നിയമങ്ങള്‍ തൊഴിലാളിക്ക് നല്‍കുന്ന സാമൂഹിക സുരക്ഷയും ജോലി സുരക്ഷിതത്വവും ഉറപ്പുനല്‍കാന്‍ പുതിയ തൊഴില്‍ ചട്ടങ്ങള്‍ക്ക് കഴിയില്ല. തൊഴിലാളിവിരുദ്ധ നിയമഭേദഗതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തണമെന്നും പൊതു വിദ്യാലയങ്ങള്‍ നിലനിര്‍ത്തണമെന്നും പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഉപേക്ഷിക്കണമെന്നും ഇ.എസ്.ഐ, പി.എഫ് പോലെയുള്ള സാമൂഹിക സുരക്ഷാപദ്ധതികള്‍ തകര്‍ക്കരുതെന്നതുമടക്കമുള്ള 12 ഇന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് രാജ്യത്തെ ഏതാണ്ടെല്ലാ തൊഴിലാളിസംഘടനകളും സെപ്റ്റംബര്‍ രണ്ടിന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ അനിവാര്യമാണ്. രാജ്യത്തെ തൊഴിലാളിസമൂഹവും പൗരസമൂഹവും ഇക്കാര്യത്തില്‍ കൈകോര്‍ക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണ്. സെപ്റ്റംബര്‍ രണ്ടിന്‍െറ പണിമുടക്ക് സര്‍ക്കാറിന്‍െറ നയങ്ങള്‍ക്കുള്ള ശക്തമായ താക്കീതായി മാറണം.

 

Leave a Reply

Your email address will not be published. Required fields are marked *