ഇടതു സര്‍ക്കാര്‍ സ്വാശ്രയ മനേജുമെന്റുകള്‍ക്കു സമ്പൂര്‍ണ്ണമായി കീഴടങ്ങി

engineering

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മുമ്പില്‍ ഇടതുസര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങിയിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ മെറിറ്റ് സീറ്റുകളിലും മാനേജ്‌മെന്റ് സീറ്റുകളിലും വന്‍ ഫീസ് വര്‍ദ്ധനക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. മെറിറ്റില്‍ കുറഞ്ഞ ഫീസ് നിരക്കില്‍ 25 ശതമാനം പേര്‍ക്ക് കഴിഞ്ഞതവണ പഠിക്കാമായിരുന്നെങ്കില്‍ ഇത്തവണ അത് 20 ശതമാനമായി കുറച്ചു. അവശേഷിച്ച 30 ശതമാനം മെറിറ്റ് സീറ്റിലാകട്ടെ 65,000 രൂപയാണ് പ്രതിവര്‍ഷ ഫീസ് വര്‍ദ്ധന. മാനേജ്‌മെന്റ് സീറ്റില്‍ രണ്ടരലക്ഷം രൂപ പ്രതിവര്‍ഷം വര്‍ദ്ധിപ്പിച്ചു. ഓരോ കോളേജിനും പ്രതിവര്‍ഷം ഒന്നരക്കോടിയിലധികം രൂപയാണ് ഫീസിനത്തില്‍ അധികമായി ലഭിക്കുക. മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ചര്‍ച്ചയിലാണ് ഇത്തരത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികളെ പിഴിയുന്നതും സ്വാശ്രയ ലോബിക്ക് അനുകൂലവുമായ കരാര്‍ രൂപപ്പെട്ടത്. സ്വാശ്രയ ലോബിയുടെ ചൂഷണത്തിനെതിരെ കേരളത്തില്‍ സമരം നടത്തിയവര്‍ ഇന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മുന്നില്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങിയിരിക്കുന്നു. വിണ്ടുവിചാരമില്ലാതെ തീരുമാനമെടുത്ത് കോടതിയുടെ മുന്നിലും നേരത്തേ ഇടതു സര്‍ക്കാര്‍ അപഹാസ്യരായിത്തീര്‍ന്നു. ഇടതുസര്‍ക്കാരും സ്വാശ്രയ ലോബിയും തമ്മിലുള്ള ഒത്തുകളിക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി വിദ്യാര്‍ത്ഥി സമൂഹത്തെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങളുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *