ഭൂരഹിതരുടെ അവകാശം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു – ഹമീദ് വാണിയമ്പലം

Land Struggle

തൃശ്ശൂര്‍: സംസ്ഥാനത്ത് നാല് ലക്ഷം വരുന്ന ഭൂരഹിത കുടുംബങ്ങളുടെ അവകാശവും ജീവിത സ്വപ്നവുമായ സ്വന്തം ഭൂമി എന്ന ദീര്‍ഘനാളത്തെ ആവശ്യത്തെ അട്ടിമറിക്കാന്‍ സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും ഇതിന്റെ ഭാഗമായിട്ടാണ് ഭൂരഹിതര്‍ക്ക് ഫ്‌ളാറ്റ് നല്‍കുന്ന പദ്ധതി അവതരിപ്പിച്ചതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഴുവന്‍ ഭൂരഹിത കുടുംബങ്ങള്‍ക്കും 10 സെന്റും, ഭൂരഹിത കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍ക്ക് കൃഷിഭൂമി നല്‍കാനും മതിയായ 5 1/2 ലക്ഷം ഏക്കര്‍ ഭൂമി സംസ്ഥാനത്ത് 200 കയ്യേറ്റക്കാര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. ഇത് തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാവിശ്യമായ സമഗ്ര ഭൂപരിഷ്‌കരണ നിയമം നിര്‍മിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിയമനിര്‍മാണത്തിന് ശുപാര്‍ശ ചെയ്യുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്‍ മേല്‍ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. എല്ലാ നിയമങ്ങളും ലംഘിച്ച് ഭൂമി അധീനപ്പെടുത്തിയവരെ സംരക്ഷിക്കാനാണ് ഭൂരഹിതരെ ഫ്‌ളാറ്റുകള്‍ കെട്ടി അവിടേക്ക് മാറ്റുന്ന പദ്ധതി കൊണ്ടുവരുന്നത്. നഗര വികസനത്തിന്റെ ഭാഗമായി സര്‍ക്കാറുകള്‍ പലപ്പോഴും നടപ്പാക്കിയ ഫ്‌ളാറ്റ് പദ്ധതികള്‍ ജനങ്ങള്‍ക്ക് മഹാദുരിതമാണ് സമ്മാനിച്ചിട്ടുള്ളത്. മതിയായ സൗകര്യം ഇല്ലാത്തതും തുടര്‍ പരിഷ്‌കരണവും ശുചീകരണവും ഇല്ലാത്ത കോളനികളായി അവിടങ്ങളെ അവഗണിക്കുകയാണ് സര്‍ക്കാറുകള്‍ ചെയ്തിട്ടുള്ളത്.14289775_946987555411218_1397466440689481925_o

ഈ സാഹചര്യത്തില്‍ വിദൂര ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന കേരളത്തില്‍ മറ്റൊരു ദുരിതമായി ഈ ഫ്‌ളാറ്റുകള്‍ മാറും. തുടക്കത്തില്‍ ചിലത് നിര്‍മിക്കുകയും പിന്നീട് പദ്ധതി ഒഴിവാക്കുകയുമായിരിക്കും സര്‍ക്കാര്‍ ചെയ്യുക. ഒടുവില്‍ ഭൂമിയും വീടും ഇല്ലാത്ത സ്ഥിതി സംജാതമാകും. പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന രീതിയായിരുന്നു കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതേ രീതി അനുകരിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ആര്‍ജവമുണ്ടെങ്കില്‍ കയ്യേറ്റക്കാരില്‍ നിന്ന് ഭൂമി പിടിച്ചെടുക്കണം. അക്കാര്യത്തില്‍ തികഞ്ഞ മൗനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കനുകൂലമായ ഭൂനിയമങ്ങളില്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഭൂപരിഷ്‌കരണ നിയമം, ഭൂമി പതിവ് ചട്ടം എന്നിവയിലും നെല്‍വയല്‍-നീര്‍ത്തട നിയമത്തിലുമാണ് ഭേദഗതി കൊണ്ടുവന്നത് അത് തിരുത്താന്‍ ഇതു വരെയും സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയില്ല. വന്‍കിട കയ്യേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്ന പതിവ് നടപടികളുമായിട്ടാണ് റവന്യൂ വകുപ്പ് മുന്നോട്ട് പോകുന്നത്.

ഭൂപരിഷ്‌കരണം പരിമിതമായ തോതിലെങ്കിലും ജനങ്ങള്‍ക്ക് നല്‍കിയ സുരക്ഷിതത്വവും സ്വയം പര്യാപ്തതയും, സാമൂഹ്യ വളര്‍ച്ചയും 4 ലക്ഷം ഭൂരഹിത കുടുംബങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അത് അട്ടിമറിച്ച് മാഫിയകളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പിക്കുമെന്നും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഭൂസമരം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പത്ര സമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡന്റ്)
കെ.ജി മോഹനന്‍ (ജില്ലാ പ്രസിഡന്റ്)
കെ.കെ ഷാജഹാന്‍ (ജില്ലാ ജനറല്‍ സെക്രട്ടറി)
ശിവരത്‌നം ആലത്തി (ജില്ലാ സെക്രട്ടറി)
2016 സെപ്റ്റംബര്‍ 10

Leave a Reply

Your email address will not be published. Required fields are marked *