മദ്യമാഫിയയ്ക്കും സ്വാശ്രയ ലോബിക്കും പിണറായി സര്‍ക്കാര്‍ കീഴടങ്ങി

pinarayis-liquor-and-self-finance-policy

തിരുവനന്തപുരം : മദ്യമാഫിയയ്ക്കും സ്വാശ്രയ ലോബിക്കും സമ്പൂര്‍ണ്ണമായി കിഴടങ്ങിയ ഇടതു സര്‍ക്കാരാണ് പിണറായി വിജയന്‍ നയിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃയോഗം അഭിപ്രായപ്പെട്ടു. മദ്യോലോബിക്ക് ഒത്താശ ചെയ്യുന്ന തരത്തില്‍ മദ്യനയം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍. പത്ത് ശതമാനം ബിവറേജസ് ഔട്ട്ലെറ്റുകള്‍ ഒക്ടോബര്‍ രണ്ടിന് പൂട്ടുക എന്ന മുന്‍ സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കുക വഴി കേരളത്തില്‍ പത്ത് വര്‍ഷം കൊണ്ട് മദ്യ നിരോധനം എന്ന നയം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍. ഇതാര്‍ക്കു വേണ്ടിയാണ്. കേരളത്തില്‍ നടക്കുന്ന ഒട്ടുമിക്ക സ്ത്രീപീഢനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും പിന്നിലും മദ്യം പ്രധാന വില്ലനാണ്. ആ നിലക്ക് അത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ ഏറ്റെടുക്കണം. മദ്യം സുലഭമായി വിതരണം നടത്തി എന്തു മദ്യ വര്‍ജനമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മദ്യം ഉപേക്ഷിക്കണെമന്ന് ഉപദേശിക്കാന്‍ വല്ല മത പുരോഹിതരോ ഗാന്ധിയന്‍ സംഘടനകളോ മതി. അധികാരമുള്ള സര്‍ക്കാരിന്റെ പണിയല്ല ഉപദേശം. മദ്യ വര്‍ജ്ജനോപദേശമല്ല മദ്യ നിരോധനത്തിനുള്ള നടപടികളാണ് സര്‍ക്കാറില്‍ നിന്നുണ്ടാകേണ്ടത്.pinarayis-liquor-and-self-finance-policy

കേരളത്തില്‍ എല്ലാ അദ്ധ്യയന വര്‍ഷത്തിലും കത്തിപ്പടരുന്ന സ്വാശ്രയ വിവാദത്തില്‍ എണ്ണയൊഴിക്കുന്ന തീരുമാനമാണ് സ്വാശ്രയ മാനേജ്മെന്റുമായുള്ള കരാറിലുടെ ഇടതുപക്ഷം നടപ്പാക്കിയത്. രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന താരതമ്യേനെ അംഗീകരിക്കാവുന്ന നിലപാടിനെയാണ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുമായുള്ള കരാറിലൂടെ അട്ടിമറിച്ചത്. മെറിറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പോലും രണ്ടര ലക്ഷം രൂപ പ്രതിവര്‍ഷ ഫീസു നല്‍കേണ്ടി വരുന്നു. മുന്‍കാലത്ത് 25 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസായ 25000 രൂപയ്ക്ക് പഠിക്കാവുന്നത് ഇരുപത് ശതാമനം വിദ്യാര്‍ത്ഥികള്‍ക്കായി കുറച്ചു. മെറിറ്റിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 65000 രൂപയും മാനേജ്മെന്റ് ക്വാട്ടയിലുള്ളവര്‍ക്ക് രണ്ടര ലക്ഷം രൂപയും ഫീസ് വര്‍ധിപ്പിച്ച് മാനേജ്മെന്റുകളെ കൊഴുപ്പിക്കുകയാണ് സര്‍ക്കാര്‍. തലവരി പിരിവടക്കം മാനേജ്മെന്റ്കള്‍ക്ക് തോന്നിയപോലെ മുന്നോട്ട് പോകാനുള്ള അവസരമൊരുക്കുകയാണ് ഇടതു സര്‍ക്കാര്‍. സഹകരണ മേഖലയിലെ പരിയാരം മെഡിക്കല്‍ കോളേജിലടക്കം സാധാരണക്കാര്‍ക്ക് പഠിക്കാനാവാത്ത നിലയാണ് പുതിയ നയത്തിലുടെ വരുത്തി വെച്ചിരിക്കുന്നത്.

ഇടതു സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ ജനവികാരം പ്രതിഫലിക്കുന്ന പ്രക്ഷോഭങ്ങളുയര്‍ന്നു വരണം. വെല്‍ഫെയര്‍ പാര്‍ട്ടി ജനപക്ഷത്തു നിന്ന് സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങളുയര്‍ത്തും. മദ്യ നിരോധന ശ്രമങ്ങളെ അട്ടിമറിക്കുന്നതിനെതിരെ ഒക്ടോബര്‍ മൂന്നിന് കേരളത്തിലെ മദ്യവിരുദ്ധ പ്രവര്‍ത്തകരെയും സമാനമനസ്‌കരെയും അണിനിരത്തി സെക്രട്ടേറിയറ്റ് നടയില്‍ സമര സംഗമം സംഘടിപ്പിക്കാനും സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ അബ്ദുല്‍ ഹഖിം, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കിരപ്പുഴ, സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിന്‍കര, റസാഖ് പാലേരി, ട്രഷറര്‍ പ്രൊഫ പി. ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *