സഹകരണ മേഖലയെ തകര്‍ക്കരുത് – തെന്നിലാപുരം

demonetisation

തിരുവനന്തപുരം: കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍. കേരളത്തിലെ ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തുന്ന ബദല്‍ സാമ്പത്തിക സംവിധാനമാണ് സഹകരണ മേഖല. നോട്ട് നിരോധത്തിന്റെ മറപിടിച്ച് കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലക്കെതിരെ നീക്കം ആരംഭിച്ചിരിക്കുന്നു. എല്ലാവിധ ബാങ്കിങ് ഇടപാടുകളും നടത്തുന്നതിന് ആര്‍.ബി.ഐയുടെ ലൈസന്‍സ് ലഭിച്ചിട്ടുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഇടപാടുകാരില്‍ നിന്ന് പോലും അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം ഇതിന്റെ ഭാഗമാണ്. പ്രഥമിക സഹകരണ ബാങ്കുകളില്‍ കള്ളപ്പണമാണ് കുമിഞ്ഞുകൂടിയിരിക്കുന്നതെന്ന പ്രചരണം സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുണ്ട്. ഗ്രാമീണ മേഖലയിലെ സാധാരണക്കാരന് വായ്പകള്‍ ലഭിക്കുന്നതിനുള്ള ആശ്രയമാണ് സഹകരണ ബാങ്കുകള്‍. വിജയിമല്യയുടെ 1201 കോടി രൂപയടക്കം 63 വമ്പന്മാരുടെ വായ്പ എഴുതിതള്ളിയ ബാങ്കുകളൊന്നും സാധാരണക്കാരെ സഹായിക്കാറില്ല. എന്നാല്‍ സാധാരണക്കാരുടെ വായ്പ എഴുതിത്തള്ളുകയും വലിയ അളവില്‍  പലിശ കുറച്ചുനല്‍കുകയുമൊക്കെ ചെയ്യുന്ന ധനകാര്യ സ്ഥാപനം ഇന്ത്യയില്‍ സഹകരണ ബാങ്കുകള്‍ മാത്രമാണ്. സഹകരണ മേഖലയെ നിര്‍ജ്ജീവമാക്കി നിക്ഷേപകരെ പിന്‍വലിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കം പ്രബുദ്ധകേരളമൊന്നാകെ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *