കാസര്‍കോട് സംഭവം പോലീസ് ഭാഷ്യം ദുരൂഹം – ഹമീദ് വാണിയമ്പലം

Riyas Moulavi

തിരുവനന്തപുരം: കാസര്‍കോട് റിയാസ് മൗലവി കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്ന ഭാഷ്യം അത്യന്തം ദുരൂഹമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരും ബി.ജെ.പി പ്രവര്‍ത്തകരാണ്. അവര്‍ ഒന്നിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമല്ലെന്നും മദ്യലഹരിയില്‍ നടത്തിയതാണെന്നുമാണ് പോലീസ് പറയുന്നത്. പ്രതികള്‍ മോഷ്ടിച്ച ബൈക്കിലാണ് വന്നതെന്നും പോലീസ് തന്നെ പറയുന്നു. ഒരേ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ സംഘം ചേര്‍ന്ന് മദ്യപിച്ച് പ്രത്യേക ഉദ്ദേശമൊന്നുമില്ലാതെ രണ്ട് കിലോമീറ്റര്‍ ദൂരം താണ്ടി വന്ന് ഒരാളെ കൊല്ലുമെന്ന കഥ കുട്ടികള്‍ പോലും വിശ്വസിക്കില്ല. ഇത്തരമൊരു കുറ്റം ആരോപിച്ച കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കുന്നതെങ്കില്‍ പ്രതികള്‍ക്ക് എളുപ്പം രക്ഷപ്പെടാന്‍ കഴിയും. സാമുദായിക ധ്രുവീകരണം ലക്ഷ്യംവെച്ച് നടത്തിയ നിഷ്ഠൂര കൊലയുടെ ആസൂത്രകരെയും ഗൂഢാലോചനയില്‍ പങ്കാളികളായ ഉന്നതരെയും രക്ഷപ്പെടുത്താന്‍ പോലീസ് വഴിയൊരുക്കുകയാണ്. സംഘ്പരിവാറിനെ സഹായിക്കുന്ന സമീപനമാണ് കേരളാ പോലീസിന്റെ തലപ്പത്തുള്ളവര്‍ക്ക്. പലതവണ അത് വ്യക്തമായതാണ്. കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ദുര്‍ബലമായ കുറ്റപത്രമാണ്. അതിലും ഉന്നതതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാതെ പോലീസ് അന്വേഷണം അവസാനിപ്പിച്ചതാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ സാക്ഷാല്‍ പിണറായി തന്നെ ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ നടക്കുന്നത്. പോലീസിന്റെ തലപ്പത്ത് ബെഹ്‌റയെ പ്രതിഷ്ഠിച്ചതിന് ശേഷമുള്ള പോലീസ് നടപടികളെല്ലാം അത്യന്തം ദുരൂഹമാണ്. കേരളത്തെ നീതി കിട്ടാത്തിടമെന്ന് തോന്നിപ്പിച്ച് സംഘര്‍ഷഭൂമിയാക്കാനുള്ള ആരുടെയോ അജണ്ട നടപ്പിലാക്കുകയാണ് പോലീസ്. കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് തിരിച്ചറിയണം. റിയാസ് മൗലവിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവന്ന് സംഘ്പരിവാറിന്റെ ഗൂഢപദ്ധതികളെ തകര്‍ക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *