സംഘപരിവാര്‍ സമഗ്രാധിപത്യത്തെ ചെറുക്കുക

Poster-Campaign

നമ്മുടെ പ്രിയപ്പെട്ട രാജ്യം ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ജനാധിപത്യം സമഗ്രാധിപത്യത്തിന് വഴിമാറുകയാണോ? അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ സ്ഥിരം അടിയന്തിരാവസ്ഥയിലേക്കാണോ സഞ്ചരിക്കുന്നത്. ഇത്തരമൊരു അടിയന്തിരാവസ്ഥ സര്‍ക്കാറിന് പിന്‍വലിക്കേണ്ടിവരില്ല. കാരണം പ്രഖ്യാപിച്ചാലല്ലേ പിന്‍വലിക്കേണ്ടതുള്ളു. പ്രഖ്യാപിക്കാത്ത എന്നാല്‍, പിന്‍വലിക്കാത്ത അടിയന്തിരാവസ്ഥയാണ് നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

ഭരണഘടന നമുക്ക് ഉറപ്പുനല്‍കുന്ന ഏത് അവകാശവും ഒരൊറ്റ പ്രഖ്യാപനം കൊണ്ട് ഏത് നിമിഷവും ഇല്ലാതാവാം. നമ്മുടെ കൈയിലിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവായത് അങ്ങനെ ഒരു പ്രഖ്യാപനത്തിലൂടെയാണ്. നമ്മുടെ സ്വന്തം അക്കൗണ്ടില്‍ നിന്ന് നമുക്ക് പിന്‍വലിക്കാവുന്ന പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇതിനെല്ലാം പറയുന്ന കാരണം ദേശതാല്‍പര്യമാണ്. ദേശതാല്‍പര്യത്തിന്റെ പേരില്‍ ജനങ്ങളുടെ ഏത് താല്‍പര്യവും ഇല്ലാതാക്കാന്‍ സര്‍ക്കാറിന് സാധിക്കും. നിങ്ങള്‍ പറയുന്ന ദേശമേതാണെന്ന് ഭരണകുടത്തോട് ഉറക്കെ ചോദിക്കേണ്ട സമയമാണിത്. അത് കോര്‍പറേറ്റുകളുടെ ദേശമാണ്; സാധാരണ മനുഷ്യരുടെ ദേശമല്ല. ആഭിജാത ജാതിയുടെ സംസ്‌കാരം വാഴുന്ന ദേശമാണ്. ദലിതരുടെയും പിന്നാക്കവിഭാഗങ്ങളുടെയും അദിവാസികളുടെയും മതന്യൂനപക്ഷങ്ങളുടെയും ഭാഷാന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും ദേശമല്ലന്ന് നരേന്ദ്രമോദിയും സംഘ്പരിവാറും പറയുന്നു. ഈ ദേശസങ്കല്‍പ്പം നാം അംഗികരിച്ചുകൊടുത്താല്‍ അതിന്റെ ഗുണഫലം ലഭിക്കുക കോര്‍പറേറ്റുകള്‍ക്കും സവര്‍ണ സംസ്‌ക്കാരത്തിനും മാത്രമായിരിക്കും.Poster-Campaign

ജനാധിപത്യത്തിന്റെ ആത്മാവ് കേന്ദ്രീകരണമല്ല. ഒരു സമൂഹം എത്രമാത്രം വികേന്ദ്രീകൃതമാണോ അത്രമാത്രം ജനാധിപത്യസമൂഹമായിരിക്കും. എന്നാല്‍ നമ്മുടെ രാജ്യത്തിന് ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്? പ്രധാനമന്ത്രി തന്നെ റിസര്‍വ് ബാങ്ക് ഗവര്‍ണറാകുന്നു. നിലനില്‍ക്കുന്ന കറന്‍സി നോട്ടുകള്‍ പിന്‍വലിക്കേണ്ടതുണ്ടായിരുന്നെങ്കില്‍ അത് തീരുമാനിക്കേണ്ടതും പറയേണ്ടതും ഭരണഘടനാ സ്ഥാപനമായ റിസര്‍വ് ബാങ്കായിരുന്നു. അതിനെ നിഷ്പ്രഭമാക്കി ധനകാര്യവകുപ്പിനെ പോലും നോക്കുകുത്തിയാക്കി പ്രധാനമന്ത്രിയാണ് പ്രസ്തുത പ്രഖ്യാപനം നടത്തിയത്.

സൈന്യത്തില്‍ സേനാമേധാവികളെ നിയമിക്കുന്നതിന് സീനിയോരിറ്റിയാണ് മാനദണ്ഡമായി പരിഗണിക്കുക എന്നതാണ് രാജ്യത്തിന്റെ കീഴ്‌വഴക്കം. പക്ഷെ, സംഘ്പരിവാര്‍ ഗവണ്‍മെന്റ് അതില്‍ മാറ്റങ്ങള്‍ വരുത്തി. സീനിയോരിറ്റി മറികടന്ന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ സേനാമേധാവി സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു. ചില മനുഷ്യരെ അവര്‍ എത്ര വലിയ സേവനം രാജ്യത്തിന് നല്‍കിയാലും അവരെ, അവരുടെ ജാതിയെ, മതത്തെ നാം വിശ്വസിക്കുന്നില്ല എതാണ് അതിന്റെ അര്‍ഥം.

നമ്മുടെ ജനാധിപത്യത്തിലെ ഏറ്റവും പവിത്രമായ സ്തംഭം ജുഡീഷ്യറിയാണ്. ഗവണ്‍മെന്റിനെ അടക്കം ചോദ്യം ചെയ്യാന്‍ നമുക്ക് അവസരം തരുന്ന ഭരണഘടനാ സ്ഥാപനമാണത്. ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനം കൊളീജിയമാണ്. ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന സംവിധാനമായ കൊളീജിയത്തെ ഇല്ലാതാക്കി ന്യായാധിപ നിയമനവും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള കൊളീജിയം ന്യായാധിപ നിയമനത്തിന് വേണ്ടി നല്‍കിയ ലിസ്റ്റ് കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. അതും രാജ്യതാല്‍പര്യം പറഞ്ഞുകൊണ്ടായിരുന്നു എന്നുകൂടി നാം മനസ്സിലാക്കണം.

പാര്‍ലമെന്റ് അസംബന്ധമായി മാറിക്കഴിഞ്ഞ രാഷ്ട്രീയ കാലമാണിത്. പ്രതിപക്ഷം പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോകുന്നതും ബഹിഷ്‌കരിക്കുന്നതും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അത് വിയോജനത്തിന്റെയും സമരത്തിന്റെയും ഒരു ആവിഷ്‌കാരമാണ്. ഭരണപക്ഷം പാര്‍ലമെന്റ് ബഹിഷ്‌കരിക്കുന്നതിന്റെ അര്‍ഥമെന്താണ്? നോട്ട് നിരോധന വിവാദം രാജ്യത്ത് കത്തിനില്‍ക്കുന്ന കാലത്ത് സമ്മേളിച്ച പാര്‍ലമെന്റില്‍ സാമാജികരോട് അതിനെക്കുറിച്ച് വിശദീകരിക്കാനോ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ പ്രധാനമന്ത്രി തയാറായില്ല. കാരണം നമ്മുടെ പ്രധാനമന്ത്രി ചര്‍ച്ചയില്‍ വിശ്വസിക്കുന്നില്ല. കൂറേക്കൂടി കൃത്യമായി പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയും അതിന്റെ പ്രത്യയശാസത്രവും പാര്‍ലമെന്റില്‍ വിശ്വസിക്കുന്നില്ല. മോദി അധികാരാരോഹണത്തിന് വേണ്ടി പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പാര്‍ലമെന്റ് പടവുകളില്‍ സാംഷ്ടാംഗം ചെയ്തത് ഓര്‍മയില്ലേ? ചരിത്രത്തില്‍ മറ്റൊരു സാഷ്ടാംഗം നാം ഓര്‍മിക്കേണ്ടതുണ്ട്. അത് ഗോദ്‌സേയുടെ സാഷ്ടാംഗമാണ്. ഗാന്ധിജിക്ക് മുമ്പിലായിരുന്നു ആ സാഷ്ടാംഗം. ഗാന്ധിജിയെ വധിക്കുന്നതിന് മുമ്പുള്ള സാഷ്ടാംഗമായിരുന്നു അത്.

പാര്‍ലമെന്റില്‍ സംസാരിക്കാതെ ആകാശവാണിയില്‍ സംസാരിക്കുന്ന പ്രധാനമന്ത്രിയാണ് സംഘ്പരിവാരിന്റെ പ്രധാനമന്ത്രി. അങ്ങോട്ട് പറയുന്നതൊന്നും കേല്‍ക്കാതെ ഇങ്ങോട്ട് പറയുക മാത്രം ചെയ്യുന്നവരോട് നമ്മുടെ സാധാരണ ഭാഷയില്‍ ചോദിക്കാറുണ്ട്. നീ എന്താ റേഡിയോ പോലെ സംസാരിക്കുന്നതെന്ന്. നരേന്ദ്രമോദി റോഡിയോ പോലെ മാത്രം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയാണ്. സംഘ്പരിവാറിന്റെ ഭരണത്തില്‍ ചര്‍ച്ചകളില്ല. ഉത്തരവുകള്‍ മാത്രമാണുള്ളത്. പാര്‍ലമെന്റില്‍ സംസാരിച്ചാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. ആകാശവാണിയിലും ദൂര്‍ദര്‍ശനിയിലും സംസാരിച്ചാല്‍ ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടതില്ല. പാര്‍ലമെന്ററി ചര്‍ച്ചകളിലല്ല, മന്‍കീ ബാത്തിലാണ് നരേന്ദ്രമോദി വിശ്വസിക്കുന്നത്.

ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന് അറിയപ്പെടുന്നത് മാധ്യമങ്ങളാണ്. നമ്മുടെ മാധ്യമരംഗത്ത് നിലനില്‍ക്കുന്നത് ജനാധിപത്യമല്ല കോര്‍പറേറ്റ് ആധിപത്യമാണ്. കോര്‍പറേറ്റ് മാധ്യമങ്ങളുടെ വമ്പിച്ച പിന്തുണയോടെയാണ് മോദിസര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായത്. കോര്‍പറേറ്റുകള്‍ മോദിക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പണമിറക്കി. ഇറക്കിയ പണം അവര്‍ക്കനുകൂലമായ പലതരം ഭരണനടപടികളിലൂടെ പലിശ സഹിതം മോദി തിരിച്ചുകെടുത്തുകൊണ്ടിരിക്കുന്നു. കോര്‍പറേറ്റ് മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗവണ്‍മെന്റിനെതിരെ ശബ്ദിക്കുന്ന മാധ്യമങ്ങളുടെ കഴുത്ത് ഞെരിക്കാനാണ് ഗവണ്‍മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഹമ്മദ് അഖ്‌ലാക്കിന്റെ വധം സത്യസന്ധമായി റിപ്പോര്‍ട്ട’് ചെയ്തതിന്റെ പേരില്‍ പ്രമുഖ ദേശീയ ദൃശ്യമാധ്യമമായ എന്‍.ഡി.ടി.വിക്കെതിരെയും മാധ്യമ പ്രവര്‍ത്തക ബര്‍ക ദത്തിനെതിരെയും മാരകമായ അക്രമണമാണ് സംഘ്പരിവാര്‍ അഴിച്ചുവിട്ടത്.
എന്‍.ഡി.ടി.വിയുടെ ഒ.ബി വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുക എന്നത് ആ ഘട്ടത്തില്‍ സംഘ്പരിവാറിന്റെ മുഖ്യപ്രവര്‍ത്തനമായിരുന്നു. ഈ അക്രമണങ്ങള്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തുന്ന പ്രാദേശിക ഭാഷാ മാധ്യമങ്ങള്‍ക്കെതിരെ പോലും ദേശസുരക്ഷയുടെ പേരുപറഞ്ഞ് സര്‍ക്കാര്‍ വിശദീകരണ നോട്ടീസുകള്‍ അയച്ചുകൊണ്ടിരിക്കുകയാണ്.

നമ്മുടെ രാജ്യത്തെ ബൗദ്ധികതയുടെ റിപ്പബ്ലിക്കുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലങ്ങളായിരുന്നു കേന്ദ്രസര്‍വകലാശാലകള്‍. സംവാദത്തിന്റെ ഏറ്റവും ഉയര്‍ന്ന കേന്ദ്രങ്ങളായിട്ടാണ് ജെ.എന്‍.യു ഉള്‍പ്പെടെയുള്ള കാമ്പസുകള്‍ പരിലസിച്ചിരുന്നത്. അവ ഇപ്പോള്‍ സര്‍ക്കാറിന്റെയും എ.ബി.വി.പിയുടെയും കൈയ്യൂക്കിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. സംവാദങ്ങളെ ക്രമസമാധാന പ്രശ്‌നമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തുകെണ്ടിരിക്കുന്നത്. അങ്ങനെയാണ് കനയ്യകുമാറും ഉമര്‍ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും രാജ്യദ്രോഹികളായിമാറിയത്. വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന പൂവാടിപോലെ മനോഹരമായ രാജ്യമാണ് നമ്മുടേത്. ഇവിടെ ദുര്‍ഗയെ പുജിക്കുന്നവരും ദുര്‍ഗയുടെ എതിര്‍ശക്തിയായ മഹിഷാസുരനെ അരാധിക്കുന്നവരുമുണ്ട്. ജെ.എന്‍.യുവില്‍ ദലിത് വിദ്യാര്‍ഥികള്‍ മഹിഷാസുര ജയന്തി അഘോഷിച്ചതിനെതിരെ അപ്പോള്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി രംഗത്തുവന്നു. ദുര്‍ഗയെ ആരാധിക്കുന്നവര്‍ക്കും മഹിഷാസുരനെ ആരാധിക്കുന്നവര്‍ക്കും ഒരുമിച്ചു പുലരാന്‍ കഴിയുന്ന രാജ്യമാണിതെന്ന സത്യം സംഘ്പരിവാര്‍ ഒരിക്കലും അംഗീകരിക്കുന്നില്ല.
സസ്യാഹാരികള്‍ക്കും മിശ്രാഹാരികള്‍ക്കുമെല്ലാം ഇടമുള്ള ഒരു ബഹുസ്വര ജനാധിപത്യ രാജ്യത്തിന്റെ പേരാണ് ഇന്ത്യ. ഇവിടെ സസ്യാഹാരികള്‍ മാത്രം മതിയെ ഫാഷിസത്തിന്റെ പേരാണ് സംഘ്പരിവാര്‍.Poster-EKM

സാധാരണ ഒരു കൊലപാതകം നടന്നാല്‍ അതിന്റെ അന്വേഷണത്തെക്കുറിച്ച് സംശയങ്ങളോ ആരോപണമോ ഉയര്‍ന്നാല്‍ മരിച്ച ആളുടെ ശരീരമാണ് പരിശോധനക്കയക്കുക. മോദി ഭരണത്തില്‍ യു.പിയില്‍ സംഘ്പരിവാര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാഖിന്റെ മരണത്തെ തുടര്‍ന്ന് പരിശോധനക്കയച്ചത് അഖ്‌ലാക്കിന്റെ വീട്ടിലെ ഫ്രിഡ്ജിലെ മാംസമായിരിന്നു. അദ്ദേഹം കഴിച്ചത് മാട്ടിറച്ചിയല്ല ആട്ടിറച്ചിയാണ് എന്നായിരുന്നു സംഘ്പരിവാറിന്റെ എതിര്‍ശക്തികളെന്ന് അവകാശപ്പെടുന്ന യാഥാസ്ഥിതിക പാര്‍ട്ടികളടക്കം അന്ന് പറഞ്ഞത്. മാട്ടിറച്ചി കഴിച്ചവനെ കൊല്ലാമെന്ന് അറിഞ്ഞോ അറിയാതെയോ സമ്മതിക്കുകയാണ് അതിലൂടെ അവര്‍ ചെയ്യുന്നത്.

ഒരു ഭാഗത്ത് അര്‍.എസ്.എസും സഹസംഘടനകളും അക്രമണങ്ങള്‍ അഴിച്ചുവിടുന്നു. മറ്റൊരു ഭാഗത്ത് സര്‍ക്കാര്‍ സ്വയംതന്നെ അമിതാധികാര പ്രയോഗമായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ ജനാധ്യപത്യം അപകടപ്പെടാതിരിക്കണമെങ്കില്‍ ജനങ്ങള്‍ സംഘപരിവാര്‍ സമഗ്രാധിപത്യത്തെ തിരിച്ചറിഞ്ഞ് രംഗത്തിറങ്ങുക മാത്രമാണ് വഴി. ജനാധിപത്യം മോദിയുടെ കരങ്ങളിലല്ല; ജനങ്ങളുടെ ജാഗ്രതയിലാണ് ഭദ്രമായിരിക്കുന്നത്. ഭരണകൂടത്തിന്റെ ഉത്തരവ് കൊണ്ട് മാത്രമല്ല ഭരണകൂടത്തിനെതിരെ ശബ്ദിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോഴാണ് രാജ്യം സമഗ്രാധിപത്യത്തിലേക്ക് വഴുതിവീണിട്ടില്ലെന്ന് ഉറപ്പുവരുത്തപ്പെടുക.
(2017 ഏപ്രില്‍ ഒന്നു ുതല്‍ സംഘ്പരിവാര്‍ സമഗ്രാധിപത്യത്തിനെതിരെ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ലഘുലേഖ)

Leave a Reply

Your email address will not be published. Required fields are marked *