പിണറായി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് സൈ്വരവിഹാരമൊരുക്കുന്നു – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: കൊടി സുനിയേയും നിഷാമിനെയും കിര്‍മാണി മനോജിനെയുമടക്കം കോടതി ശിക്ഷിച്ച കൊടും കുറ്റവാളികളെ ജയില്‍ മോചിതരാക്കാന്‍ ശുപാര്‍ശ ചെയ്യുക വഴി പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ക്രിമിനലുകള്‍ക്ക് സൈ്വരവിഹാരം നടത്താന്‍ അവസരം ഒരുക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. മുന്‍ സര്‍ക്കാറിന്റെ കാലത്താണ് ഇവര്‍ക്കൊക്കെ മോചനം നല്‍കാന്‍ ജയില്‍ വകുപ്പ് ശുപാര്‍ശ ചെയ്തതെന്ന മുഖ്യമന്ത്രിയുടെയും കൂട്ടരുടെയും വാദം അപഹാസ്യമാണ്. മുന്‍സര്‍ക്കാര്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാനാണോ കേരളം ഇടതുപക്ഷത്തിന് ഭൂരിപക്ഷം നല്‍കിയത്. മന്ത്രിസഭ അറിയാതെ ജയില്‍ വകുപ്പാണ് ശുപാര്‍ശ നടത്തിയതെന്ന വാദം ബാലിശമാണ്. ഭരണത്തില്‍ യാതൊരു നിയന്ത്രണവും തനിക്കില്ലെന്ന് പിണറായി വ്യക്തമാക്കുകയാണ് ഇതുവഴി. കേരളം ഇപ്പോള്‍ ക്രിമിനലുകളുടെ താവളമാണ്. സ്ത്രീ പീഢനങ്ങളും കൊള്ളയും കൊള്ളിവെയ്പും കൊലപാതകങ്ങളും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒരിടത്തും കുറ്റവാളികളെ പോലീസ് പിടിക്കുന്നില്ല. അഥവാ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കിയാല്‍ തന്നെ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള പഴുതുകള്‍ പോലീസ് തന്നെ ഒരുക്കുന്നു. കൊടിഞ്ഞി ഫൈസലിന്റെ വധം നടത്തിയ ക്രിമിനലുകള്‍ക്ക് അനായാസമാണ് ജാമ്യം ലഭിച്ചത്. കേരളത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന തരത്തില്‍ നിയമ വാഴ്ച വന്‍പരാജയമാണ്. പോലീസ് ശൗര്യവും വീര്യവും കാണിക്കുന്നത് നിരപരാധികളെ തല്ലാനാണ്. ഇക്കണക്കിന് മുന്നോട്ട് പോയാല്‍ കേരളം ക്രിമിനലുകള്‍ നേരിട്ടു ഭരിക്കുന്ന ഗതികേടിലേക്കെത്തും. കുറ്റവാളികളെ രക്ഷപെടാനനുവദിക്കുന്ന ശുപാര്‍ശ പിന്‍വലിച്ച് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *