പിണറായി സര്‍ക്കാര്‍ ഖനനമാഫിയക്ക് കേരളത്തെ ഇഷ്ടദാനമായി പതിച്ചു നല്‍കുന്നു – ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: ഭൂപതിവ് ചട്ടത്തിലെ ചട്ടം നാലില്‍ ഭേദഗതി വരുത്തുക വഴി പശ്ചിമഘട്ടമടക്കമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളടക്കം പാറമാഫിയയകള്‍ക്കും മറ്റ് ഖനനമാഫിയകള്‍ക്കും ഇഷ്ടദാനമായി പതിച്ച് നല്‍കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കേരളത്തെ മരുഭൂമിയാക്കരുത് എന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച നിയസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളമാകെ കൊടും വരള്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍ പോലും പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പാരിസ്ഥിതിക ധ്വംസനത്തെ പ്രോത്സാഹിപ്പിക്കുകയാണ്. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നവരെ വികസനം മുടക്കികളെന്ന് വിളിച്ചാക്ഷേപിച്ച് പോലീസിനെക്കൊണ്ട് കൈകാര്യം ചെയ്യിപ്പിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. പശ്ചിമഘട്ടം സംരക്ഷിക്കാനും പ്രകൃതി വിഭവങ്ങളുടെ നിയന്ത്രിതമായ ഉപഭോഗത്തിനും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുകയാണ് വേണ്ടത്. പക്ഷേ ഇടതുപക്ഷം ജാതി-സാമുദായിക ശക്തികളുമായി കൂട്ടുപിടിച്ച് അതിനെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. ഖനനമാഫികള്‍ക്കായി നിലകൊണ്ട ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പേരില്‍ സാമുദായിക ശക്തികളുടെ സ്ഥാനാര്‍ത്ഥിയെ ഇടുക്കിയില്‍ വിജയിപ്പിച്ചത് ഇടതുപക്ഷമാണ്. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ ഇടതുപക്ഷം എതിര്‍ത്തിരുന്നു. ഇന്ന് ഭേദഗതിക്കായി ഇടതു സര്‍ക്കാര്‍ തയ്യാറെടുക്കുന്നത് പരിഹാസ്യമാണ്.

കേരളത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമായി നിരവധി ബദല്‍ മാര്‍ഗങ്ങളുണ്ട്. ഇരുനൂറിലധികം ചെറുകിട പദ്ധതികള്‍ സര്‍ക്കാരിന്റെ മുമ്പിലുണ്ട്. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ സാധ്യതയുമുണ്ട് ഇതൊന്നും നോക്കാതെ നേരത്തേ തന്നെ പാരിസ്ഥിതിക അനുമതി തള്ളിക്കളഞ്ഞ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് ഇടക്കിടെ പിണറായി വിജയനും വൈദ്യുത മന്ത്രിയും പറയുന്നത് ദുരൂഹമാണ്. ലാവ്‌ലിന്‍ പോലെ ഏതോ വന്‍കിട കോര്‍പ്പറേറ്റുമായി പിണറായിയും കൂട്ടരും രഹസ്യ ധാരണ ഉണ്ടാക്കിയെന്നു സംശയിക്കേണ്ടിയി രിക്കുന്നു. ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സി.പി.ഐ അടക്കം എതിര്‍ത്തിട്ടും അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് പറയുന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.

കേരളത്തെ മരുഭൂമിയാക്കാനൊരുമ്പെട്ട പിണറായി വിജയനും കൂട്ടരുമാണ് കേരളത്തിലെ യഥാര്‍ത്ഥ വികസനം മുടക്കികള്‍. വന്‍കിട പദ്ധതികള്‍ കൊണ്ടല്ല കേരളം വികസിക്കുന്നത്. കുടിവെള്ളം ഇല്ലാതാക്കി എന്ത് വികസനമാണ് കൊണ്ടുവരുന്നതെന്ന് പിണറായി വ്യക്തമാക്കണം. ജനങ്ങളെ കുടിയൊഴിപ്പിച്ച് തെരുവിലിറക്കിയാല്‍ കേരളം വികസിക്കുമോ? കേരളത്തിലെ ഭൂരഹിതരെ നിരന്തരം കബളിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് ഖനനമാഫിയയക്ക് യഥേഷ്ടം ഭൂമി ദാനം ചെയ്യുന്നത്.

ഭൂപതിവ് ചട്ടത്തിലെ 4ാം ചട്ടം ഭേദഗതി വരുത്താനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നും അതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്നും ഖനനാനുമതി ഒരു വര്‍ഷമെന്നത് അഞ്ച് വര്‍ഷമായി ദീര്‍ഘിപ്പിച്ച നടപടിയില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്മാറണമെന്നും പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രസ്‌ക്ലബിന് സമീപത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴ, സംസ്ഥാന സെക്രട്ടറിമാരായ റസാഖ് പാലേരി, ശ്രീജ നെയ്യാറ്റിന്‍കര, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് എന്‍.എം അന്‍സാരി, ജില്ലാ ജനറല്‍ സെക്രട്ടറി മധു കല്ലറ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *