ഭീകര നിയമങ്ങളുടെ മുഖ്യ പ്രായോജകര്‍ സംഘ്പരിവാര്‍ ശക്തികള്‍: ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്

Repeal UAPA
കണ്ണൂര്‍: രാജ്യത്ത് നടപ്പിലാക്കിയതും നിലവിലിരിക്കുന്നതുമായ മുഴുവന്‍ ഭീകര നിയമങ്ങളുടെയും മുഖ്യപ്രായോജകര്‍ സംഘ്പരിവാര്‍ ശക്തികളാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ്.ക്യു.ആര്‍ ഇല്യാസ്. സംഘ്പരിവാര്‍ സമഗ്രാഥിപത്യത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ഭരണകൂട ഇരകളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയെ പ്രതിരോധിക്കാനെന്ന പേരില്‍ നടപ്പിലാക്കിയ എല്ലാ നിയമങ്ങളുടെയും മുഖ്യ ഇരകള്‍ ദളിത്-മുസ്‌ലിം-മാവോയിസ്റ്റ് വിഭാഗങ്ങളാണ്. നിരവധി വര്‍ഷങ്ങളുടെ വിചാരണക്കൊടുവില്‍ നിരപരാധികളാണെന്ന് കണ്ട് പലരെയും വിട്ടയച്ചിരിക്കുന്നു. ടാഡ നിയമം നിലവിലിരുന്ന പത്ത് വര്‍ഷത്തിനിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ ഒരു ശതമാനം പേരെ മാത്രമേ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുള്ളു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒമ്പതിന് വിവാദമായ ജെ.എന്‍.യു സംഭവത്തില്‍ അവിടത്തെ വിദ്യാര്‍ഥികള്‍ക്കെതിരില്‍ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തുകയുണ്ടായി. സംഭവം കഴിഞ്ഞ് ഒരു വര്‍ഷമായിട്ട് പോലും പോലീസ് രാജ്യ ദ്രോഹികളായി ചിത്രീകരിച്ച വിഷയത്തില്‍ ചാര്‍ജ്ജ്ഷീറ്റ് ഫയല്‍ ചെയ്യുവാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ല. രാജ്യത്ത് നിലവിലിരിക്കുന്ന മുഴുവന്‍ ഭീകര നിയമങ്ങളും പിന്‍വലിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി രാജ്യ വ്യാപക പ്രക്ഷോഭമുയര്‍ത്തുമെന്ന് അദ്ധേഹം പറഞ്ഞു. നിരപരാധികളെന്ന് കണ്ട് വിട്ടയക്കപ്പെട്ട മുഴുവനാളുകള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കണമെന്നും അന്യായ അറസ്റ്റിന് നേതൃത്വം കൊടുത്ത മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. ക്രമസമാധാന പാലന വിഷയത്തില്‍ സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനത്തെ മറികടക്കുന്ന എന്‍.ഐ.എ പിരിച്ചുവിടണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. പരുപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അദ്ധ്യക്ഷത വഹിച്ചു. പാര്‍ട്ടി ദേശീയ സെക്രട്ടറി സുബ്രഹ്മണി അറുമുഖം മുഖ്യ പ്രഭാഷണം നടത്തി.
സിമി ബന്ധം ആരോപിച്ച് അന്യായമായി വിചാരണ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഈരാറ്റുപേട്ടയിലെ ഷിബിലി ശാദുലി സഹോദരങ്ങളുടെ പിതാവ് കരീം മാസ്റ്റര്‍, ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന നേട്ടീസ് വിതരണം ചെയ്‌തെന്നാരേപിച്ച് യു.എ.പി.എ ചുമത്തി മാസങ്ങളോളം വിചാരണ തടവുകാരനായി പാര്‍പ്പിച്ച ചാത്തു, ഗൗരി വയനാട്, പോരാട്ടം സംസ്ഥാന ജോ.കണ്‍വീനര്‍ അജിതന്‍, വ്യാജ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തപ്പെട്ട തിരുവനന്തപുരം സ്വദേശി ഷാഹുല്‍ ഹമീദ്, ഹുബ്ലി സ്‌ഫോടന ആസൂത്രണ കേശില്‍ ഏഴ് വര്‍ഷം വിചാരണ തടവുകാരനായി കഴിഞ്ഞ ശേഷം നിരപരാധിയായി കോടതി കണ്ടെത്തിയ യഹിയ കമ്മുക്കുട്ടി, ബാങ്കഌര്‍ സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന ഷമീര്‍ താണയുടെ സഹോദരന്‍ ഷഹീര്‍ താണ, നാറാത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാഞ്ഞിരോട് സ്വദേശി ഫഹദിന്റെ പിതാവ് മൂസ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജിഷ്ണുവിന്റെ അമ്മയോടൊപ്പം തുറങ്കിലടക്കപ്പെട്ട സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സജീദ് ഖാലിദ് അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി.മുഹമ്മദ് വേളം സമാപന പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജബീന ഇര്‍ഷാദ് സ്വാഗതവും ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍ നന്ദിയും പറഞ്ഞു.
നേരത്തെ സമര നായകനെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലയിലെ പ്രവര്‍ത്തകര്‍ മേലെ ചൊവ്വയില്‍ നിന്ന് സ്വീകരിച്ച് സമ്മേളന നഗരിയിലേക്ക് ആനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *