വംശീയതക്കെതിരെ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക.

WhatsApp Image 2021-01-21 at 10.06.18 PM

വെൽഫെയർ പാർട്ടി മുന്നോട്ടുവെക്കുന്ന സാമൂഹ്യ നീതിയിലധിഷ്ഠിതമായ ക്ഷേമരാഷ്ട്ര സങ്കൽപം ഏറെ പ്രസക്തമായ കാലത്താണ് ഇന്ന് രാജ്യമുള്ളത്. വംശീയതയും കോർപ്പറേറ്റ് മേധാവിത്വവും അവരുടെ ചട്ടുകങ്ങളായ കേന്ദ്ര-സംസ്ഥാന സർക്കാറുകളും ചേർന്ന് ചതച്ചരച്ച ഇന്ത്യൻ ജീവിതത്തിൽ നിന്ന് അപ്രത്യക്ഷമായ സാമൂഹ്യ നീതിയും ജനാധിപത്യവും ജീവിത സുരക്ഷിതത്വവും തിരിച്ചുപിടിക്കാൻ നവജനാധിപത്യ പോരാട്ടം അനിവാര്യമായ ഘട്ടമാണിത്. സംഘ്പരിവാറിന്‍റെ വംശീയ അജണ്ടയുടെ ഇരകളായി പൗരത്വ നിഷേധത്തിന്‍റെയും വംശീയ ഉൻമൂലനത്തിന്‍റെയും വക്കിലാണ് ഇന്ത്യയിലെ മുസ്ലിംകൾ നിലകൊള്ളുന്നത്. ജാതിവ്യവസ്ഥ പുറംതള്ളിയ ദലിത്-ആദിവാസി ജനവിഭാഗങ്ങളെ തുല്യാവകാശങ്ങളിൽ നിന്ന് അകറ്റി കൂടുതൽ ഓരങ്ങളിലേക്ക് മാറ്റി സവർണ മേധാവിത്വം അടിച്ചേൽപ്പിക്കാൻ സംവരണ നിഷേധത്തിലൂടെയും പ്രത്യക്ഷ ആക്രമണങ്ങളിലൂടെയും ശ്രമിച്ച് കൊണ്ടിരിക്കുന്നു.

ക്രിസ്ത്യൻ ജനവിഭാഗങ്ങളടങ്ങുന്ന ഇതര മതന്യൂനപക്ഷങ്ങളും ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ആർ.എസ്.എസ് ലക്ഷ്യം വെക്കുന്ന വംശീയ രാഷ്ട്ര നിർമിതിയുടെ പടവുകളാണ് കേന്ദ്രസർക്കാർ വ്യത്യസ്ത നിയമ നിർമാണങ്ങളിലൂടെ കെട്ടിപ്പടുത്തു കൊണ്ടിരിക്കുന്നത്. തങ്ങൾ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്ന മുസ്‍ലിം -ദലിത് – ആദിവാസി- ന്യൂനപക്ഷ ജനവിഭാഗങ്ങളെ പൊതുനിരത്തിൽ വെട്ടി വീഴ്ത്തിയും തല്ലിക്കൊന്നും അവരുടെ സ്ത്രീകളെ ബലാൽസംഘം ചെയ്തും യുവാക്കളെ കള്ളക്കേസുകളിൽ പെടുത്തി ജീവിതകാലം മുഴുവൻ ജയിലറകളിൽ അടച്ചും ഇല്ലാതാക്കി കൊണ്ടിരിക്കുന്നു.

മറ്റൊരു ഭാഗത്ത് രാജ്യത്തിന്‍റെ ഭരണ സംവിധാനവും സമ്പത്തും സുസ്ഥിതിയും കോർപ്പറേറ്റുകൾക്ക് അടിയറവെച്ച് അന്നം തരുന്ന കർഷകരെ വരെ തെരുവു സമരത്തിനിറങ്ങാൻ നിർബന്ധിക്കുന്ന ദുരവസ്ഥയാണ് രാജ്യത്തുള്ളത്.
തൊഴിലാളികളുടെ ജീവിതം നരകതുല്യമായിരിക്കുന്നു. എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ട കരാർ തൊഴിലാളികളാണ് അവരിന്ന്. വൻകിടക്കാർക്ക് വഴി എളുപ്പമാക്കാൻ ശ്രമിക്കുക വഴി ചെറുകിട ഉൽപാദകരും കച്ചവടക്കാരും തകർന്ന് തരിപ്പണമായിരിക്കുന്നു. ഭരണകൂടത്തിന്‍റെ പൗരാവകാശ-ജനാധിപത്യ നിഷേധത്തിനെതിരെ ശബ്ദമുയർത്തിയ വിദ്യാർഥികളെയും സാമൂഹ്യപ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങളുപയോഗിച്ച് തടവറയിലടക്കുകയാണ്. എന്നാൽ, ഇത്തരം ഒരു സന്നിഗ്ദ ഘട്ടത്തിൽ ജനവികാരത്തെ പ്രതിനിധീകരിക്കാൻ ബാധ്യസ്ഥരായ ഇന്ത്യയിലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെല്ലാം നിസ്സംഗരായി മാറി നിൽക്കുകയോ സംഘ്പരിവാർ പദ്ധതികൾ എളുപ്പമാക്കാൻ ശ്രമിക്കുകയോ ആണ് ചെയ്യുന്നത്.

ഇന്ത്യയിലെ സാമൂഹ്യാന്തരീക്ഷത്തിൽ സ്വാധീനം നേടാൻ ആർ.എസ്.എസ് രൂപംപ്പെടുത്തിയ ഏറ്റവും വലിയ ആയുധം മുസ്‍ലിം വിരുദ്ധതയായിരുന്നു. അതിനായി വ്യാജ ആരോപണങ്ങളും കൃത്രിമ സംഭവങ്ങളും നിർമിച്ചു. ഭീകരവാദ-രാജ്യ വിരുദ്ധ മുദ്രകൾ ചാർത്തി ഭൂരിപക്ഷ ജനവിഭാഗങ്ങളിൽ ഭയം സൃഷ്ടിച്ച് അവരുടെ രക്ഷക സ്ഥാനം ഏറ്റെടുത്തു ഏകോപിപ്പിച്ചു. ഇതിനെ ഒരു രാഷ്ട്രീയ ശക്തിയാക്കിയാണ് അവർ നിഷ്പ്രയാസം ഭരണം നേടിയത്.
ഭരണകൂടത്തിനെതിരായി സംഘടിത ജനവികാരം ഉയർന്ന് വരാൻ സാധ്യത ഉള്ളപ്പോഴും അഴിമതിയിലും സ്വജന പക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും ഭരണം മുങ്ങിതാഴുമ്പോഴും ഇതേ രീതി ഉപയോഗിച്ചാണ് സംഘ്പരിവാർ അതിനെ മറികടന്ന് തെരഞ്ഞെടുപ്പ് വിജയം നേടിയെടുക്കുന്നത്.

മുസ്‍ലിം-ദലിത്-പിന്നാക്ക വിരുദ്ധവും വർഗീയ ധ്രുവീകരണം എളുപ്പമാക്കുന്നതുമായ അതേ അടിത്തറയെ സമർഥമായി ഉപയോഗപ്പെടുത്തിയാണ് സി.പി.എം നേതൃത്വം കൊടുക്കുന്ന കേരളത്തിലെ ഇടതുപക്ഷം ഭരണ തുടർച്ചക്കും തെരഞ്ഞെടുപ്പ് വിജയത്തിനും ശ്രമിക്കുന്നത്. സംഘ്പരിവാറിന്‍റെ വംശീയ പദ്ധതിയെ എളുപ്പമാക്കി കൊടുക്കുന്ന ഈ ആസൂത്രണത്തിന്‍റെ ഫലപ്രദമായ പ്രയോഗവൽകരണമാണ് കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി കേരളത്തിൽ നടത്തിയത്.

സംസ്ഥാന സർക്കാറിനെ നിയന്ത്രിക്കുന്നത് കള്ളക്കടത്തുകാരും കോർപ്പറേറ്റുകളും ജാതിമേധാവിത്വ ശക്തികളുമാണ് എന്ന ജനമറിഞ്ഞ യാഥാർഥ്യത്തെ മറികടക്കാനും ജനവികാരം എതിരാകാതിരിക്കാനും സംഘ്പരിവാർ പദ്ധതിയായ ഇസ്‍ലാം ഭീതി സൃഷ്ടിച്ച് വർഗീയ ധ്രുവീകരണ അന്തരീക്ഷം സൃഷ്ടിക്കുകയാണ് അവർ ചെയ്തത്. കേരളത്തിലെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളിൽ മുസ്‍ലിം സ്വാധീനം നേടാൻ പോകുന്നു എന്ന രീതിയിലുള്ള സംഘടിത പ്രചാരണവും അതിനെ വിശ്വാസ യോഗ്യമാക്കുന്ന സമവാക്യങ്ങളും നിർമിച്ച് നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളം നേടിയെടുത്ത സാമൂഹിക സഹവർത്തിത്വത്തെ തകർക്കുന്ന പ്രവർത്തനമാണ് ഇടതുപക്ഷം ചെയ്തത് . ഇതിന്‍റെ പരിണിത ഫലമായി ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ സൃഷ്ടിക്കപ്പെട്ട അകൽച്ചയും സംശയങ്ങളും ഉപയോഗിച്ച് വരുംനാളുകളിൽ ഹിന്ദുത്വ ശക്തികൾക്ക് കേരളത്തെ നിഷ്പ്രയാസം കൈപ്പിടിയിലാക്കാനാകും. തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി ഇടതുപക്ഷം തുറന്ന് വിട്ട മുസ്‍ലിം ഭീതി ഭീകരമായ അപരവൽകരണമാണ് കേരളത്തിൽ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ മതവിഭാഗങ്ങളെ തമ്മിലകറ്റി, വർഗീയതയുടെ വിഷവേര് പടർത്തി, അതുവഴി അധികാരമുറപ്പിക്കാനുള്ള ശ്രമത്തിന്‍റെ ആത്യന്തികനേട്ടം സംഘ്പരിവാർ ശക്തികൾക്ക് മാത്രമായിരിക്കും എന്നത് പരിഗണിക്കാതെ താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി വംശിയ വെറിയുടെ നിറഞ്ഞാട്ടത്തിലേക്ക് കേരളത്തെ എത്തിച്ച കൊടും ക്രൂരത കേരളം തിരിച്ചറിയേണ്ടതുണ്ട്.

വെൽഫെയർ പാർട്ടി പ്രതിനിധീകരിക്കുന്ന സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തെ അഭിമുഖികരിക്കാൻ കഴിയാത്തത് കൊണ്ടും പാർട്ടി നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയെ മറികടക്കാനും വേണ്ടിയാണ് ഇടതുപക്ഷം വെൽഫെയർ പാർട്ടിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. വംശീയതക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറാതിരിക്കണമെങ്കിൽ ഇത്തരം ദുഷ്ട പ്രവർത്തനങ്ങളെ സംഘടിതമായി ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. സംഘ് ഫാഷിസത്തിനെതിരെ സ്വീകരിക്കുന്ന ഉറച്ച നിലപാട് തന്നെയാണ് ഫാഷിസത്തിന് വഴിയൊരുക്കുന്നവരോടും സ്വീകരിക്കേണ്ടത്. നിർമിത സാഹചര്യങ്ങളിൽപ്പെടുത്തി യഥാർഥ രാഷ്ട്രീയ പ്രശ്നങ്ങളെയും നീതി നിഷേധത്തെയും മറച്ച് പിടിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളെയും വെൽഫെയർ പാർട്ടി തുറന്ന് കാട്ടുകയും ചെറുത്തു തോൽപ്പിക്കുകയും ചെയ്യും.

ചരിത്രപരമായ കാരണങ്ങളാൽ സാമൂഹ്യ വിവേചനത്തിന് ഇരകളാക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കി അധികാരത്തിലും ഉദ്യോഗങ്ങളിലും അവർക്ക് അർഹമായ പങ്കാളിത്തം ലഭ്യമാക്കാനുള്ള ഭരണഘടനാ നടപടിയാണ് സംവരണം. ഇത് ദുർബലപ്പെടുത്തുക എന്നത് ജാതി-സവർണ വംശീയ ശക്തികളായ സംഘ്പരിവാറിന്‍റെ ദീർഘകാല പരിശ്രമമാണ്. അതിന് വേണ്ടി അവർ ആവിഷ്ക്കരിച്ച ആശയമാണ് സാമ്പത്തിക സംവരണം. ഇതിന് വേണ്ടി ഭരണഘടനാ തത്വങ്ങൾ അട്ടിമറിച്ച് ഉദ്യോഗമേഖലയുടെ 70 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്ന 20 ശതമാനം മാത്രംവരുന്ന സവർണ വിഭാഗങ്ങൾക്കുതന്നെ കൂടുതൽ അധികാരം പതിച്ച് നൽകുന്ന മുന്നാക്ക സംവരണം സംഘ്പരിവാർ സർക്കാർ നടപ്പാക്കി. ചരിത്രപരമായി പിന്തള്ളപ്പെട്ട ദലിത്-പിന്നാക്ക ജനതയെ വീണ്ടും പിന്നോട്ട് തള്ളുകയും ജാതി-വംശീയ മേധാവിത്വത്തെ പൂർവാധികം ശക്തിയായി ഉറപ്പിച്ചെടുക്കുന്ന ഈ വഞ്ചനയുടെ മുഖ്യ നടത്തിപ്പുകാരായി മാറുകയാണ് കേരളത്തിലെ ഇടതുസർക്കാർ ചെയ്തത്. ഈ അന്യായത്തിനെതിരെ തുടക്കം മുതൽ ചെറുത്തു നിൽപ്പ് സംഘടിപ്പിക്കുകയാണ് വെൽഫെയർ പാർട്ടി. സാമൂഹ്യനീതി സ്ഥാപിക്കാൻ ഭരണഘടനാ ശിൽപികൾ സ്ഥാപിച്ചെടുത്ത സംവരണം അട്ടിമറിക്കപ്പെടാതിരിക്കാനുള്ള പോരാട്ടങ്ങളിൽ പ്രതിജ്ഞാബദ്ധമാണ് വെൽഫെയർ പാർട്ടി.

കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യപ്രശ്നം ഭൂമിയുടെ രാഷ്ട്രീയമാണ്. ജാതിവ്യവസ്ഥയുടെ അനന്തര ഫലമാണ് കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ഭൂരഹിതർ. ടാറ്റയും ഹാരിസണും പോലുള്ള കോർപ്പറേറ്റുകൾ അഞ്ചര ലക്ഷം ഏക്കർ ഭൂമി കൈയേറി കോടികൾ സമ്പാദിക്കുന്നതിന്‍റെ ആധികാരിക അന്വേഷണ റിപ്പോർട്ടുകൾ സർക്കാറിന്‍റെ കൈവശം ഉണ്ടായിരിക്കെത്തന്നെയാണ് കയറിക്കിടക്കാൻ മൂന്ന് സെന്‍റെ ഭൂമിയിൽ കുടിൽവെച്ചു എന്ന കുറ്റം ചാർത്തപ്പെട്ട നെയ്യാറ്റിൻകരയിലെ രാജനും അമ്പിളിക്കും സ്വന്തം ജീവൻ ബലികൊടുക്കേണ്ടി വന്നത്. ജാതിവ്യവസ്ഥ ഭൂ ഉടമസ്ഥത നിഷേധിച്ച ദലിത് വിഭാഗങ്ങൾക്ക് കൃഷി ഭൂമി നൽകുന്നതിന് പകരം ലക്ഷംവീട് കോളനികളിലും ഫ്ളാറ്റുകളിലും തളച്ചിട്ട് അവരുടെ സാമുഹ്യ വളർച്ചയെ തടയുകയാണ് ഇടത്-വലത് മുന്നണികൾ ചെയ്തത്. എന്നാൽ, പുറംപോക്കുകളിലും തെരുവുകളിലും തൊഴുത്തിന് സമാനമായ കൂരകളിലും ജീവിക്കേണ്ടി വരുന്നവരുടെ സാമൂഹ്യനീതിയും ഭൂമിയുടെ മേലുള്ള അവകാശവും സ്ഥാപിച്ചെടുക്കുന്ന സമഗ്ര ഭൂപരിഷ്കരണം അനിവാര്യമാണ് എന്ന ആവശ്യമാണ് വെൽഫെയർ പാർട്ടി മുന്നോട്ട് വെക്കുന്നത്. വികസനം പരിസ്ഥിതി സൗഹാർദപരവും വികേന്ദ്രീകൃതവും ജനപങ്കാളിത്തമുള്ളതും അഴിമതിരഹിതവുമായിരിക്കണം. സാധാരണ മനുഷ്യരുടെ ജീവിത പുരോഗതി ഉറപ്പാക്കുന്ന ജനപക്ഷ വികസനം. പൗരൻമാരുടെ അടിസ്ഥാന ആവശ്യങ്ങൾ അവകാശമായി മാറുന്ന വിവേചനങ്ങൾ ഇല്ലാത്ത ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനാണ് പാർട്ടി പരിശ്രമിക്കുന്നത്.

വെൽഫെയർ പാർട്ടി ഇന്ന് കേരളക്കരക്ക് ചിരപരിചിതമാണ്. കഴിഞ്ഞ ഒമ്പത് വർഷമായി കേരളത്തിലെ ജനകീയ സമര മുഖങ്ങളിൽ വെൽഫെയർ പാർട്ടിയുടെ നിറസാന്നിധ്യമുണ്ട്. എല്ലാത്തരം അനീതികൾക്കെതിരെയും നിർഭയമായ പോരാടി നീതി നിഷേധത്തിന്‍റെ ഇരകൾക്കൊപ്പം പാർട്ടി നിലയുറപ്പിക്കുന്നു. ഭരണകൂട ഭീകരത ഇല്ലാതാക്കുന്ന അനേകം ജീവിതങ്ങൾ നാട്ടിലുണ്ട്. അരക്ഷിതരായ അവർക്കൊപ്പം എല്ലാ കാലത്തും പാർട്ടി ഉണ്ടായിട്ടുണ്ട്.

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ൽ 41ഉം 2020 ൽ 65 ഉം ജനപ്രതിനിധികളെ വിജയിപ്പിച്ചെടുത്ത വെൽഫെയർ പാർട്ടി ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ജനപക്ഷ രാഷ്ട്രീയത്തിന്‍റെ പുതുശബ്ദത്തെ അനിഷേധ്യമാക്കിയിരിക്കുന്നു.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയോടൊപ്പം തെരഞ്ഞെടുപ്പ് സഹകരണം ഉണ്ടാക്കുകയും 2020 ൽ അതേ വെൽഫെയർ പാർട്ടിക്ക് മേൽ ഭീകരമുദ്ര ചാർത്താനും ശ്രമിച്ച ഇടതുപക്ഷ കാപട്യത്തിനും അവസരവാദത്തിനും ജനങ്ങൾ നൽകിയ മറുപടിയാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം.

ജനങ്ങൾ നൽകിയ പിന്തുണ ക്ഷേമ വാർഡുകളുടെ നിർമിതിയിലൂടെ തിരിച്ച് നൽകി ജനാഭിലാഷങ്ങളെ സാക്ഷാത്ക്കരിക്കാൻ വരും നാളുകളിൽ പാർട്ടി പരിശ്രമിക്കും. ഭരണകൂടങ്ങളിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾക്ക് വേണ്ടി നിരന്തരം പൊരുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ ജനങ്ങൾ അകപ്പെടുന്ന എല്ലാ ദുരിതങ്ങളിൽ നിന്നും അവർക്ക് ആശ്വാസവും സുരക്ഷയും നൽകാൻ ആവുന്നത്ര പാർട്ടി പരിശ്രമിച്ചിട്ടുണ്ട്. പ്രളയം, ഉരുൾപൊട്ടൽ, ഓഖി, മറ്റ് പ്രകൃതിദുരന്തങ്ങൾ, കോവിഡ് മഹാമാരി തുടങ്ങി കേരളം അനുഭവിച്ച കെടുതികളുടെ നാളുകളിലെല്ലാം സേവനത്തിന്‍റെ ഉറച്ച കൈതാങ്ങായ് ജനങ്ങളോടൊപ്പം വെൽഫെയർ പാർട്ടിയുണ്ടായിരുന്നു.

കഴിഞ്ഞ ഒമ്പത് വർഷമായി വെൽഫെയർ പാർട്ടി ഉയർത്തിയ സമരമുഖങ്ങൾ പരിശോധിച്ചാൽ പാർട്ടി നിലകൊണ്ടത് ജനപക്ഷ വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയാണെന്ന് ബോധ്യമാകും. കോർപറേറ്റ് വിധേയൻമാരായ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ജനദ്രോഹ നടപടികൾക്കെതിരെയും വികസനത്തിന്‍റെ ഇരകൾക്ക് വേണ്ടിയും കേരളത്തിന്റെ തെരുവകളിൽ പാർട്ടി നടത്തുന്ന പോരാട്ടം ചരിത്രപരമാണ്. യഥാർഥ പ്രതിപക്ഷ ദൗത്യമാണ് പാർട്ടി നിർവഹിക്കുന്നത്.

സംഘ്പരിവാർ ഫാഷിസത്തിനെതിരായ പോരാട്ടം പാർട്ടിയുടെ പ്രധാന പ്രവർത്തനമാണ്. പൗരത്വ പ്രക്ഷോഭത്തിൽ കേരളം അത് ദർശിച്ചതാണ്. രാജ്യ ശ്രദ്ധ നേടിയ ജനകീയ ഹർത്താലും ഒക്കുപൈ രാജ്ഭവനും പൗരത്വ പ്രക്ഷോഭ ചരിത്രത്തിൽ നിർണായക മുന്നേറ്റമാണ്. ഫാഷിസ്റ്റ് പദ്ധതികൾക്ക് മുമ്പിൽ നിശബ്ദരാകുന്ന പരമ്പരാഗത പാർട്ടികളുടെ നിസ്സാഹയതയെ ഭേദിച്ച് ജനവികാരത്തെ പ്രതിഫലിപ്പിക്കുന്നതിൽ കഴിഞ്ഞ കാലങ്ങളിൽ പാർട്ടി നിർണായക പരിശ്രമമാണ് നടത്തിയിട്ടുള്ളത്. പാർട്ടി കെട്ടിപ്പടുക്കുന്ന ജനാധിപത്യപ്രതിരോധം സാമൂഹ്യ നീതിയെ ജീവശ്വാസമായി കാണുന്ന എല്ലാ ജനവിഭാഗക്കൾക്കും ഏറെ പ്രധാനമായ കാലമാണിത്. ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളോടൊപ്പം നിലയുറപ്പിച്ച്,ഭരണകൂട ഭീകരതയിലൂടെയും സംഘ്പരിവാറിന്‍റെ വംശീയ വേട്ടയിലൂടെയും അപരവൽകരിക്കപ്പെട്ട മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് വേണ്ടിയും വിശ്രമരഹിതമായി പ്രവർത്തിച്ച് ജൈവരാഷ്ട്രീയത്തിന്‍റെ പുതുവസന്തം തീർക്കുകയാണ് വെൽഫെയർ പാർട്ടി. ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ട് വെച്ച ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ശ്രീ നാരായണ ഗുരുവും, മഹാത്മാ അയ്യൻകാളിയും, വക്കം മൗലവിയും, പൊയ്കയിൽ അപ്പച്ചനും മറ്റ് ജന നായകരും ചേർന്ന് നിർമിച്ച കേരളീയ നവോത്ഥാനത്തിന്‍റെ രാഷ്ട്രീയ തുടർച്ചക്കാണ് വെൽഫെയർ പാർട്ടി കഠിനാധ്വാനം ചെയ്യുന്നത്. മനുഷ്യർക്കിടയിൽ അതിരുകളും അകലങ്ങളും നിർമിക്കുന്ന എല്ലാ ഭേദങ്ങളെയും തകർത്തെറിയുന്ന സാഹോദര്യത്തെ അടിത്തറയാക്കിയ സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തെ ഏറ്റെടുത്ത് നീതിയുടെ പോരാളിയാകാൻ താങ്കളെ വെൽഫെയർ പാർട്ടിയിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *