നീതിയും ജനാധിപത്യവും പുലരാന്‍ ആലോചിച്ച് വോട്ട് ചെയ്യുക.

Leaflet

വോട്ട് പൗരന്‍മാരുടെ അവകാശവും കടമയുമാണ്. നാടിന്റെ ഭാഗധേയം നിശ്ചയിക്കുന്ന ആയുധവുമാണ്. അതുപയോഗിച്ച് നാടിനെ തകര്‍ക്കുന്നവരെ തോല്‍പ്പിക്കാനും നീതിപൂര്‍ണമായ നാടിന് വേണ്ടി നിലകൊള്ളുന്നവരെ ജയിപ്പിക്കാനും നമുക്ക് കഴിയും. പലപ്പോഴും വോട്ട് വിനിയോഗത്തില്‍ ജനങ്ങള്‍ വരുത്തുന്ന ഗുരുതര വീഴ്ച കൊണ്ടാണ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന ഭരണാധികാരികള്‍ പിറവിയെടുക്കുന്നത്. അതിനാല്‍ ചിന്തിച്ചും ആലോചിച്ചും നിര്‍വഹിക്കേണ്ട ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമായി വോട്ടിനെ നാം കാണണം.

ജന ജീവിതത്തെ ഐശ്വര്യ പൂര്‍ണ്ണമാക്കുന്ന നിയമങ്ങളും നയങ്ങളും നിര്‍മിക്കുന്ന നിയമസഭയില്‍ നമ്മുടെ പ്രതിനിധിയാകേണ്ടതാരാണന്ന് തീരുമാനിക്കാന്‍ പോവുകയാണ് നാം. പരമ്പരാഗത രാഷ്ട്രീയ കക്ഷികള്‍ ഇത്രയും കാലം കൊണ്ടുനടന്നതും ജീര്‍ണ്ണിച്ചതുമായ രാഷ്ട്രീയാശയങ്ങള്‍ വ്യാജ വാഗ്ദാനങ്ങളുടെയും വര്‍ണപ്പകിട്ടാര്‍ന്ന പ്രചാരണങ്ങളുടെയും അകമ്പടിയോടെ അവതരിപ്പിച്ച് അതില്‍ ജനങ്ങളെ തളച്ചിടാനാണ് ശ്രമിക്കുന്നത്. വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്യേണ്ട, മറുപടി പറയേണ്ട വിഷയങ്ങള്‍ മറച്ച് കളയാന്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണവര്‍. ജനങ്ങളെ പരസ്പരം ശത്രുക്കളാക്കുന്ന വംശീയ-വര്‍ഗീയ തന്ത്രങ്ങള്‍ ഉപയോഗിച്ച് എങ്ങനെയും ജയിക്കുക എന്ന കാലങ്ങളായി തുടരുന്ന രീതി ഏറ്റവും അപകടകരമായ വിധത്തില്‍ പയറ്റുകയാണവര്‍.

ജനങ്ങളുടെ മറവിയും അശ്രദ്ധയും മുതലെടുക്കാന്‍ തെരഞ്ഞെടുപ്പ് സമയത്ത് കഴിയുമെന്ന വിശ്വാസമാണ് വര്‍ഗീയ ധ്രുവീകരണത്തിന്റെ, അഴിമതിയുടെ, സ്വജനപക്ഷപാതത്തിന്റെ പിന്‍വാതിലുകള്‍എപ്പോഴും തുറന്നുവെക്കാന്‍ മുന്നണികള്‍ക്ക് ധൈര്യം പകരുന്നത്. നുണകള്‍ നിരന്തരം ആവര്‍ത്തിച്ച് ജനങ്ങളെ പറ്റിക്കാമെന്ന അവരുടെ ഈ അഹങ്കാരത്തെ അവസാനിപ്പിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യം പുലരുകയുള്ളൂ. അതുകൊണ്ട്, വോട്ട് ചെയ്യുന്നതിന് മുന്‍പ് നാടിന്റെ ഭാവിക്കുവേണ്ടി മൗലികമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തേണ്ടതുണ്ട്. അതിന് നാം കണ്ടെത്തുന്ന ശരിയായ ഉത്തരത്തിനാകട്ടെ, നമ്മുടെ അമൂല്യമായ വോട്ട്.

ചോദ്യം ഒന്ന് – എന്തുകൊണ്ടാണ് നമ്മുടെ രാജ്യം, സംഘ് ഫാഷിസത്തിന്റെ, വര്‍ഗീയതയുടെ, കോര്‍പറേറ്റ് വാഴ്ചയുടെ ചെളിക്കുണ്ടായി മാറിയത്?

welfare party candidates election 2021ഭരണഘടന വിഭാവനം ചെയ്ത ഉന്നത മൂല്യങ്ങള്‍ ബലികഴിച്ച് വംശീയമായി രാജ്യത്തെ ധ്രുവീകരിക്കുകയാണ് ആര്‍.എസ്.എസ് നേതൃത്വത്തിലുളള ബി.ജെ.പി സര്‍ക്കാര്‍. ഭരണകൂട വിമര്‍ശനം രാജ്യദ്രോഹമാക്കി നിഷ്‌കരുണം നിരപരാധികളെ തുറങ്കിലടക്കുന്നു. നൂറ് കണക്കിന് അക്കാദമിക് പണ്ഡിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ആയിരക്കണക്കിന് ചെറുപ്പക്കാര്‍, വിദ്യാര്‍ഥികള്‍ ജയിലിലാണ്. മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞ രാജ്യമായി ഇന്ത്യ മാറി. തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യ രാജ്യമെന്നാണ് ഇന്ന് ഇന്ത്യയുടെ അന്താരാഷ്ട്രവിളിപ്പേര്.

ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകളുടെ പൗരത്വം റദ്ദാക്കാനുള്ള ഗൂഢപദ്ധതിയാണ് പൗരത്വ നിയമ ഭേദഗതിയിലൂടെയും എന്‍.ആര്‍.സിയിലൂടെയും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. ദലിതരെയും ആദിവാസികളെയും മുസ്‌ലിംകളെയും അടിച്ചു കൊന്നും അവരുടെ സ്ത്രീകളെ നിഷ്ഠൂരമായി ബലാല്‍സംഘം ചെയ്തും സംഘ്പരിവാര്‍ ഫാഷിസം ഉറഞ്ഞുതുള്ളുകയാണ്. വ്യാജ ഏറ്റുമുട്ടലുകളും വംശീയ ഉന്‍മൂലനങ്ങളും അരങ്ങ് തകര്‍ക്കുന്നു.

ഒരുഭാഗത്ത് മതവിദ്വേഷത്തിന്‍റെ വെറുപ്പ് പടര്‍ത്തുമ്പോള്‍ മറുഭാഗത്ത് രാജ്യത്തെ കോര്‍പറേറ്റ് അടിമത്വത്തിലേക്ക് നയിക്കുകയാണ് ഭരണാധികാരികള്‍. വ്യവസായ ശാലകളും ബാങ്കുകളും കൃഷിയിടങ്ങളും കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഒരു കാരണവും ഇല്ലാതെ പെട്രോള്‍, ഡീസല്‍, പാചക വാതക ഇന്ധനങ്ങളുടെ വില റോക്കറ്റുപോലെ കുതിച്ചുയര്‍ന്നിട്ടും നികുതി കുറക്കാന്‍ തയ്യാറാകാതെ ജനങ്ങളെ കൊള്ളയടിക്കുകയാണവര്‍. കൊടും തണുപ്പിലും കര്‍ഷകര്‍ നടത്തുന്ന സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനും അവഗണിക്കാനുമാണ് ശ്രമിച്ചത്. ദ്രോഹമല്ലാത്ത മറ്റൊന്നും നല്‍കിയില്ലെങ്കിലും ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ച് സുഖമായി വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസം സഫലീകരിച്ച് കൊടുക്കാന്‍ വേണ്ടി വരിവരിയായി നിന്ന് വോട്ട് ചെയ്യുന്ന ജനങ്ങള്‍ മാറിച്ചിന്തിക്കാന്‍ തയ്യാറാകാത്തിടത്തോളം ഒരു മാറ്റവും ഉണ്ടാകില്ല.

രാജ്യം മുഴുവന്‍ ഉപയോഗിച്ച വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങളിലൂടെ കേരളത്തിലും ആധിപത്യം നേടാന്‍ സംഘ്പരിവാര്‍ കിണഞ്ഞുശ്രമിക്കുന്നു. സംഘ്പരിവാറിനെയും കോര്‍പറേറ്റ് അടിമയായ കേന്ദ്ര സര്‍ക്കാരിനെയും പ്രഹരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കേരളം കാണണം. ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് സീറ്റില്ല എന്ന് ഉറപ്പുവരുത്തി ആദ്യ ചോദ്യത്തിന് നാം ഉത്തരം നല്‍കണം.

ചോദ്യം രണ്ട് – കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത് ഇടതു സര്‍ക്കാരാണ്. എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ മാറിമാറിയാണിവിടെ ഭരിക്കുന്നത്. ഇത്രകാലമായിട്ടും എന്തുകൊണ്ടാണ് ദലിത്, പിന്നാക്ക, സ്ത്രീവിഭാഗങ്ങള്‍ക്ക് സാമൂഹ്യനീതി ലഭിക്കാത്തത്?

Vote for welfare partyഎല്‍.ഡി.എഫും-യു.ഡി.എഫും സാമൂഹിക നീതിയെ കുറിച്ച് മറുപടി പറഞ്ഞേ പറ്റൂ. സാമൂഹിക നീതി സ്ഥാപിക്കുക എന്ന പ്രധാന ചുമതല കയ്യൊഴിഞ്ഞ് നവോത്ഥാനത്തിന്റെ ആത്മാവിനെ ദുര്‍ബലപ്പെടുത്തി ജാതിമേധാവിത്വത്തെ സ്ഥാപിക്കാന്‍ ഭരണാധികാരം ഉപയോഗിക്കുകയാണ് മുന്നണികള്‍ ചെയ്തത്. പതിനായിരക്കണക്കിന് ജാതിക്കോളനികളിലേക്കും ശ്വാസം മുട്ടുന്ന ലക്ഷം വീടുകളിലേക്കും ദലിതരെ ആട്ടിപ്പായിച്ച് സ്വത്തും അധികാരവും കൈവശപ്പെടുത്തിയവര്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്ന ഭരണക്കാഴ്ചകള്‍ ഇനിയും കാണേണ്ടതുണ്ടോ എന്ന് ജനം ചിന്തിക്കണം. തലമുറകളുടെ ഭാവിയെ തന്നെ ഇല്ലാതാക്കുന്ന അനീതികള്‍ക്ക് പകരംകിറ്റ് തരാമെന്ന് പറയുന്നവര്‍ക്ക് വോട്ടില്ല എന്ന് പറയാന്‍ നാം പഠിക്കണം.

സാമ്പത്തിക സംവരണത്തിലൂടെ നടപ്പായത് സാമൂഹിക നീതിയുടെ അട്ടിമറിയാണ്. സാമ്പത്തിക പരാധീനത ഉള്ളവരെ സര്‍ക്കാര്‍ പരിഗണിക്കണം. പക്ഷേ, അതിന് സംവരണാശയത്തെ തകര്‍ക്കുകയല്ല വേണ്ടത്. സാമൂഹികവും ജാതീയവുമായ വിവേചനം അനുഭവിച്ചവരുടെ അവകാശം ഉറപ്പാക്കാനുള്ള നടപടിയാണ് സംവരണം. അതിനെ തകര്‍ക്കാന്‍ ജാതി ശക്തികളും സംഘ്പരിവാറും കൊണ്ടുവന്ന ആശയമാണ് സാമ്പത്തിക സംവരണം. എത്ര വേഗത്തിലാണ് കേരളത്തിലെ ഇടതുസര്‍ക്കാര്‍ അത് നടപ്പാക്കിയത്. ആര്‍.എസ്.എസ് അജണ്ടയായ സവര്‍ണ സംവരണത്തില്‍ സി.പി.എം പുലര്‍ത്തിയ ആവേശവും വെമ്പലും തകര്‍ത്തത് കീഴാള ജനതയുടെ അധികാരത്തിലേക്കുള്ള സഞ്ചാരത്തെയാണ്.ഈ ജനവഞ്ചനയില്‍ മറിച്ചൊരഭിപ്രായമില്ലാത്തകോണ്‍ഗ്രസ് സാമൂഹിക നീതിയിലുള്ള അവരുടെ പൊള്ളത്തരം വ്യക്തമാക്കി.

ഭൂപരിഷ്‌കരണം നടന്നുവെന്ന് വീമ്പിളക്കുന്ന കേരളത്തില്‍ ശവമടക്കാന്‍ പോലും ഒരു തുണ്ട് ഭൂമിയില്ലാത്ത ലക്ഷക്കണക്കിന് ഭൂരഹിത കുടുംബങ്ങളുണ്ട്. ഹാരിസണും ടാറ്റയും എ.വി.ടിയും പോലുള്ള കോര്‍പറേറ്റ് ഭൂമാഫിയ അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശം വെച്ചിരിക്കുന്നതായി രാജമാണിക്യം കമ്മീഷനടക്കം നിരവധി റിപ്പോര്‍ട്ടുകളുണ്ടെങ്കിലുംഅത് തിരിച്ച് പിടിക്കാന്‍ തയ്യാറാകാതെ കോടതികളില്‍ തോറ്റുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.തല ചായ്ക്കാന്‍ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന നെയ്യാറ്റിന്‍കരയിലെ രാജന്‍-അമ്പിളി ദമ്പതിമാരെയും സ്വന്തം പിതാവിന്റെ ശവമടക്കിന് തര്‍ക്ക ഭൂമിയില്‍ കുഴി വെട്ടേണ്ടിവന്ന മകന്റെ ചിത്രങ്ങളെയും സാക്ഷിനിര്‍ത്തി സാമൂഹിക നീതിയുടെ പക്ഷത്തുനിന്ന് ഈ തെരഞ്ഞെടുപ്പില്‍ ചോദ്യങ്ങളുന്നയിക്കണം. ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ ഓടിയൊളിക്കുന്നവരെ വകഞ്ഞ് മാറ്റി നീതിയുടെ രാഷ്ട്രീയത്തിന് ശക്തി പകരുമ്പോഴെ മാറ്റി നിര്‍ത്തപ്പെടുന്നവര്‍ക്ക് അന്തസ്സ് ലഭിക്കുകയുള്ളൂ.

സാമൂഹിക നീതിയുടെ പരിപാലനമാണ് നീതി നിര്‍വഹണ മേഖലയുടെ ചുമതല. കഴിഞ്ഞ അഞ്ചുവര്‍ഷം പിണറായി സര്‍ക്കാരിന്റെ പൊലീസ് നടപ്പാക്കിയത് സംഘ്പരിവാര്‍ നയമായിരുന്നു.കേരള ചരിത്രത്തിലാദ്യമായി വ്യാജ ഏറ്റുമുട്ടലിലൂടെഏട്ടുപേരെയാണ് പോലീസ് വെടിവെച്ചു കൊന്നത്. അതില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വംശീയ ലക്ഷ്യത്തോ ടെപ്രയോഗിക്കുന്ന ഭീകര നിയമമായ യു.എ.പി.എഇടതുസര്‍ക്കാര്‍ യഥേഷ്ടം ഉപയോഗിച്ചു. ഇടതുപക്ഷ വിദ്യാര്‍ഥി പ്രവര്‍ത്തകരടക്കംധാരാളം ചെറുപ്പക്കാര്‍ രാജ്യദ്രോഹികളായി തടവറകളിലായി.35 ലോക്കപ്പ് കൊലപാതകങ്ങളാണ് ഇക്കാലത്ത് കേരളത്തില്‍ അരങ്ങേറിയത്. ദലിതരും പിന്നാക്ക ജനവിഭാഗങ്ങളുമാണ് പൊലീസ് മര്‍ദനങ്ങളുടെ ഇരകളായി മാറിയത്. കാസര്‍കോട്ടെ റിയാസ് മൗലവിയുടെയും കൊടിഞ്ഞി ഫൈസലിന്റെയും ഘാതകര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കുകയും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ നിഷ്‌ക്രിയമായി മാറുകയുമാണ് പൊലീസ് ചെയ്തത്. സംഘ്പരിവാര്‍ ബന്ധം കാരണം കുപ്രസിദ്ധരായവരെ പൊലീസ് മേധാവിയും ഉപദേശകനുമാക്കിയ സര്‍ക്കാരാണിത്. പൗരത്വ പ്രക്ഷോഭത്തെ ഒറ്റുകൊടുത്ത് പോരാളികള്‍ക്കെതിരെ കേസെടുത്ത് ജയിലിലടച്ച് സംഘ്പരിവാറിനെ പ്രീണിപ്പിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. ഈ അനീതികളെ കേരളത്തിന്റെ തെരുവില്‍ ചോദ്യം ചെയ്തത് വെല്‍ഫെയര്‍ പാര്‍ട്ടിയായിരുന്നു.

ചോദ്യം മൂന്ന് – ഭരണ സംവിധാനങ്ങള്‍ അഴിമതി രഹിതവും സുതാര്യവുമായാണോപ്രവര്‍ത്തിക്കുന്നത്?

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന നിരവധി ഇടപാടുകള്‍ അങ്ങേയറ്റം ദുരൂഹവും അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നതുമാണ്. മന്ത്രിസഭയോ ജനാധിപത്യ സംവിധാനങ്ങളോ അറിയാതെ കണ്‍സെല്‍ട്ടെന്‍സികളും ഉപദേശകരുമടങ്ങുന്ന ഡീപ് സ്റ്റേറ്റാണ് ഭരിച്ചത്. സ്പിംഗ്‌ളര്‍ ഇടപാട്, ഇ-മൊബിലിറ്റി, ലൈഫ് പ്രോജക്റ്റ്, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ തുടങ്ങി നിരവധി ഇടപാടുകള്‍ അത്തരത്തിലുള്ളവയാണ്. സ്വര്‍ണക്കള്ളക്കടത്തിലും ഡോളര്‍ കടത്തിലുംനയതന്ത്ര ബന്ധങ്ങളുടെ ദുരപയോഗത്തിലും പ്രതി ചേര്‍ക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ്. ചോദ്യം ചെയ്തത് മനസാക്ഷി സൂക്ഷിപ്പുകാരനെയും. സ്പീക്കറടക്കം സംശയത്തിലായിരിക്കുന്നു. ഭരണ നിര്‍വഹണ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ന്നടിഞ്ഞിരിക്കുന്നു.

സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ പി.എസ്.സി നോക്ക് കുത്തിയായിരിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ എറ്റവും മുകളിലെത്തിയത് വഴിവിട്ട രീതിയിലായിരുന്നു. സി.പി.എം നേതാക്കളുടെ ഭാര്യമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശ്രിതര്‍ക്കും ഉന്നത തസ്തികകളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതി. സ്വര്‍ണ്ണക്കടത്ത് കേസിലെ മഖ്യപ്രതികളിലൊരാള്‍ യാതൊരു യോഗ്യതയുമില്ലാതെ ഉന്നത തസ്തികയിലിരുന്നു പ്രതിമാസം ലക്ഷത്തിലധികം രൂപ സര്‍ക്കാര്‍ ശമ്പളം വാങ്ങി. പിണറായി സര്‍ക്കാരിന്റെ അവസാന സമയം കേരളത്തിലെ തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ രൂക്ഷമായ രോഷത്തിന്റെ സാക്ഷ്യമായിരുന്നു.

കേരളത്തില്‍ സ്ത്രീ സുരക്ഷ എന്നത് സങ്കല്‍പം മാത്രമാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് അട്ടിമറിക്കുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്തതില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന് ഐ.പി.എസ്പദവി നല്‍കി ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പാലത്തായിയിലെ സ്ത്രീപീഡകനായ സംഘ്പരിവാര്‍ നേതാവിന് രക്ഷപ്പെടാനുള്ള പഴുതൊരുക്കി. ദലിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ സാമൂഹ്യ സുരക്ഷ അപകട നിലയിലാണ്. തല മുണ്ഡനം ചെയ്ത വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മതന്റെ മക്കളുടെ നീതിക്കുവേണ്ടി കരഞ്ഞു നിലവിളിച്ച് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ജാഥ സംഘടിപ്പിക്കേണ്ടിവരുന്ന ദയനീയ കാഴ്ച കേരളത്തിന്റെ കണ്ണ് തുറപ്പിക്കണം.

വോട്ടര്‍മാര്‍ ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍ അവസാനിച്ചിട്ടില്ല. ഈ സര്‍ക്കാര്‍ ജനകീയ സമരങ്ങളോട് പുലര്‍ത്തിയ നിഷേധാത്മകത, സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ ധ്രുവീകരണ യജ്ഞം, ഇസ്‌ലാമോഫോബിയ പ്രചാരണങ്ങള്‍, മലബാര്‍ മേഖലയിലെ വികസന മുരടിപ്പുകള്‍, വിഭവ വിതരണത്തിലെ അസമത്വങ്ങള്‍ അങ്ങിനെ വിരലുകള്‍ മതിയാകാത്തത്ര ചോദ്യങ്ങള്‍ ഉയര്‍ത്താനുണ്ട്. അപ്പോഴേ രാഷ്ട്രീയം സംശുദ്ധതയിലേക്ക് വരൂ. നമ്മുടെ നിശബ്ദതയില്‍ തിമിര്‍ത്ത് വളരുന്ന അനീതിയുടെ, അഴിമതിയുടെ പാഴ്മരങ്ങളെ പിഴുതെറിയാനാകൂ. ഇത്തരം അടിസ്ഥാനപരമായപ്രശ്‌നങ്ങളെനേരിടാന്‍ കേരളത്തിലെ പ്രതിപക്ഷത്തിനായില്ല എന്നുമാത്രമല്ല അവയില്‍പലതിലും സമാന മനസ്‌കരുമാണവര്‍.

സാമൂഹ്യ നീതിക്കായുള്ള ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇവിടെയാണ്. സംഘ്പരിവാറിനോട്, ജാതിമേധാവിത്വ ശക്തികളോട്, കോര്‍പറേറ്റ് ഭീമന്‍മാരോട്, ഭരണകൂട ഭീകരതയോട്, ജനദ്രോഹ ഭരണ നയങ്ങളോട് വിട്ട് വീഴ്ചയില്ലാതെ നിര്‍ഭയമായി പോരാടുന്ന രാഷ്ട്രീയ ശക്തി കൊണ്ട് മാത്രമേ നമുക്ക് നീതി സ്ഥാപിക്കാനാകൂ. കൊന്നും വെട്ടിയും ജനാധിപത്യത്തെയും പൗരാവകാശത്തെയും ഇല്ലാതാക്കുകയല്ല അനേകായിരങ്ങള്‍ക്ക് ജീവിതം സമ്മാനിക്കുന്ന ജീവന്റെ രാഷ്ട്രീയം.

അതെ, വെല്‍ഫയര്‍ പാര്‍ട്ടിക്ക് നിങ്ങള്‍ നല്‍കുന്ന വോട്ടുകള്‍ പാഴാവുകയില്ല. സാമൂഹിക നീതിയുടെ സാക്ഷാത്കരിക്കുന്നത്തിനുവേണ്ടിയുള്ള പോരാട്ടത്തെ അത് കൂടുതല്‍ ജ്വലിപ്പിക്കും. സാമൂഹിക ഉഛനീചത്വങ്ങളെ ഇല്ലാതാക്കാന്‍ അതിനാവും.Gas Cylinder our symbel

സാമൂഹ്യ നീതിക്ക് വെല്‍ഫെയറിനൊപ്പം.

പാര്‍ട്ടിയുടെ കഴിഞ്ഞ പത്തു വര്‍ഷംഉജ്ജ്വലവും ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രത്യാശ പകരുന്നതുമാണ്. പൗരത്വ പ്രക്ഷോഭത്തിലേക്ക് കേരളത്തെ വിളിച്ചുണര്‍ത്തി ജനകീയ ഹര്‍ത്താലിന് മുഖ്യ സംഘാടനം വഹിച്ച് പൗരത്വ പ്രക്ഷോഭത്തിന് നെടുനായകത്വം വഹിച്ച പാര്‍ട്ടിയാണ് വെല്‍ഫെയര്‍ പാര്‍ട്ടി.കേരളത്തിലെ ഭൂപ്രശ്‌നങ്ങളുടെ പരിഹാരത്തിന് സമഗ്ര ഭൂപരിഷ്‌കരണ നിയമം ബദലായി മുന്നോട്ടുവെച്ച കേരളത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടി. കേരളത്തിലെ ഭൂസമരങ്ങളെ ഒത്തുചേര്‍ക്കുന്ന കണ്ണിയാണ് ഇന്ന് വെല്‍ഫയര്‍ പാര്‍ട്ടി. പാര്‍ട്ടി നടത്തിയ പോരാട്ടത്തിലൂടെയാണ് കെ.എ.എസില്‍ സംവരണം നടപ്പാക്കാനായത്. സംവരണീയ സമൂഹങ്ങളെ വഞ്ചിക്കുന്ന പരമ്പരാഗത മുന്നണികള്‍ക്ക് മുമ്പില്‍ നെഞ്ച് വിരിച്ച് പോരാടുകയാണ് വെല്‍ഫെയര്‍ പാര്‍ട്ടി.

കേരളം സാക്ഷ്യം വഹിച്ച രണ്ട് പ്രളയങ്ങളിലും ഉരുള്‍പൊട്ടലുകളിലും ഓഖി അടക്കമുള്ള എല്ലാ ദുരന്ത സന്ദര്‍ഭങ്ങളിലും അനേകം തോട്ടം തൊഴിലാളികളെ ഇല്ലാതാക്കിയ പെട്ടിമുടി ദുരന്തത്തിലുംരക്ഷാപ്രവര്‍ത്തനത്തിലും സേവന പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി മുന്നിലുണ്ടായിരുന്നു. കോവിഡ് കാലത്തും കേരളത്തിലെമ്പാടും സന്നദ്ധ സേവകരായി പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിനിരന്നു.പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സൗജന്യ വിമാനമൊരുക്കിയും മടങ്ങിവരുന്നവര്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയും അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് കാലത്ത് സുരക്ഷയും ഭക്ഷണവും ഉറപ്പ് വരുത്തിയുംവിപുലമായ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നടത്തിയത്.പ്രവാസികളുടെ എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് പാര്‍ട്ടി മുന്നിലുണ്ട്.

സാമൂഹ്യനീതിയുടെയും ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയയമാണ് വെല്‍ഫയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്. ഈ രാഷ്ര്ട്രീയത്തെ ശക്തിപ്പെടുത്തേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. സാമൂഹ്യ നീതിക്ക് വെല്‍ഫെയറിനൊപ്പംഅണിചേരാന്‍ കേരളം സന്നദ്ധമാകണം. നീതി പുലരുന്ന, സുസ്ഥിരവും സന്തുലിതവുമായ വികസനത്തിലേക്ക് കേരളത്തെ നയിക്കാന്‍, ക്ഷേമ കേരളത്തിന്റെ നിര്‍മിതിക്കായിവെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സ്‌നേഹപൂര്‍വം അഭ്യര്‍ഥിക്കുന്നു.

അഭിവാദ്യങ്ങളോടെ,
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *